മലയാളത്തിന്റെ മഹാകവിക്കിനി ജ്ഞാനപീഠത്തിന്റെ നിറവ്. നിരുപാധിക സ്നേഹത്തിന്റെ അക്ഷരക്കൂട്ടിൽ ചാലിച്ച കവിതകളിലൂടെ കൈരളിയെ കമനീയമാക്കിയ മഹാകവി അക്കിത്തത്തിന് ഭാരതീയജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചു. സരസ്വതീ ദേവിയുടെ വെങ്കലശില്പവും പ്രശസ്തി പത്രവും പതിനൊന്ന് ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യ മേഖലയിൽ നൽകുന്ന ഏറ്റവും ഉയർന്ന അനൗദ്യോഗിക പുരസ്കാരമാണിത്. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഉടമകളായ സാഹു ജെയ്ൻ കുടുംബം സ്ഥാപിച്ച ജ്ഞാനപീഠം ട്രസ്റ്റാണ് പുരസ്കാരദാതാക്കൾ.
1965 ൽ മഹാകവി ജി ശങ്കരക്കുറുപ്പിലൂടെ കൈരളിയെ തേടിയെത്തിയ ഭാരതീയ ജ്ഞാനപീഠം പിന്നീട് എസ്.കെ പൊറ്റക്കാട്, തകഴി ശിവശങ്കരപ്പിള്ള , എം.ടി വാസുദേവൻ നായർ , ഒ.എൻ.വി. എന്നിവരിലൂടെയും മലയാളക്കര പുൽകിയിട്ടുണ്ട്. മലയാള സാഹിതിക്ക് ആറാം തവണയാണ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി യിലൂടെ ഈ സൗഭാഗ്യം കൈവരുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് കുമാരനല്ലൂരിൽ കവിയുടെ വീടായ ദേവായനത്തിൽ വച്ച് ഇന്നുച്ചയ്ക്ക് 12 മണിക്ക് നടന്ന ചടങ്ങിൽ ഓൺലൈനിൽ യോഗം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരസമർപ്പണം നിർവഹിച്ചു. മന്ത്രി എ.കെ. ബാലൻ ബഹുമതി അക്കിത്തത്തിന് കൈമാറി.
ജ്ഞാനപീഠം പുരസ്കാര സമിതി ചെയർപേഴ്സൻ പ്രതിഭാറായി, സമിതി ഡയറക്ടർ മധുസൂദനൻ ആനന്ദ്, എം.ടി വാസുദേവൻ നായർ, ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവർ ഒാൺലൈനായി കവിക്ക് ആശംസ നേർന്നു.
പുരസ്കാരം സ്വീകരിച്ച് അക്കിത്തത്തിന്റെ മകൻ വാസുദേവൻ മറുപടി പ്രസംഗം വായിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, അക്കാദമിസെക്രട്ടറി ഡോ. കെ.പി.മോഹനൻ, കവി പ്രഭാവർമ, മാടമ്പ് കുഞ്ഞുക്കുട്ടൻ, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പി.പി രാമചന്ദ്രൻ, പി.സുരേന്ദ്രൻ, വി.ടി.വാസുദേവൻ, പ്രഫ. എം.എം.നാരായണൻ, ആലങ്കോട് ലീലാകൃഷ്ണൻ, തൃത്താല എം.എൽ.എ വി.ടി ബൽറാം, ജ്ഞാനപീഠം പുരസ്കാരസമിതി പ്രതിനിധികൾ, കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ, സാംസ്കാരിക വകുപ്പ് സെക്രട്ടറി ആർ.സദാശിവൻനായർ, ജില്ലാകളക്ടർ ഡി.ബാലമുരളി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ആത്മാരാമൻ തയ്യാറാക്കിയ അക്കിത്തം അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന അക്കിത്തം – സചിത്രജീവചരിത്രം എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. മകനും ചിത്രകാരനുമായ വാസുദേവന്റെ ചിത്രങ്ങളടങ്ങിയ പുസ്തകം ഡൽഹിയിലെ പ്രസാധകരാണ് പുറത്തിറക്കുന്നത്..
…
…….നന്ദ………..