ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം യാഥാര്‍ത്ഥ്യമായ മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി പിണറായി വിജയന് നാളെ (ഒക്ടോബര്‍ 1) രാവിലെ 10.30ന് നാടിന് സമര്‍പ്പിക്കും. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന മത്സ്യബന്ധന വകുപ്പ് മന്ത്രി ഗിരിരാജ് സിങ് വിശിഷ്ടാതിഥിയാവും. ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. കേന്ദ്ര ഫിഷറീസ് വകുപ്പ് സ്റ്റേറ്റ് മന്ത്രി പ്രതാപ്ചന്ദ്ര സാരംഗി, റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, കേന്ദ്ര ഫിഷറീസ് വകുപ്പ് സെക്രട്ടറി രാജീവ് രഞ്ജന്‍, എം സി കമറുദ്ദീന് എംഎല്‍എ മുഖ്യാതിഥിയാവും. എംഎല്‍എമാരായ കെ കുഞ്ഞിരാമന്, എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ചീഫ് എഞ്ചിനീയര്‍ ബി ടി വി കൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനായാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്.
മഞ്ചേശ്വരത്തെ 22 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തീരമേഖലയില്‍ മത്സ്യലഭ്യതയും പ്രകൃതിദത്തമായ സൗകര്യങ്ങളും ഒത്തുചേര്‍ന്നതും മത്സ്യത്തൊഴിലാളി ആവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന് കിടക്കുന്നതുമായ പ്രദേശത്താണ് ഹാര്‍ബര്‍ ഉയര്‍ന്നിട്ടുള്ളത്. വര്‍ഷങ്ങളുടെ പഴക്കമുള്ള തൊഴിലാളികളുടെ ആവശ്യം യാഥാര്‍ത്ഥ്യമാക്കാന്‍ അനുമതിക്കായി 2011ലാണ് പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. 48.80 കോടി രൂപ അടങ്കല്‍ വരുന്ന പദ്ധതിക്ക് 2013ലായിരുന്നു 75ശതമാനം കേന്ദ്രസഹായത്തോടെ അംഗീകാരം ലഭിച്ചത്. 2014ല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ഇപ്പോഴാണ് ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമായത്. തുറമുഖം പ്രാവര്‍ത്തികമാവുന്നതോടെ പ്രദേശത്തെ 1200ലധികം മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായും 4800ലധികം പേര്‍ക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിപണനത്തിനും കയറ്റുമതിയിലും ഏര്‍പ്പെട്ട അനുബന്ധ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതിനും പദ്ധതി സഹായകമാവും.