വായനക്കരനെ ആവേശത്തോടെ വായിക്കുവാൻ പ്രേരിപ്പിക്കുന്ന രീതിയിൽ എഴുതാൻ കഴിയുക എന്നത്‌ ശ്രമകരമായ സംഗതിയാണു. ആ ശ്രമം വിജയിക്കുമ്പോഴാണു നല്ല രചനകൾ ഉണ്ടാകുന്നത്‌. ബ്രാഹ്മിൺ  മൊഹല്ല എന്ന നോവലിലൂടെ പ്രീയമിത്രം സലീം അയ്യനേത്ത്‌ അതിൽ വിജയിച്ചിരിക്കുകയാണ്. വായനക്കാരനു ആവേശവും, ആകാംക്ഷയും, കൗതുകവും നിരാശയും സന്തോഷവുമെല്ലാം യഥാസമയം സമ്മാനിക്കുന്ന മനോഹരമായ എഴുത്താണു ഈ നോവലിലൂടെ നോവലിസ്റ്റ്‌ നമുക്ക്‌ സമ്മാനിക്കുന്നത്‌. നോവലിന്റെ ആദ്യ പേജിൽ നമ്മുടെ മനസിലേക്ക്‌ പടരുന്ന ആകാംക്ഷ അവസാന പേജുവരെയും അതേപടി നിലനിർത്താൻ എഴുത്തുകാരനായി എന്നത്‌ സന്തോഷം നൽകുന്ന വസ്തുതയാണു.


    അറവുകാരന്റെ തിളങ്ങുന്ന കത്തിക്കും ബലി മൃഗങ്ങളുടെ സ്വപ്നങ്ങൾക്കുമിടയിൽ എഴുതാൻ വിട്ടുപോയ ഓരോ പ്രണയാക്ഷരങ്ങൾക്കും സമർപ്പണം അർപ്പിച്ചുകൊണ്ട്‌ നോവൽ ആരംഭിക്കുമ്പോൾ, ഒരു പ്രണയ കഥ വായിക്കാനുള്ള മനസോടെയാണു നോവലിനെ സമീപിക്കുന്നതെങ്കിലും ഇതൊരു പ്രണയ കഥയല്ലാ, എന്നാൽ പ്രണയത്തിന്റെ പലതലങ്ങളും നമുക്കീ നോവലിൽ കാണാൻ സാധിക്കും. ഷമീം എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവ പരമ്പരകളിലൂടെയാണു കഥ മുന്നേറുന്നത്‌.


    മതത്തിന്റെ അതിർ വരമ്പുകളെയെല്ലാം ഭേദിച്ചുകൊണ്ടുള്ള ഷമീമിന്റേയും കൃഷ്ണപ്രീയയുടേയും പ്രണയം ചാമക്കടവിൽ പരസ്യമായി തന്നെ തഴച്ചുവരുമ്പോഴാണു ബാബറിമസ്ജിദ്‌ തകർക്കപ്പെടുന്നത്‌. “തകർക്കാൻ പാടില്ലാത്തത്‌ തകർന്നു മോനേ” എന്ന് ബാബറിമസ്ജിദിന്റെ തകർച്ചയെ ഉദ്ധരിച്ചുകൊണ്ട്‌ അപ്പുമാഷ്‌ പറയുമ്പോൾ, ആ തകർച്ച തന്റെ പ്രണയത്തിന്റെ കൂടി തകർച്ചായി മാറുമെന്ന് ഷമീം ഓർത്തിരുന്നില്ലാ. തുടർന്ന്, അവരുടെ പ്രണയത്തെ സമൂഹം മതത്തിന്റെ വേലിക്കെട്ടുകൾ കൊണ്ട്‌ വേർ തിരിക്കുന്നു. “നിന്നെ എന്നും ഇങ്ങിനെ ചന്ദനക്കുറിയിട്ട്‌ തുളസിക്കതിർ ചൂടി കാണുന്നതാണെനിക്കിഷ്ടം” എന്ന് പറഞ്ഞ്‌ കൊണ്ട്‌ പ്രണയിച്ച ഷമീമിന്റെ പ്രണയത്തെപ്പോലും ലവ്‌ ജിഹാദ്‌ ആക്കി മാറ്റുവാൻ സമൂഹത്തിനു അധിക സമയം വേണ്ടിവന്നില്ലാ. പ്രണയം എങ്ങിനെയാണു ലവ്‌ ജിഹാദിന്റേയും ഭീകരതയുടേയും ഭാഗമാകുന്നതെന്നതിനുള്ള ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായി ഷമീം അവരെ തന്നെ അവതരിപ്പിക്കുമ്പോൾ തോറ്റുപോയത്‌ അവരുടെ പ്രണയമായിരുന്നില്ലാ, നമ്മുടെ സമൂഹമായിരുന്നു.


     തന്റെ പ്രണയ പരാജയം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കരകയറാൻ വേണ്ടിയാണു സുഹൃത്തായ സുധീപിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട്‌ ഒരു സ്കൂൾ അധ്യാപകനായി ഷമീം ശ്യാംലിയിലേക്ക്‌ പുറപ്പെടുന്നത്‌. ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ വിദ്യാർത്ഥികളുടെ പ്രീയപ്പെട്ട അധ്യാപകനായി മാറുവാൻ ഷമീമിനു കഴിഞ്ഞത്‌ ഷമീമിലെ അധ്യാപകന്റെ മഹത്വമൊന്നുകൊണ്ടുമാത്രമായിരുന്നു. തന്റെ മുഖത്ത്‌ സ്ഥായിയായി നിലനിന്നിരുന്ന ആ പുഞ്ചിരിയിലൂടെ വിദ്യാർത്ഥികൾക്ക്‌ ഒരു പോസിറ്റീവ്‌ എനർജ്ജി പകർന്നുകൊടുക്കുവാൻ ഷമീമിലെ അധ്യാപകനു കഴിഞ്ഞു.  അധ്യാപകനോട്‌ ആരാധന തോന്നി അവനിലേക്കടുക്കുന്ന ഷീൽരൂപയെന്ന വിദ്യാർത്ഥിയോട്‌ ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ട്‌ ഇടപെടുന്ന ഷമീം ഇന്നത്തെ അധ്യാപകർക്കൊരു മാതൃകകൂടിയാണു.


    സ്കൂളിലെ തന്റെ സഹപ്രവർത്തകയും, ഒരു കുഞ്ഞിന്റെ അമ്മയുമായ ഷെർളിയുമായുള്ള ഷമീമിന്റെ അടുപ്പം പ്രണയത്തിന്റേയും രതിയുടേയും വേറൊരു തലത്തിലേക്ക്‌ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. തന്റെ  സുഹൃത്തായ സുധീപിന്റെ സന്തോഷത്തിനുവേണ്ടി തന്റെ സുഖവും സന്തോഷവുമെല്ലാം ഷമീം പലപ്പോഴും ഉപേക്ഷിക്കുമ്പോൾ അവനിൽ നല്ലൊരു സുഹൃത്തിനെക്കൂടി ദർശ്ശിക്കാൻ നമുക്കാവുന്നു.

അപ്രതീക്ഷിതമായുണ്ടാകുന്ന ഷെർളിയുടെ കൊലപാതകം ഷമീമിന്റെ ജീവിത ദുരന്തങ്ങൾക്ക്‌ തിരികൊളുത്തുവാൻ പോന്നതായിരുന്നു. ഷെർളിയുടെ കൊലപാതക കുറ്റവും ഭീകര പ്രവർത്തനവും ആരോപിച്ച്‌ ഷമീം അറസ്റ്റ്‌ ചെയ്യപ്പെടുമ്പോൾ, അവൻ ഒരു പുതുജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വച്ചിട്ട്‌ ഒരാഴ്ചപോലും തികഞ്ഞിട്ടുണ്ടായിരുന്നില്ല.. ഇതിനോടകം തന്നെ ഡൽഹിയിലെ അറിയപ്പെടുന്നൊരു ജേർണ്ണലിസ്റ്റായി  മാറിക്കഴിഞ്ഞിരുന്ന കൃഷ്ണപ്രീയ തന്റെ പൂർവ്വ കാമുകനെ രക്ഷിക്കാനായ്‌, ബന്ധുകൂടിയായ വിഷ്ണു പ്രസാദ്‌ എന്ന പോലീസുദ്യോഗസ്ഥനോടൊപ്പം ചേർന്ന്  നടത്തുന്ന ശ്രമങ്ങളിലൂടെയാണു കഥ പുരോഗമിക്കുന്നത്‌.


     ഷമീം തന്റെ ജീവിത കഥ വിഷ്ണു പ്രസാദിനോട്‌ പങ്കുവയ്ക്കുന്ന രീതിയിലാണു കഥയുടെ മുന്നോട്ടുള്ള പോക്ക്‌.  ആ യാത്രയിലൂടെ നമ്മെ വായനയുടെ രസകരമായ ഒരു ലോകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോകാൻ കഥാകാരനു കഴിഞ്ഞു എന്ന് നിസംശയം പറയാം. വായനയിൽ ഓരോ കഥാപാത്രങ്ങളേയും  പരിചിതമുഖങ്ങളെപ്പോലെ നമ്മളിലേക്കെത്തിക്കാൻ കഴിഞ്ഞു എന്നതിൽ കഥാകൃത്തിനഭിമാനിക്കാം. എഡിറ്റിംഗിലുണ്ടായ ചില പാകപ്പിഴകളൊഴിച്ചാൽ, സമയം അനുവദിച്ചാൽ ഒറ്റ ഇരുപ്പിൽ തന്നെ വായിച്ച്‌ തീർക്കാൻ പ്രേരിപ്പിക്കുന്ന, ഇന്നിന്റെ കാലത്ത്‌  വായിക്കപ്പെടേണ്ട മനോഹരമായൊരു നോവൽ.

അഭിലാഷ്‌ മണമ്പൂർ

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനടുത്ത്‌ മണമ്പൂർ സ്വദേശം. വായന ഇഷ്ട വിനോദം. ഇപ്പോൾ കുടുംബവുമൊത്ത്‌ ഷാർജ്ജയിൽ താമസിക്കുന്നു.ഭാര്യ: അരുണ അഭിലാഷ്‌മക്കൾ : ആദിനാഥ്‌ & ആദിദേവ്‌