കോട്ടയം: അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കൊടുവിൽ ജോസ് കെ. മാണി ആ രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പം. എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.
ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയിൽനിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും എൽ.ഡി.എഫ്. മുന്നണി പ്രവേശനം പ്രഖ്യാപിക്കവേ ജോസ് കെ. മാണി വ്യക്താക്കി. എം.എൽ.എമാർ ഉൾപ്പെടെ മാണിക്കൊപ്പം നിന്നവരെ കോൺഗ്രസ് അപമാനിച്ചു. ഒരു ചർച്ചയ്ക്ക് പോലും കോൺഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാൻ ഒരു ഫോർമുല പോലും മുന്നോട്ട് വെച്ചില്ല.
പാർട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. കോൺഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ. മാണി ആരോപിച്ചു.
രാവിലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗം ആദ്യം എൽ.ഡി.എഫിനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിച്ചു. ഒൻപത് മണിയോടെയാണ് പാർലമെന്ററി പാർട്ടി യോഗം ചേർന്നത്. തോമസ് ചാഴിക്കാടൻ എം.പി., റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നീ എം.എൽ.എമാരുമാണ് ജോസ് കെ. മാണിയെ കൂടാതെ യോഗത്തിൽ പങ്കെടുത്തത്.
തുടർന്ന് പിതാവ് കെ.എം. മാണിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ചു. 9.40-ഓടെ പാർട്ടി ആസ്ഥാനത്തേക്ക് ജോസ് കെ. മാണിയും നേതാക്കളും തിരിച്ചു. കോട്ടയത്ത് ചേർന്ന നേതൃ യോഗത്തിന് ശേഷമാണ് ജോസ് കെ. മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ധാരണപ്രകാരം ജോസഫ് പക്ഷത്തിന് വിട്ടുകൊടുക്കണമെന്ന ആവശ്യവും അങ്ങനെയൊരു ധാരണയില്ലെന്ന് പറഞ്ഞ് അതിന് വഴങ്ങാതെ വന്നതോടെ തുടങ്ങിയ ഭിന്നതയാണ് ഇപ്പോൾ ജോസിനെയും കൂട്ടരേയും എൽ.ഡി.എഫിൽ എത്തിച്ചിരിക്കുന്നത്. മധ്യതിരുവതാംകൂറിൽ പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗത്തിനിടയിൽ ജോസിന്റെ വരവ് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ജോസിനെ ഒപ്പം കൂട്ടാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.
തർക്കമുള്ള പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തിൽ സി.പി.എം. ഇടപെട്ട് സമവായമുണ്ടാക്കുമെന്ന് ജോസ് കെ. മാണിക്ക് ഉറപ്പ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. .പാല സീറ്റ് ജോസ് കെ. മാണിക്ക് തന്നെയാണെന്നാണ് ലഭിക്കുന്ന സൂചനകൾ,
അതേസമയം, പാലാ സീറ്റിന്റെ കാര്യത്തിൽ മാണി സി. കാപ്പൻ നിലപാട് കടുപ്പിച്ചത് ഇടത് ചേരിയിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കും. 15 വർഷത്തെ രാഷ്ട്രീയ പോരാട്ടത്തിന് ഒടുവിലാണ് പാലാ സീറ്റ് പിടിച്ചെടുത്തതെന്നും അതിനാൽ വിട്ടുകൊടുക്കാനാവില്ലെന്നും മാണി സി. കാപ്പൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.