പ്രതീക്ഷിക്കരുതാരെയും 
നിനക്ക് പിറകെ ഒറ്റയാനുണ്ടാവില്ല !!
പൊടിക്കാറ്റു പോലെയോ ,
കടലിരമ്പമായോ 
അവര്‍ വരും പോകും …..!!

നീ 

മണല്‍ക്കൂനകളില്‍ നിന്ന്
പുഴയെ കണ്ടെത്തേണ്ടവന്‍ .!!
ചാരത്തില്‍ നിന്ന്
കനല്‍ ചൂടറിയേണ്ടവന്‍

പൊഴിഞ്ഞൊരു തൂവലില്‍ നിന്ന്
കാട്ടുരാജാവിന്റെ രാജ്യത്തേയോ ,
ചിറകുമുറിഞ്ഞ കിളിക്കുഞ്ഞിനെയോ
വേര്‍തിരിക്കേണ്ടവൻ!!

വാള്‍ത്തലപ്പുകളിലെ
ചോരയുള്ള
കിണറുകളെക്കുറിച്ച്
വരും തലമുറയോട്
ഉറക്കെ പറയേണ്ടവന്‍

ഒരു നിലവിളിയില്‍ നിന്ന്
അമ്മ പെങ്ങന്മാരെ ,
ആണ്‍പെണ്‍ ഭേദങ്ങളെ
ഇളക്കിയെടുക്കേണ്ടവന്‍

ഏകാന്തതയെന്ന മരത്തില്‍
മൗനമെന്ന കൂട്ടില്‍ വസിക്കുക !!
മൂങ്ങയുടെ കണ്ണുകളും
നായയുടെ
ഘ്രാണശക്തിയുമുള്ളവനാകുക…

ഇലപൊഴിച്ച മരത്തില്‍
വസന്തത്തെ തിരയുക !!
ചലനവേഗങ്ങളെ
വാല്‍മീകത്തിലടയ്ക്കുക !!

ക്രിസ്തുവിനെയെന്നപോലെ
അവര്‍ നിന്നെ നോക്കും
“ഇവനാ തച്ചന്റെ മകനല്ലേ ?”
കൃഷ്ണനെയെന്നപോലെ പുച്ഛിക്കും
“വെറുമൊരു കാലിച്ചെറുക്കന്‍”

നിനക്ക് ബുദ്ധന്റെ മൗനമണിയാം
നാറാണത്ത്‌ ഭ്രാന്തനെപ്പോലെ
ജീവിതത്തെ ഉരുട്ടിവിടാം ..
കൈവശമൊന്നു മില്ലെങ്കില്‍
നഷ്ട ഭയമെന്തിന്?

എന്റെ വാക്കുകള്‍
ഫണം വിടര്‍ത്തി
നിങ്ങളോടു ചീറ്റിയെങ്കില്‍
ക്ഷമിക്കുക ..!!
പണ്ടെന്നോ കാടു കേറിയ
പൂച്ചയാണ് ഞാന്‍
പുലിയുടെ കാല്‍ പാടുകളായി
തോന്നിക്കുന്നുവെന്നേയുള്ളൂ ..!!!
…ഇസബെൽ ഫ്ലോറ…