ആറ്റിങ്ങൽ: ഇത്തവണയും ആറ്റിൽ ഗവ. കോളേജിലെ വിളവെടുപ്പിന് നൂറ് മേനി. കൊവിഡിനും, ലോക്ക്ഡൗണിനുമൊന്നും കാർഷിക സംസ്കാരത്തെ പിന്നോട്ട് അടിക്കാൻ കഴിയില്ലെന്ന മാതൃക കാട്ടിയിരിക്കുകയാണ് ആറ്റിങ്ങൽ ഗവ. കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ വിളവെടുപ്പ്.
തുടർച്ചയായി രണ്ടാം വർഷമാണ് ഇവിടെ നെൽക്കൃഷിക്ക് നൂറ് മേനി വിളവ് ലഭിക്കുന്നത്. ഉമയിനത്തിൽ പെടുന്ന നെല്മണികൾ ആണ് ഈ വർഷം കൃഷിക്കായി ഉപയോഗിച്ചത്. കഴിഞ്ഞ വർഷം വിദ്യാർത്ഥികളുടെ മുഴുവൻ പങ്കാളിത്തം ഉണ്ടായിരുന്നെങ്കിൽ ഇത്തവണ കൊവിഡ് പ്രതിസന്ധി കാരണം വളരെ കുറച്ചു വിദ്യാർത്ഥികളും തൊഴിലാളികളും ചേർന്നാണ് വിളവിറക്കിയത്. കോവിഡ് മഹാമാരി സമയത്തും മനുഷ്യകുലത്തിനെ നിലനിർത്തുന്ന മണ്ണിനേയും കർഷകരെയും ഹൃദയത്തോട് ചേർത്തുപിടിക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ കൂട്ടായ പ്രയത്നം വിളിച്ചോതുന്നത്. കോളേജിലെ എൻ സ് സ് യൂണിറ്റുകൾക്ക് ഒപ്പം സർക്കാർ സംവിധാനം, അധ്യാപക -അനധ്യാപക, പി ടി എ യുടെയും കൂട്ടായ ശ്രമഫലമായി കോളേജിലെ വയൽ ഭൂമിയിൽ നൂറ് മേനി വിളയിക്കാനായി.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടന്ന വിളവെടുപ്പ് മുൻ പ്രിൻസിപ്പൽ ഡോ. വി. മണികണ്ഠൻ നായരും കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ ജോണും ചേർന്ന് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സരുൺ എസ്. ജി., കെ. ഗോപകുമാർ എന്നിവർ കൊയ്ത് ഉത്സവത്തിനു നേതൃത്വം നൽകി. കൗൺസിലറും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. പ്രിൻസ് രാജ്, പൂർവ്വ വിദ്യാർത്ഥി സംഘടനയായ നൊസ്റ്റാൾജിയയുടെ ട്രഷറർ ശ്രീ. എസ്. സാജൻ , അധ്യാപകർ, അനധ്യാപകർ, എൻ എസ് എസ് വോളന്റീർസ് തുടങ്ങിയവർ പങ്കെടുത്തു.
; ആറ്റിങ്ങൽ ഗവ. കോളേജിൽ നടന്ന കതിരോത്സവം മുൻപ്രിൻസിപ്പൽ ഡോ. മണികണ്ഠൻ നായർ, പ്രിൻസിപ്പൽ ഡോ. സുനിൽ ജോൺ എന്നിവർ ചേർന്നു ഉദ്ഘാടനം ചെയ്യുന്നു