എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും ആയ പി ബിജു അന്തരിച്ചു. 43 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടി ആയിരുന്നു അദ്ദേഹം.
2009 ല്‍ ആയിരുന്നു പി ബിജു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ബിജുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളം ഇപ്പോള്‍.
ഒക്ടോബര്‍ 21 ന് ആയിരുന്നു പി ബിജുവിന് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് പത്ത് ദിവസനത്തിന് ശേഷം കൊവിഡ് നെഗറ്റീവ് ആയി. എന്നാല്‍ പ്രമേഹവും രക്തസമ്മര്‍ദ്ദവും സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കി. വൃക്കകള്‍ പ്രവര്‍ത്തനരഹിതമായതോടെ ഒരാഴ്ചയായി ഡയാലിസിസ് ചെയ്തുവരികയായിരുന്നു. നവംബര്‍ 3 ന് രാവിലെ 8.15 ഓടെയാണ് ഹൃദയാഘാതം ഉണ്ടായത്.
വിദ്യാര്‍ത്ഥി, യുവജന മുന്നേറ്റങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിച്ച ആളാണ് പി ബിജു. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലെ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. യുവജനക്ഷേമ ബോര്‍ഡിലും വ്യത്യസ്തങ്ങളായ പരിപാടികളുമായി പി ബിജു സജീവമായിരുന്നു. ഒക്ടോബർ 23 ന് ആയിരുന്നു യുവജന ക്ഷേമ ബോർഡുമായി ബന്ധപ്പെട്ട് ബിജുവിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്
പി ബിജുവിനൊപ്പം സംഘടനാ പ്രവര്‍ത്തനം നടത്തിയിരുന്ന പലരും പിന്നീട് പാര്‍ലമെന്ററി രംഗത്തേക്ക് മാറിയെങ്കിലും ബിജു സംഘടനാ പ്രവര്‍ത്തന രംഗത്ത് തന്നെ തുടരുകയായിരുന്നു. ഇപ്പോഴത്തെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം, പി ബിജു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു.
ചാനല്‍ ചര്‍ച്ചകളിലും പി ബിജു സജീവ സാന്നിധ്യമായിരുന്നു. സൗമ്യമായ ഇടപെടലുകള്‍ ആയിരുന്നു ബിജുവിനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. കേരളത്തില്‍ സിപിഎം വിഭാഗീയത കൊടികുത്തി നിന്ന കാലത്തായിരുന്നു ബിജു എസ്എഫ്ഐയുടെ അമരത്തെത്തുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ വിഭാഗീയത എസ്എഫ്ഐ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ, എല്ലാവരേയും ഒരുമിച്ച് നിര്‍ത്താനും ബിജുവിന് സാധിച്ചിരുന്നു
സമൂഹ്യ മാധ്യമങ്ങളിൽ ബിജുവിന്റെ മുഖം മാത്രമാണ് ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സമൂഹം.
ഭാര്യയേയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളേയും ഒറ്റയ്ക്കാക്കിക്കൊണ്ടാണ് ബിജു വിട വാങ്ങുന്നത്. അച്ഛൻ : പ്രഭാകരൻ, അമ്മ: ചന്ദ്രിക, ഭാര്യ: ഹർഷ, മക്കൾ: നയൻ (4), വാവക്കുട്ടൻ (1)