ഇന്നലെ
************
അടര്‍ന്നുവീണ നാളിലകളില്‍
കുറിച്ചതെല്ലാം നിണമാര്‍ന്ന ഇന്നലെകള്‍

നിറം മങ്ങിയ ബാല്യകൗമാരങ്ങള്‍,
പുസ്തകത്താള്‍ തീര്‍ത്ത കോട്ടകള്‍ക്കുള്ളില്‍
മാനം കാണാത്ത
മയിൽ‌പ്പീലിയായ് വിറച്ചു

പിന്നിട്ട നാൾ‌വഴികളിലെനിക്കായ്
പാഥേയമൊന്നും കരുതി വെച്ചീല കാലം

ഇന്ന്
*******
ഞെട്ടറ്റു വീഴാത്ത ഇന്നിന്റെ ഇലകളില്‍
വരച്ചിട്ട ചിത്രത്തില്‍ കൈയ്യൊപ്പ് ചാര്‍ത്താതെ
ചിതല്‍ കാര്‍ന്ന തൂണിന്റെ ഇരുളാര്‍ന്ന നിഴലില്‍
കണ്ണീരിലലിയാത്ത രാഗങ്ങളോ
താളം മറക്കാത്ത ചിലങ്കയോ തേടി
ഇടയ്ക്കൊക്കെ കരഞ്ഞും
പിന്നെ  ചിരിച്ചും
വിധിയുടെ മാറാപ്പുമേറ്റി ഞാനിരുന്നു

ഇരുള്‍‌ പടർന്ന നിനവിന്റെയുമ്മറ–ക്കോലായില്‍‌
സ്നേഹത്തിനന്തിത്തിരി വെച്ച മോഹം
പടിപ്പുരവാതിലടയ്ക്കാ-തെയെങ്ങോ
അത്താഴമുണ്ണാത്ത ജീവിതം തിരഞ്ഞു പോയ്

ആഴിയായ് പകർന്നൊരെൻ സ്നേഹത്തെ
അണകെട്ടിയകറ്റിയ കൈയ്യാൽ
നഷ്ടസ്നേഹത്തിൻ സൌധം പണിതതിൽ
വാക്കിന്റെ ശരശയ്യ തീർത്ത്
കൃഷ്ണായനം കാത്ത് കിടപ്പാണു പ്രണയം..

മാനം പണയം വെച്ച പകിടക്കളത്തിൽ
കുതന്ത്രത്തിൻ കുരുക്കളെറിഞ്ഞു
തീ തുപ്പുന്നുണ്ട് പേ പിടിച്ച പൈതൃകം.

നാളെ
********************
പ്രതീക്ഷ തന്‍ നാളെകള്‍ വിടരുവാന്‍ വെമ്പവേ
കാത്തു നില്‍ക്കുന്നീല കാലവും ഞാനും

മനസ്സു മുറിഞ്ഞൊലിച്ച ചോരച്ചാലിൽ
ഇനി ഇതിഹാസങ്ങൾ രചിക്കാതിരിക്കണം

വഴിമദ്ധ്യേ യാത്ര പിരിയുന്നു ഞാൻ
ജന്മഗേഹമേ….പ്രജ്ഞ മറന്നിട്ട തീരവും തേടി..

മരവുരിയൊരുക്കി കാലം കാത്തിരിക്കുന്നു

നെഞ്ചിൻ‌കൂട്ടിലെ കിനാപ്പക്ഷികൾക്കിനി ദേശാടനം

മൌനതപമാർന്നോളുക മനസിന്റെ തീരമേ
ആരോ വരച്ചിട്ട ഓർമ്മച്ചിത്രങ്ങളെ
മറവി തൻ തിരയെടുക്കാൻ….

കുടഞ്ഞെറിയൂ കവിൾത്തടങ്ങളേ,
നിങ്ങളെപ്പുണരുമീ കണ്ണീർക്കണങ്ങളെ!

കാലം കാത്തുവച്ച മരവുരിയിനി അണിയാം
ഇന്നലെയുടെ നഷ്ടങ്ങളെ ഇന്നിലലിയിക്കാം

നാളെയുടെ നിയോഗങ്ങള്‍ തിരഞ്ഞിനി യാത്ര

മൈഥിലീ..ഇനി നിനക്ക് വാനപ്രസ്ഥം
ശ്രീദേവി വർമ്മ