*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*
*വാവരെ തന്റെ കർമ്മ പന്ഥാവിലെത്തിക്കുകയെന്നത് മണികണ്ഠന്റെ ധർമ്മമാണല്ലോ.*
 അതിനാൽ,  യുദ്ധം ചെയ്യാൻ  തനിക്ക് തീരെ താല്പര്യമില്ല.  മാത്രവുമല്ല ഹിംസ ഇഷ്ടമുള്ള കാര്യവുമല്ലെന്നും  വാവരോട് കീഴടങ്ങുകയാണ് നല്ലതെന്നും മണികണ്ഠൻ  പറഞ്ഞു.  പക്ഷേ വാവർ ബാലനായ നീ അച്ഛനമ്മമാരുടെ സമീപത്തേയ്ക്ക് മടങ്ങിപ്പോകണമെന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. 
കുട്ടികളോടുള്ള സ്നേഹമാണ് വീണ്ടും തന്നെ പിൻതിരിപ്പിക്കാൻ വാവരെ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമായ കുമാരൻ  പുഞ്ചിരി തൂകിക്കൊണ്ട്,  കീഴടങ്ങാൻ തയ്യാറല്ലെങ്കിൽ നിരപരാധികളായ നമ്മുടെ സൈന്യങ്ങളെ ഒഴിവാക്കിയിട്ട് നമുക്കു തമ്മിൽ നേരിടാമെന്നും വാവരെ പരാജയപ്പെടുത്തിയതിനു ശേഷം മാത്രമേ താൻ മടങ്ങി പ്പോവുകയുള്ളുവെന്നും വാവരോട് പറഞ്ഞു.
 ഒരു തമാശ കേട്ടതുപോലെ പൊട്ടിച്ചിരിച്ചുകൊണ്ട്,  ചെറിയ ബാലനായ നീ ഈ പരാക്രമിയോടെതിരിട്ടാൽ നിനക്ക് മരണം നിശ്ചയമാണെന്ന് വളരെ കർശനമായി വാവർ മണികണ്ഠനോടറിയിച്ചു. ഒപ്പം ബാലനെ നിഗ്രഹിച്ചുവെന്ന പേരുദോഷം തനിക്കുണ്ടാകേണ്ടെന്ന ചിന്തയും വാവരെ അലട്ടിയിരുന്നു. 
 സ്വന്തം കഴിവിലുള്ള വിശ്വാസം നല്ലതുതന്നെ. വാക്കുകളേക്കാൾ നല്ലത് പ്രവൃത്തിയാണെന്ന കുമാരന്റെ വാക്കുകൾ കേട്ട്  വാവർ യുദ്ധത്തിനൊരുങ്ങി.അതിശക്തന്മാരെ നിഷ്പ്രയാസം കീഴടക്കിയ തനിക്ക് മണികണ്ഠന്റെ മുന്നിൽ അഭ്യാസങ്ങളും തന്ത്രങ്ങളുമൊന്നും വിലപ്പോകുന്നില്ലെന്നു കണ്ട്,  ഭവാനൊരിയ്ക്കലും സാധാരണ ബാലനല്ലെന്നും പല രാജാക്കന്മാരെ തോല്പിച്ച തന്നെ നിഷ്പ്രയാസം കീഴ്പ്പെടുത്തിയ അങ്ങാരാണെന്ന് ദയവായി അരുളിച്ചെയ്താലുമെന്ന വാവരുടെ വാക്കുകൾ കേട്ട് സദാ കളിയാടുന്ന പുഞ്ചിരിതൂകിയ മണികണ്ഠൻ, അതൊക്കെ വഴിയെ താങ്കൾ മനസിലാകുമെന്നും ഇപ്പോൾ പാപകർമ്മങ്ങളായ അക്രമം വെടിഞ്ഞ് ശേഷിക്കുന്ന കാലമത്രയും സൽക്കർമ്മങ്ങൾ ചെയ്തു ജീവിക്കുകയെന്നും, താങ്കളുടെ ജീവിത സാഹചര്യങ്ങളാണ് പാപങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും അരുൾ ചെയ്തു.
തൊഴുകൈകളോടെ കുമാരന്റെ വാക്കുകൾ കേട്ട വാവർ അങ്ങയുടെ ദാസനായി വർത്തിക്കാൻ അനുവാദം നൽകണമെന്ന് അപേക്ഷിച്ചു .
സമയമാകുമ്പോൾ തന്റെ സമീപത്തേക്ക് വിളിപ്പിക്കുമെന്നും അടുത്തു തന്നെ സ്ഥിരമായി അങ്ങേയ്ക്കൊരു സ്ഥാനവും നൽകാമെന്ന മണികണ്ഠ വചനങ്ങൾ കേട്ട് വാവർ ആനന്ദ സാഗരത്തിലാറാടി, വാവരെ അനുഗ്രഹിച്ച ശേഷം സൈന്യസമേതം മണികണ്ഠൻ കൊട്ടാരത്തിലേയ്ക്കു യാത്രയായി.
കടൽക്കൊള്ളക്കാരനെ കീഴടക്കിയ അത്ഭുതവാർത്തയറിഞ്ഞ പന്തളരാജ്യത്തിനാകെ മണികണ്ഠനോടുള്ള വാത്സല്യം  വർദ്ധിച്ചു കൊണ്ടിരുന്നു.
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും….

*സുജ കോക്കാട്*