*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

 ലക്ഷ്മീ ദേവിയുടെ അംശാവതാരമായിരുന്ന ലീല എന്ന  മുനികന്യക ഗാലവ മഹർഷിയുടെ പുത്രിയായിരുന്നു. തത്വജ്ഞാനിയായിരുന്ന ഗാലവമഹർഷി ലീലയെ വിഷ്ണുവിന്റെ അംശാവതാരമായിരുന്ന ദത്താത്രേയനു വിവാഹം ചെയ്തു കൊടുത്തു. 
ഒരിയ്ക്കൽ കാർത്ത്യവീരാർജ്ജുന നഗരിയായ മാഹിഷ്മതിയിലേയ്ക്ക് നാരദമഹർഷി എത്തിച്ചേരുകയുണ്ടായി. നാരദരെ യഥാവിധി പൂജിച്ച് ആദരിച്ച ശേഷം, ലോക സുഖങ്ങളും മോക്ഷവും ഒരു പോലെ ലഭിക്കുന്നതിന് എന്തു കർമ്മമാണ് അനുഷ്ഠിക്കേണ്ടതെന്ന് ആരായുകയുണ്ടായി. ഭദ്രദീപപ്രതിഷ്ഠ എന്ന കർമ്മംചെയ്താൽ ഈ രണ്ടു കാര്യവും സാധിക്കാമെന്ന് നാരദ മുനിശ്രേഷ്ഠൻ പറഞ്ഞു. 
 നാരദ മഹർഷിയുടെ ഉപദേശപ്രകാരം, നർമ്മദാ നദിക്കരയിൽ പത്നീസമേതം ഒരാശ്രമം കെട്ടുകയും ഭദ്രദീപ പ്രതിഷ്ഠാവ്രതം ആരംഭിക്കുകയും ചെയ്തു. 
കാർത്ത്യവീരാർജ്ജുനന്റെ ഗുരു, ദത്താത്രേയ മഹർഷിയായിരുന്നു.  യാഗാനന്തരം സംപ്രീതനായ ഗുരു എന്തു വരമാണ് വേണ്ടതെന്ന് ചോദിച്ചു .
ഇതിനു മറുപടിയായി തനിക്ക് ആയിരം കൈകളുണ്ടാകണമെന്നും, ദേഹാരോഗ്യമുണ്ടാകണമെന്നും രാജ്യത്ത് ദ്രവ്യ ക്ഷാമമുണ്ടാകരുതെന്നും തന്നിൽ എല്ലാവർക്കും സ്നേഹ വിശ്വാസങ്ങളുണ്ടാകണമെന്നും; ദിനംപ്രതി തന്റെ വിശ്വാസവും വീര്യവും വർദ്ധിക്കണമെന്നും യോഗസിദ്ധിയും ധർമ്മ നീതിയും, ചക്രവർത്തിത്വവും സപ്തലോകാധിപത്യവും തനിക്കുണ്ടാകണമെന്നും ആവശ്യപ്പെട്ടു. 
അങ്ങനെ ദത്താത്രേയ മഹർഷിയുടെ വരലബ്ധിയിൽ എൺപത്താറായിരം വർഷം കാർത്ത്യവീരാർജ്ജുനനൻ രാജ്യം ഭരിയ്ക്കുകയുണ്ടായി.
യൗവ്വനവും, ആരോഗ്യവും,  സൗന്ദര്യവും, സമ്പത്തും, ക്ഷണികമാണെന്നും;തന്റെ അവതാരലക്ഷ്യം പൂർത്തിയാക്കി വിഷ്ണുവിങ്കൽ ലയിക്കാൻ സമയമായെന്നും പത്നിയായ ലീലയോടു പറഞ്ഞെങ്കിലും; തന്റെ പതിയെ വിട്ടു പിരിയാനവൾ കൂട്ടാക്കാതെ മഹിഷിയായ തന്നെ കൂടെക്കൂട്ടണമെന്നു പറഞ്ഞു നിലവിളിച്ചു കൊണ്ടിരുന്നു. പക്ഷെ അവതാരലക്ഷ്യം പൂർത്തിയാക്കിയശേഷം വിഷ്ണുലയനം സാദ്ധ്യമാക്കാതെ തരമില്ലല്ലോ. തന്റെ മാർഗ്ഗ തടസമുണ്ടാക്കുന്നതിൽ അരിശംമൂത്ത് പത്നിയെ ഒരു മഹിഷമായി ഭൂമിയിൽ അസുരവംശത്തിൽ ജനിക്കട്ടെയെന്ന് ശപിച്ചുകൊണ്ട് മഹർഷി വിഷ്ണുലയനം സാദ്ധ്യമാക്കുകയും ചെയ്തു.
തന്റെ പതിയുടെ ശാപകോപത്താലുരുകിയ ലീല താൻ മഹിഷമായി ജനിക്കുമ്പോൾ,  അങ്ങൊരു മഹിഷമായി തന്നോടൊപ്പം ജീവിക്കാനിടവരട്ടെയെന്ന് ദത്താത്രേയനെ ശപിക്കുകയുണ്ടായി. ശാപമേറ്റ ദത്താത്രേയൻ ബ്രഹ്മപദം പൂകുകയും; കാലങ്ങൾക്കുശേഷം, ലീല കരംഭനെന്ന അസുരപുത്രിയായി മഹിഷമായി ജനിക്കുകയും ചെയ്തു.
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും….
x

*സുജ കോക്കാട്*