*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

 കരംഭാസുരന്റെ പുത്രിയായി, എരുമയുടെ മുഖത്തോടു കൂടി ജനിച്ച *മഹിഷി*, സ്വന്തം പിതാവിന്റെ ജ്യേഷ്ഠസഹോദര പുത്രനായ മഹിഷാസുരനെ ചണ്ഡികാദേവി നിഗ്രഹിച്ചതിനു പകരം വീട്ടണമെന്ന് നിശ്ചയിച്ച് വിന്ധ്യാ പർവ്വതത്തിലെത്തുകയും; കൊടും തപസ്സിനാൽ ബ്രഹ്മാവിനെ സംപ്രീതനാക്കുകയും; അഗ്നി,  ജലം, രോഗം എന്നിവയാലോ, മൃഗങ്ങളാലോ, ഒരിയ്ക്കലും മരണം സംഭവിക്കരുതെന്നും, ഹരിയും ഹരനും കൂടി ജനിക്കുന്ന പുത്രൻ പന്തീരാണ്ടു കാലം ഭൂമിയിൽ വസിച്ചതിനുശേഷം; അദ്ദേഹത്തിനാലല്ലാതെ ദേഹനാശം സംഭവിക്കാൻ പാടില്ലെന്നും;  സ്വർഗ്ഗാധിപത്യം ലഭിക്കണമെന്നും,  തന്റെ രോമകൂപങ്ങളിൽ നിന്നുംആയിരക്കണക്കിന് മഹിഷിമാരുണ്ടായി യുദ്ധത്തിൽ തന്നെ സഹായിക്കണമെന്നും അപേക്ഷിച്ചു.
ഒന്നുമാലോചിയ്ക്കാതെ,മഹിഷിയ്ക്ക് വരദാനം ചെയ്ത ശേഷം ബ്രഹ്മദേവൻ അപ്രത്യക്ഷമാവുകയും ചെയ്തു. വരലബ്ധിയിൽ മഹിഷി വലിയ അഹങ്കാരിയായി.  ദേവലോകം ആക്രമിക്കുകയും ദേവന്മാരെ ഉപദ്രവിക്കുകയും ചെയ്തു. 
ഇതേസമയം,  ലീലയുടെ ശാപഫലമായി, ദത്താത്രേയൻ സുന്ദര മഹിഷമായി ജനിച്ചിരുന്നു. വിഷ്ണു ദേവന്റെ ഉപദേശമനുസരിച്ച്, മഹിഷിയെ, സുന്ദര മഹിഷം ഭൂലോകത്തെ വനാന്തരത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.  അതോടെ, ദേവന്മാർ സമാധാനപരമായി  വാഴാൻ തുടങ്ങി.
*സ്വാമിയേ, ശരണമയ്യപ്പാ…*
തുടരും…

*സുജ കോക്കാട്*