ഒറ്റത്തടിയിൽ
പണിത
കൊച്ചുകട്ടിലിൽ
അവൾ

അവനോടൊട്ടി
ഉറകൂടിയ
തൈരുപോൽ
ദാമ്പത്യാരംഭം

കട്ടിലിൽ കാലിൽ
പട്ടിക്കുട്ടിയും
അടിയിൽ കുത്തിമറിയും
പൂച്ചക്കുട്ടിയും

ഒളിച്ചു നോക്കുന്ന
നക്ഷത്രപ്പെൺ
കൊടികളും
അവരുടെ രാവിന്
വെണ്മ തൂവി .

വീടിന് ചിറക്
വയ്ക്കണമെന്നും
കട്ടിലിന് മുറിയോളം
വലുപ്പം വയ്ക്കണമെന്നും
കൊതിച്ചു
അവൾ

വീടിരുന്നിടത്തിപ്പോൾ
കൂറ്റൻ എടുപ്പ്
മട്ടുപ്പാവിൽ
വൈദ്യുത നക്ഷത്രങ്ങൾ

തുറസ്സില്ലാമുറിയിൽ
കൃത്രിമ കുളിരിൻ
മുരളൽ

താഴെ
ടൈൽസ് മുറ്റം
അറ്റാച്ച്ഡ്
പട്ടിക്കൂട്.

കളിമറന്ന
പട്ടി.
വീടിനുള്ളിൽ
ഭാഷ
വറ്റി.
`

പലതടിക്കട്ടിലായി
വീതി കൂടി.
അവർ
അറ്റങ്ങളിലായി.

വെണ്ണയും
മോരും.
അതേന്ന് ,
വെണ്ണയവൻ !

പരസ്പരം
ഇഷ്ടനിറവും
ഇഷ്ടഭക്ഷണവും
മറന്നു.

എന്നാണാ
ഒറ്റത്തടിക്കട്ടിൽ
തകർത്തതെന്ന്
അവർ
ഓർത്തതേയില്ല.
ജിഷ കാർത്തിക 

കവി, അദ്ധ്യാപിക.