*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

 പന്തള മന്നന്റെ വളർത്തു മകനായി കൊട്ടാരത്തിൽ താമസിക്കുക എന്നത് ദൈവഹിതമാണ്. അതിന്റെ പേരിൽ രാജ്യാവകാശം മണികണ്ഠന്റെ പേരിൽ വന്നു ചേരുമെന്ന് കരുതിയാണല്ലോ, മന്ത്രി,  രാജ്ഞിയെ കൂട്ടുപിടിച്ചുകൊണ്ട് മണികണ്ഠനെ ഇല്ലാതാക്കാൻ ശ്രമിച്ചത്.  അവരുടെ പ്രവൃത്തികൾ യഥാർത്ഥത്തിൽ അവതാര ലക്ഷ്യങ്ങൾക്ക് സഹായമാവുകയാണ് ചെയ്തത്.  അതിനാൽ അവർക്ക് മാപ്പു നൽകണമെന്ന് പറഞ്ഞു കൊണ്ട്,  തന്റെ വളർത്തച്ഛനോട് ഇഷ്ടവരമായി എന്താണ് വേണ്ടതെന്ന് മണികണ്ഠൻ ചോദിച്ചു. 
കാരുണ്യ നിധിയായ അങ്ങയുടെ ദിവ്യമായ അനുഗ്രഹം എപ്പോഴും നമ്മിൽ നിറഞ്ഞു നിൽക്കുന്നുവല്ലോ.അതിലും വലിയൊരു വരമായി മറ്റെന്താണുള്ളത്? തൊഴുകൈകളോടെയുള്ള മഹാരാജാവിന്റെ വാക്കുകൾക്ക് മണികണ്ഠൻ ഇങ്ങനെ മറുപടി പറഞ്ഞു.  നമ്മുടെ സന്തോഷത്തിനായി, അവിടത്തേയ്ക്ക് എന്താണു വേണ്ടത്? 
ഭഗവാൻ നമ്മെയും കൊട്ടാരത്തെയും ഉപേക്ഷിച്ചു പോകുന്നത് താങ്ങാനുള്ള കരുത്തില്ലെന്ന് മഹാരാജാവിന്റെ സ്നേഹാതുരമായ വാക്കുകൾക്ക് പുഞ്ചിരിയോടും; അത്യധികം വാത്സല്യത്തോടെയും മണികണ്ഠൻ ഇങ്ങനെ പറഞ്ഞു.
ഇവിടെ നിന്നും വിട്ടു പോകുമെന്ന് വിഷമിക്കേണ്ട കാര്യമില്ല.  അങ്ങയിലും, ഈ മന്ദിരത്തിലും, മാത്രമല്ല; പ്രപഞ്ചമെങ്ങും നാം നിറഞ്ഞിരിക്കുന്നുവെന്ന സത്യം അങ്ങ് മനസ്സിലാക്കുക. പിതാവിൽ നിന്നും നാം പിരിഞ്ഞു പോകുന്നുവെന്ന് കരുതുന്നതു തന്നെ മിഥ്യാധാരണയാണ്.
മണികണ്ഠന്റെ മാഹാത്മ്യവും ദിവ്യതയും മനസ്സിലാക്കിയ മന്ത്രിയും,  രാജ്ഞിയും പശ്ചാത്താപത്തോടുകൂടി ഭഗവത് പത്മപാദങ്ങളിൽ നമസ്ക്കരിച്ച് മാപ്പിരന്നു. കരുണാമയനായ ഭഗവാൻ അവരെ സമാധാനിപ്പിച്ച് അനുഗ്രഹിച്ചശേഷം, മഹാരാജാവിന് തത്ത്വോപദേശം നൽകിയശേഷം ഇപ്രകാരം അരുളിച്ചെയ്തു.
 പമ്പാനദിയുടെ കിഴക്കുവടക്കുള്ള നീലിമലയിൽ ഒരു ക്ഷേത്രം പണികഴിപ്പിച്ച് അവിടെ നമ്മെ പ്രതിഷ്ഠിക്കുകയും; കിഴക്കോട്ടു ദർശനമായി ക്ഷേത്ര പ്രവേശന കവാടത്തിനു മുമ്പിലായി, പഞ്ചേന്ദ്രിയങ്ങൾ, അഷ്ടരാഗങ്ങൾ, ത്രിഗുണങ്ങൾ, വിദ്യ, അവിദ്യ എന്നിവ സൂചിപ്പിക്കുന്ന പതിനെട്ടു പടികൾ ഉണ്ടായിരിക്കുകയും; ഇടതുഭാഗത്ത് അല്പമകലെയായി ശക്തിസ്വരൂപിണിയായ മാളികപ്പുറത്തമ്മയ്ക്ക് മനോഹര മാളിക നിർമ്മിക്കണം. ദാസനായ കടുവയേയും, ഭൂതനാഥനായ വാപരനേയും യഥാവിധി പ്രതിഷ്ഠിക്കുകയും വേണം. ക്ഷേത്രം നിർമ്മിക്കേണ്ട സ്ഥലം ഭഗവാൻ ശരമയച്ച് ബോദ്ധ്യമാക്കി.  മാത്രവുമല്ല,  ശരം ചെന്നു വീഴുന്ന സ്ഥലം നേരിട്ടു കാണാനുള്ള ദിവ്യശക്തിയും മഹാരാജാവിനു നൽകി. 
ശരം ചെന്നുവീണ സ്ഥലം പന്തളരാജൻ വ്യക്തമായികാണുകയും ചെയ്തു. അതായിരുന്നു ശബരിമല.  ദർശനത്തിനായെത്തുന്ന ഭക്തർ അനുഷ്ഠിക്കേണ്ട വ്രതചര്യകൾ പ്രതിപാദിച്ചശേഷം; വളർത്തച്ഛനെ അനുഗ്രഹിച്ച് എല്ലാവരേയും അത്ഭുതസ്തംബ്ദരാക്കി, ശ്രീ ധർമ്മശാസ്താവ്അന്തർഥാനം ചെയ്തു. ..!
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും….

*സുജ കോക്കാട്*