*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*
അഗസ്ത്യമുനി വന്നുപോയതിനടുത്ത ദിവസം തന്നെ മഹാരാജാവ്, ക്ഷേത്ര നിർമ്മാണത്തിനുവേണ്ട ഒരുക്കങ്ങളാരംഭിച്ചു.
ബ്രാഹ്മണരും, ശില്പികളും, ആചാര്യനും, സേനകളും, മന്ത്രിയും കൂടി, മണികണ്ഠ സ്വാമിയെ പ്രാർത്ഥിച്ചുകൊണ്ട്, ക്ഷേത്ര നിർമ്മാണത്തിനായി, വനത്തിലേയ്ക്കു പുറപ്പെട്ടു. അപ്പോൾ ദേവന്മാർ മഹാരാജാവിനെ പുഷ്പ വൃഷ്ടികളാൽ ആദരിച്ചു.
മണികണ്ഠൻ അരുളിച്ചെയ്തതു പോലെ എരുമേലിയിലെത്തിച്ചേർന്ന മഹാരാജാവും കൂട്ടരും അവിടെ ഒരു ക്ഷേത്രം നിർമ്മിച്ച് വാപരനെ യഥാവിധി പ്രതിഷ്ഠിക്കുകയും ചെയ്തു. പിന്നീട്, അഴുതാനദി കടന്ന് കൊടുങ്കാട്ടിലൂടെ നടന്ന് പമ്പാനദീതീരത്തെത്തി, പാപനാശിനിയാം പമ്പാനദിയിൽ ദേഹശുദ്ധി വരുത്തിയ ശേഷം, നടന്ന് ശബരിമല ആശ്രമത്തിലെത്തി. സന്ധ്യാനമസ്കാരവും കഴിഞ്ഞ് കായ്കനികൾ കഴിച്ചു വിശപ്പകറ്റി വിശ്രമിച്ചു.
നടന്നലഞ്ഞ ക്ഷീണം കാരണം, രാജാവിന്റെ അനുയായികളെല്ലാം വേഗം ഉറക്കത്തിലേയ്ക്കു വഴുതി വീണു. പക്ഷേ, മഹാരാജാവ് മണികണ്ഠനെ ധ്യാനിച്ചുകൊണ്ട്, കുമാരനോടൊത്തുള്ള തന്റെ ഭാഗ്യ നിമിഷങ്ങളെപ്പറ്റി ഓർത്തുകൊണ്ടിരുന്നു. ആ സമയത്ത് മണികണ്ഠന്റെ ഭൂതഗണശ്രേഷ്ഠനായ വാപരൻ മഹാരാജാവിന്റെ സമീപമെത്തി.
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും…