വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം
അങ്ങയെ മണികണ്ഠ ഭഗവാന്റെ സമീപത്തേയ്ക്ക് കൊണ്ടു ചെല്ലുന്നതിനായി ഭഗവാൻ തന്നെയാണ് എന്നെ ഇങ്ങോട്ടയച്ചത്. എല്ലാവരും ഉണരുന്നതിനു മുമ്പുതന്നെ തിരിച്ചു വരുകയും ചെയ്യാം. വാപരന്റെ വാക്കുകൾ കേട്ട മഹാരാജാവ് തിടുക്കത്തിൽ ഭഗവാനെ കാണാനായി വാപരനോടൊപ്പം പുറപ്പെട്ടു.
മണികണ്ഠ ഭഗവാന്റെ സന്നിധാനത്തിലെത്തിയ മഹാരാജാവ് , താരമണ്ഡലപ്രഭയോടെ സിംഹാസനത്തിലുപവിഷ്ടനായ ഭഗവാനെ ഭക്ത്യാദരപൂർവ്വം കൈകൂപ്പിയപ്പോൾ, മണികണ്ഠ ഭഗവാൻ മഹാരാജാവിന്റെ സമീപത്തേയ്ക്കു വന്ന് തന്റെ വളർത്തച്ഛനെ മാറോടണച്ചു. അത്യധികം സന്തോഷത്താൽ മഹാരാജാവിന്റെ മിഴികൾ സജലങ്ങളായി.
കൊട്ടാരത്തിൽ നിന്ന് കുമാരൻ പോയതിൽ പിന്നെ, ശരിക്കൊന്നുറങ്ങാൻ കൂടി കഴിഞ്ഞിട്ടില്ല. കുമാരനെ കണ്ടതിനാൽ വളരെയധികം സംതൃപ്തിയുണ്ടെന്ന് നിറകണ്ണുകളോടെ മഹാരാജാവ് പറഞ്ഞു.
പുത്രനോടുള്ള അളവറ്റ സ്നേഹമാണ് അങ്ങയുടെ ഈ വിഷമത്തിനു കാരണമെന്ന് മണികണ്ഠ ഭഗവാൻ പറഞ്ഞു.
ഇതിനു മറുപടിയായി, മഹാരാജാവ് ഇപ്രകാരം പറഞ്ഞു.
നിനച്ചിരിക്കാതെ തന്റെ പുത്രനെ നഷ്ടപ്പെടുമ്പോഴുള്ള പിതാവിന്റെ തീവ്ര ദു:ഖം, അഗസ്ത്യ
മഹർഷിയുടെ വാക്കുകൾ കൊണ്ടാണ് ശാന്തമായത്.
സ്വാമിയേ ശരണമയ്യപ്പാ…
തുടരും …
സുജ കോക്കാട