
നിന്നെ അറിയാൻ
നീയൊരു
മൗനത്തിനുള്ളിലേക്ക്
നിസ്സഹായതയുടെ വിരൽപിടിച്ച്
നിന്റേതായ പ്രിയരിലൂടെ നടക്കുക
ഹൃദയം സംസാരിക്കുന്ന
കിനാക്കളുടെ
കൊഴിഞ്ഞുപോക്കു കണ്ട്
വിമ്മിവിതുമ്പുന്ന
പിടിച്ചിലുകളിലേക്ക്
നിന്റെ ശ്വാസനിശ്വാസങ്ങളുടെ
ഞരക്കങ്ങളപ്പോൾ
ഒച്ചിഴച്ചിൽ നടത്തുന്നുണ്ടാകും …..
നടന്നുവന്ന വഴികളിൽ
താണ്ടിയ കണ്ണീർപ്പുഴയുടെയും
ഒറ്റപ്പെടലിന്റെയും
ഒക്കത്തു പറ്റിച്ചേർന്നിരിക്കുന്ന
ഈറൻമിഴികളിലേക്ക്
പടര്‍ന്ന നനവു തുവർത്താൻ
നീണ്ടുവരാത്ത
വിരൽത്തുമ്പുകളിലേക്ക്
മിഴികൾ തേടുന്ന
കാത്തിരിപ്പുകളിൽ
കരയിലിത്തിരി
ശ്വാസത്തിനായി പിടയുന്ന
മത്സ്യത്തെപോലെ
ചില പിടച്ചിലുകളുടെ
തുറിച്ചുനോട്ടങ്ങൾ കാണാം …
ഇഷ്ടങ്ങളെ
വേരാഴങ്ങളിൽനിന്ന്
പിഴുതുമാറ്റാൻ കഴില്ലെന്ന
നേരിന്റെ തുടുപ്പിലേക്ക്
വല്ലാത്തൊരു അലർച്ചയോടെ
നീ വീണു പോയേക്കാം….
എന്നാലും ,
പ്രിയരുടെ
പ്രിയങ്ങളുടെ
ഉൾത്തുടുപ്പുകളിലേക്ക്
സന്തോഷപൂത്തിരികളുടെ
നിറച്ചാർത്തുകൾ
ഒരുക്കാനായി
നീയൊരു മൗനത്തിന്റെ
കുപ്പായം എടുത്തണിയുക …
ഒരു മഴചാറ്റൽപോലെ
എപ്പോഴെങ്കിലും
നിന്നിലേക്ക്
നീ കേൾക്കാൻ കൊതിക്കുന്ന
ശബ്ദം വന്നെത്തുമ്പോൾ
പരിഭവങ്ങളുടെ
കൂടാരത്തിലേക്ക്
ഓടിയൊളിക്കാതെ
ഇത്തിരിയായ
ആ ചാറ്റലിലേക്ക്
പതിയെ ഇറങ്ങി ചെല്ലുക
നനയുക …
മങ്ങിപ്പോകാത്ത
നിന്റെ ഇഷ്ടങ്ങളിലേക്ക്
ഓർമ്മകൾ നിറയ്ക്കാൻ
നീയപ്പോൾ നല്ലപോലെ
നിന്നെ മറക്കുക …
