*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*
ഗിരിനിരകളാൽ ചുറ്റപ്പെട്ട കുന്നിൻ മുകളിലാണ് ശബരിമല ക്ഷേത്രം നിലകൊള്ളുന്നത്. ശ്രീകോവിലിനു ശ്രീയായി കൊടിമരം തലയുയർത്തി നിൽക്കുന്നു. യോഗമൂർത്തിയായ ശ്രീ ധർമ്മശാസ്താവ് , ഭക്തർക്ക് അനുഗ്രഹ വർഷമേകി വാണരുളുന്നു. പടിപൂജയും, നെയ്യഭിഷേകവുമാണ് ഇവിടുത്തെ പ്രധാന അനുഷ്ഠാനങ്ങൾ.
ദേവശില്പി വിശ്വകർമ്മാവിന്റെ പവിത്രമായ കരവിരുതാണ് പതിനെട്ടാംപടികൾ. പഞ്ചലോഹാലംകൃതമായ പടികളിലൂടെ ഇരുമുടിക്കെട്ടുമായി വരുന്ന ഭക്തന്മാർക്കു മാത്രമേ, പതിനെട്ടാം പടിയിലൂടെ കയറി ഭഗവാനെ ദർശിക്കാൻ സാധിക്കുകയുള്ളൂ.
പതിനെട്ടാം പടിയുടെ താഴെ വടക്കുഭാഗത്തായി, കറുപ്പസ്വാമിയുടെ പ്രതിഷ്ഠ സ്ഥാപിച്ചിരിക്കുന്നു. കർപ്പൂരവും മുന്തിരിയുമാണ് കറുപ്പസ്വാമിയുടെ ഇഷ്ട നിവേദ്യങ്ങൾ.
മാളികപ്പുറത്തമ്മയുടെ മതിൽക്കെട്ടിലായി, കടുത്തസ്വാമി നിലകൊള്ളുന്നു. സ്വാമിയുടെ പ്രിയ വഴിപാടുകളാകട്ടെ, ശർക്കര, മുന്തിരി, നാളികേരം, അവൽ, മലർ, വറപ്പൊടി, കദളിപ്പഴം എന്നിവയാണ്.
പതിനെട്ടാം പടിയ്ക്കു സമീപത്തായിട്ടാണ് പാപസംഹാരത്തിനുള്ള ആഴി. ഇരുമുടിക്കെട്ടിലുള്ള നെയ്ത്തേങ്ങയിലെ നെയ്യ് അഭിഷേകം ചെയ്തതിനു ശേഷമാണ് നാളികേരം ആഴിയിലേക്ക് സമർപ്പണം ചെയ്യുന്നത്.
നെയ്യഭിഷേകമാണ് അയ്യപ്പനുള്ള പ്രധാന വഴിപാട് . അഭിഷേകം കഴിപ്പിച്ച നെയ്പ്രസാദം ദിവ്യ ഔഷധമാണ്.
നെയ്‌വിളക്ക്, കർപ്പൂരദീപം, ചന്ദനച്ചാർത്ത്, പനിനീരഭിഷേകം, ഇളനീരഭിഷേകം, പുഷ്പാഞ്ജലി, ത്രിമധുരം, പഞ്ചാമൃതം, പായസനിവേദ്യം, ഉണ്ണിയപ്പം, പഴം തുടങ്ങിയവയും വഴിപാടായി സമർപ്പിച്ചു പോരുന്നു.
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും..