*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

പ്രകൃതിരമണീയത വഴിഞ്ഞൊഴുകുന്ന അയ്യപ്പന്റെ പൂങ്കാവനം ആരംഭിക്കുന്നത്, എരുമേലിക്കും കാളകെട്ടിക്കും ഇടയ്ക്കുള്ള പേരൂർ തോടിൽ നിന്നുമാണ്.  ഈ അരുവിയിലുള്ള മത്സ്യങ്ങൾക്ക് തീർത്ഥാടകർ പ്രസാദം ഊട്ട് നടത്താറുണ്ട്. 
മഹിഷീവധത്തെത്തുടർന്ന് ഉമാമഹേശ്വരന്മാർ അഴുതാനദിക്കരയിലെത്തുകയും തന്റെ വാഹനമായ നന്ദി എന്ന കാളയെ അടുത്തുള്ള മരണത്തിൽ കെട്ടുകയും  ചെയ്തതിനാൽ ആ സ്ഥലം കാളകെട്ടി എന്ന പേരിൽ പ്രസിദ്ധമാവുകയും ചെയ്തു. 
കാളകെട്ടിയിൽ നിന്ന്  കുറച്ചകലെയായി പമ്പാനദിയുടെ പോഷക നദിയായ അഴുതാനദിയിലെത്തി ദേഹശുദ്ധി വരുത്തി ഈ നദിയിൽ നിന്ന് കല്ലുകൾ പെറുക്കി കല്ലിടാം കുന്നിലേത്തി ഭക്തിപൂർവ്വം  കല്ലുകൾ സമർപ്പിക്കുന്നു. മഹിഷിയുടെ ഭൗതിക ശരീരം ദേവലോകത്തു നിന്നും ഭൂമിയിലേക്ക് സ്വാമി അയ്യപ്പനാൽ എറിയപ്പെട്ട സ്ഥലമാണ് കല്ലിടാം കുന്ന്. മഹിഷിക്ക് അയ്യപ്പനോടുള്ള യുദ്ധ പരാജയത്തിന്റെ ഓർമ്മയ്ക്കായിട്ടും അധർമ്മം ഭൂമിയിൽ വീണ്ടും അവതരിക്കാതിരിക്കുന്നതിനുമാണ് ഈ കല്ലിടൽ ചടങ്ങ് സമർപ്പിക്കുന്നത്.
ഇവിടെ നിന്നും  കുത്തനെയുള്ള കയറ്റം കയറിയാൽ ഇഞ്ചിപ്പാറക്കോട്ടയിലെത്താം. അയ്യപ്പന്റെ ഒരു ദേവാലയവും , വനദേവന്മാരായ മൂപ്പൻ, ഉടുമ്പറ തുടങ്ങിയവർക്കുള്ള കോവിലുകളും കാണാൻ കഴിയും. 
ഇവിടെ നിന്ന് ഇറക്കം ഇറങ്ങി മുക്കുഴിയിലെത്തിയാൽ ശ്രീമഹാഗണപതിക്കും, ശ്രീ ഭഗവതിയ്ക്കുമുള്ള കോവിലിൽ എത്താവുന്നതാണ്.

*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും…

*സുജ കോക്കാട്*