കോവിഡ് വാക്സിൻ രജിസ്ട്രേഷൻ സംബന്ധിച്ച വ്യാജ സന്ദേശങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്നു പോലീസ്. വാക്സിൻ ലഭിക്കാനായി ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് ഫോണിലൂടെയും ഇ-മെയിൽ മുഖേനയും വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു മുന്നറിയിപ്പ്.
പേര് രജിസ്റ്റർ ചെയ്യാൻ മുൻകൂർ പണം അടയ്ക്കാനായി പേയ്മെന്റ് ലിങ്കുകൾ നൽകി പൊതുജനങ്ങളെ കബളിപ്പിക്കാനും, ആധാർ നന്പർ, ഇ-മെയിൽ ഐഡി തുടങ്ങിയവ ആവശ്യപ്പെട്ട് അതിലൂടെ ബാങ്ക് വിവരങ്ങൾ ശേഖരിച്ചു തട്ടിപ്പു നടത്താനും സാധ്യതയുണ്ടെന്നും വാക്സിനുമായി ബന്ധപ്പെട്ട് സർക്കാരിന്റെയോ സർക്കാർ ഏജൻസികളുടെയോ വെബ്സൈറ്റുകളോ അറിയിപ്പുകളോ മാത്രം ശ്രദ്ധിക്കണമെന്നും പോലീസ് അറിയിച്ചു.
വ്യാജ ഇ-മെയിൽ സന്ദേശങ്ങളും ഫോണ്‍സന്ദേശങ്ങളും അവഗണിക്കണമെന്നും ബാങ്ക് വിവരങ്ങളോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് വിവരങ്ങളോ മറ്റുള്ളവർക്ക് നൽകരുതെന്നും പോലീസ് നിർദേശിച്ചു.