പക്ഷിപ്പനിയെ തുടർന്നു താറാവുകളെയും കോഴികളെയും കൊന്ന കർഷകർക്കു സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. രണ്ടു മാസത്തിൽ താഴെ പ്രായമുള്ള നശിപ്പിക്കുന്ന പക്ഷി ഒന്നിന് 100 രൂപ വീതം നൽകും. രണ്ടു മാസത്തിനു മുകളിൽ പ്രായമുള്ള പക്ഷിക്ക് 200 രൂപ ലഭിക്കും. നശിപ്പിക്കുന്ന മുട്ട ഒന്നിന് അഞ്ചു രൂപ വീതം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില മേഖലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണു കൊന്നൊടുക്കുന്നത്. ചൊവ്വാഴ്ച മാത്രം 25000 പക്ഷികളെ കൊന്നു. രണ്ടുദിവസത്തിനകം ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊന്നൊടുക്കുന്നതു പൂർത്തിയാക്കും.
ആലപ്പുഴ ജില്ലയിലെ തകഴി, നെടുമുടി, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂരിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത് എച്ച് 5 എൻ 8 വൈറസാണ്. ഇവ ഇതുവരെ മനുഷ്യരിലേക്ക് പകർന്നിട്ടില്ല. അതിനാൽ പക്ഷിമാംസം പാചകം ചെയ്ത് ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെന്ന് മൃഗസംരക്ഷണ ഡയറക്ടർ ഡോ.കെ.എം. ദിലീപ് പറഞ്ഞു.