പുതിയ എനര്‍ജി ഡ്രിങ്കിന്റെ മാര്‍ക്കറ്റിങ്ങിനായി യൂട്യൂബര്‍ തകര്‍ത്തത് വിലയേറിയ ലംബോര്‍ഗിനി വാഹനം. ഇന്ത്യയില്‍ 3.15 കോടി രൂപ വില വരുന്ന ലംബോര്‍ഗിനി എസ്യുവി തകര്‍ക്കുന്നതിന്റെ വീഡിയോ റഷ്യന്‍ യൂട്യൂബറായ മിഖായേല്‍ ലിറ്റ്വിന് ആണ് പുറത്തുവിട്ടത്. ലിറ്റ്വിന്റെ തന്നെ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡായ ലിറ്റ് എനര്‍ജിയുടെ പ്രൊമോഷന്റെ ഭാഗമായാണ് വെള്ള നിറത്തിലുള്ള ലംബോര്‍ഗിനി തകര്‍ത്തത്.
ആഡംബരകാര്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ലിറ്റ്വിന് യൂട്യൂബില്‍ ഷെയര്‍ ചെയ്തു. യൂട്യൂബില്‍ ലിറ്റ്വിന് ഒരു കോടിയിലേറെ സബ്സ്ക്രൈബേഴ്സുണ്ട്. വീഡിയോ ഇതിനോടകം തന്നെ 70 ലക്ഷത്തിലേറെ വ്യൂസ് കടന്നു. യൂട്യൂബ് വീഡിയോയുടെ ഒരു ചെറുപതിപ്പ് ഇന്‍സ്റ്റഗ്രാമിലും ലിറ്റ്വിന് ഷെയര്‍ ചെയ്തിട്ടുണ്ട്. ഉറുസ് നല്ലതായിരുന്നു എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
കാറിനോളം വലിപ്പമുള്ള ഒരു കാനില്‍ എനര്‍ജി ഡ്രിങ്ക് നിറച്ച ശേഷം ക്രെയിനുപയോഗിച്ച് ഏറെ ഉയരത്തില്‍ നിന്ന് കാറിന്റെ മുകളില്‍ പതിപ്പിച്ചാണ് കാര്‍ തകര്‍ത്തത്. കാന്‍ താഴേക്ക് വീണ് ഡ്രിങ്ക് മുഴുവന്‍ ചിതറിത്തെറിക്കുന്നതും കാര്‍ തകരുന്നതും വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ലിറ്റ്വിന്റെ ഈ വീഡിയോയ്ക്കും വ്യൂസ് ഏറെ.പല തരത്തിലുള്ള പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്, അധികവും നെഗറ്റീവ് കമന്റുകളാണ്. റഷ്യയില്‍ നിലവില്‍ പ്രശ്നങ്ങളില്ലെന്ന് കരുതി ലോകത്തിന്റെ മറ്റുഭാഗങ്ങളിലെ ജനങ്ങളുടെ വിഷമതകള്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് ഒരാള്‍ കമന്റ് ചെയ്തു. വ്യൂസ് കൂട്ടാന്‍ വേണ്ടി ആളുകള്‍ ഇനിയും എന്തൊക്കെ കാണിക്കുമെന്നായിരുന്നു മറ്റൊരു കമന്റ്. പരിസ്ഥിതിയ്ക്ക് വേണ്ടിയോ കാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടിയോ ആ പണം നല്‍കാമായിരുന്നുവെന്ന് ഒരാള്‍ ലിറ്റ്വിനോട് അഭിപ്രായപ്പെട്ടു.