കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടന് ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ ലേക്ഷോര് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്റിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് പി രാജീവ് വിശദീകരിച്ചു. 75 -ാം വയസിലാണ് അന്ത്യം സംഭവിച്ചത്. 750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്റ് 1972 – ല്‍ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. ചാലക്കുടി എം പിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു.ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായെന്ന് മെഡിക്കല്‍ വിദഗ്ധ സംഘം വ്യക്തമാക്കി. മാര്‍ച്ച് മൂന്ന് മുതല്‍ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. തിങ്കളാഴ്ച രാവിലെ 8 മണി മുതല്‍ 11 മണി വരെ കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. മൂന്ന് മണി മുതല്‍ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ പൊതുദര്‍ശനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വൈകീട്ട് അഞ്ചരയ്ക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്താനും തീരുമാനമുണ്ട്.