ഏലത്തൂരിൽ വച്ച് ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസില്‍ തീ കൊളുത്തിയ അക്രമി യുപി സ്വദേശിയാണെന്ന സംശയം ഉടലെടുത്തതിനു പിന്നാലെ അക്രമിയുടേതെന്ന് കരുതുന്ന ബാഗിൽ നിന്ന് ലഭിച്ച വസ്തുക്കൾ ഫോറൻസിക് സംഘം വിശദമായി പരിശോധിച്ചു . പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് ട്രാക്കില്‍ നിന്നുമാണ് കണ്ടെത്തിയത്. ട്രാക്കിൽ മൃതദേഹം കണ്ടെടുത്തതിന് സമീപത്തു നിന്നാണ് ബാഗ് കിട്ടിയത്. ട്രാക്കില്‍നിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കില്‍ ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള കുറിപ്പുകളാണ് ഉണ്ടായിരുന്നത് . ഈ ബുക്കിൽ തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് കുറിച്ചിരിക്കുന്നത്. കാർപ്പൻ്റർ എന്ന വാക്കും കുറിപ്പിലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

അതേസമയം കേരളത്തിലെ നാലു സ്ഥലങ്ങളുടെയും തമിഴ്നാട്ടിലെ രണ്ടു സ്ഥലങ്ങളുടെയും പേരുകൾ കൂടാതെ ഡല്‍ഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ഇതിൽ കേരളത്തിൽ നിന്നുള്ള നാലു പേരുകളും തമിഴ്നാട്ടിൽ നിന്നുള്ള രണ്ടുപേരുകളും വലിയ ദുരൂഹതയാണ് ഉയർത്തുന്നത്. തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കോവളം എന്ന സ്ഥലങ്ങളാണ് കേരളത്തിലേതായിട്ടുള്ളത്. ഈ നാലു സ്ഥലവും തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നതും. അതുപോലെ തമിഴ്നാട്ടിൽ നിന്നുള്ള കുളച്ചൽ, കന്യാകുമാരി എന്നീ സ്ഥലങ്ങളും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ആറു സ്ഥലങ്ങളുടെയും പൊതുവായ പ്രത്യേകതയെന്തെന്നാൽ ഇവ കടലിനോട് ചേർന്നു കിടക്കുന്ന പ്രദേശമാണെന്നുള്ളതാണ്. അക്രമി ഈ പേരുകൾ എന്ത് ഉദ്ദേശ്യത്തിലാണ് ഡയറിയിൽ എഴുതിയതെന്ന് വ്യക്തമല്ല.

ഇതുവരെ ട്രയിൻ ആക്രമിച്ച അക്രമിയുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. അക്രമിയെ പിടികൂടിയാൽ മത്രമേ ഡയറിയിലെഴുതിയിരുന്ന സ്ഥപ്പേരുകളെ സംബന്ധിച്ച് വ്യക്തതയുണ്ടാകുകയുള്ളു എന്നാണ് അന്വേഷണ സംഘം പറയുന്നത്.ബാഗില്‍ നിന്ന് ഒരു കുപ്പി പെട്രോള്‍, മൊബൈല്‍ ഫോണ്‍, കണ്ണട, പഴ്‌സ്, ബ്രൗണ്‍ നിറമുള്ള ടീഷര്‍ട്ട്, ട്രാക്ക് പാന്റ്, ഓവര്‍കോട്ട്, ഭക്ഷണമടങ്ങിയ പാത്രം, ലഘുഭക്ഷണ പാക്കറ്റ്, മിഠായി, പേന, ആണികള്‍ തുടങ്ങിയവയാണ് കണ്ടെടുത്തിട്ടുള്ളത്. അതേസമയം ട്രെയിനില്‍ തീവെച്ച ശേഷം അക്രമി റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 

ഇയാള്‍ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇത് ആക്രമണം ആസൂത്രിതമാണോയെന്ന സംശയം ജനിപ്പിക്കുന്നുണ്ട്. പൊലീസിന് ലഭിച്ച ലഘുലേഖകളിലും വിശദമായ പരിശോധന നടക്കുകയാണ്. തീവ്രവാദ, മാവോയിസ്റ്റ് ബന്ധം അക്രമത്തിനുണ്ടോയെന്നും അന്വേഷണ ഏജന്‍സികള്‍ ഗൗരവമായി പരിശോധിച്ചു വരികയാണ്. സംഭവം എഎന്‍ഐ അടക്കമുള്ള ഏജന്‍സികളും അന്വേഷിച്ചേക്കും. അക്രമത്തിൽ തുടര്‍ന്ന് മൂന്നു പേരാണ് മരിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്‌റിയ മന്‍സിലില്‍ റഹ്മത്ത് (45), റഹ്മത്തിൻ്റെ സഹോദരിയുടെ മകള്‍ സഹറ, നൗഫിക് എന്നിവരാണ് മരിച്ചത്.


കോരപ്പുഴ  പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ്  മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിനില്‍ തീ വെച്ചപ്പോള്‍ പരിഭ്രാന്തരായി ഇവര്‍ താഴേക്ക് ചാടിയതാണെന്നാണ് സംശയിക്കുന്നത്. ആക്രമണത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേര്‍ ചികിത്സയിലാണ്. അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അക്രമിയുടെ കാലിനും പൊള്ളലേറ്റതായി ദൃക്‌സാക്ഷി പറഞ്ഞു. തീയിട്ടശേഷം ചങ്ങലെ വലിച്ച് ട്രെയിന്‍ നിര്‍ത്തി അക്രമി ഇറങ്ങി ഓടുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി. 

ഇന്നലെ രാത്രി ഒൻപത് മണിക്കാണ് ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവിൽ ആക്രമണം നടന്നത്. ഡി1 കോച്ചിലെ യാത്രക്കാർക്ക് നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. മറ്റൊരു കോച്ചിൽ നിന്നാണ് ഇയാൾ ഡി1ലെത്തിയതെന്നാണ് യാത്രക്കാർ പറയുന്നത്. ട്രെയിൻ കോരപ്പുഴ എത്തിയപ്പോഴാണ് ചുവന്ന കള്ളി ഷർട്ട് ധരിച്ച യുവാവ് ഡി വൺ കോച്ചിലേക്ക് കയറിയതെന്നാണ് വിവരം. ട്രയിൻ കോരപ്പുഴ പാലം കടക്കുന്നതിനിടെയായിരുന്നു ഇയാൾ ആക്രമണം നടത്തിയത്. രണ്ട് കുപ്പി പെട്രോൾ ഇയാളുടെ കയ്യിലുണ്ടായിരുന്നുവെന്നും ഇതിൽ ഒരു കുപ്പി തുറന്ന് വീശിയൊഴിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. ഇതോടെ സമീപത്തുണ്ടായിരുന്നവരുടെ ദേഹത്ത് ഇന്ധനം പടർന്നു. എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാർ  മനസ്സിലാകും മുൻപ് ഇയാൾ തീ കൊളുത്തുകയായിരുന്നു. തീ ആളിപ്പടർന്ന സമയത്ത് അക്രമിയുടെ കാലിനും പൊള്ളലേറ്റിരിന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.തുടർന്ന് ട്രെയിനിൻ്റെ ചങ്ങല വലിച്ച് നിർത്തിയ ഇയാൾ ട്രയിനിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങിച്ചെന്ന് ഒരു ബൈക്കിൽ കയറി രക്ഷപ്പെട്ടുവെന്നും ദൃക്സാക്ഷികൾ പറയുന്നു.ട്രയിനിൽ തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം.