വന്ദേ ഭാരത് എക്സ്പ്രസിന്റെ യാത്രാസര്‍വീസ് ഈ മാസം തന്നെ നടക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി 25-ന് വന്ദേ ഭാരത് ഉദ്ഘാടനം ചെയ്യുo. എന്നാല്‍ തൊട്ടടുത്ത ദിവസമായ 26-ന് സര്‍വീസ് ആരംഭിക്കില്ല. പകരം 27 അല്ലെങ്കില്‍ 28 തീയതികളിലൊന്നില്‍ സര്‍വീസ് ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതിനോടകം റെയില്‍വേ ബോര്‍ഡ് വിജ്ഞാപനം പുറത്തിറക്കും.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാണ് റൂട്ട്. രാവിലെ 5.10-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.15-ന് കാസര്‍കോട്ട് എത്തിച്ചേരും വിധമാണ് സമയക്രമം. തിരികെ ഉച്ചയ്ക്ക് 2.15-ന് പുറപ്പെട്ട് രാത്രി 10.30-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. എന്നാല്‍ വന്ദേഭാരതിന്റെ ട്രയല്‍റണ്‍ മറ്റ് നിരവധി ട്രെയിനുകളുടെ സമയക്രമത്തെ ബാധിച്ചിരുന്നു. ഇത് റെയില്‍വേ വിലയിരുത്തിയിട്ടുണ്ട്. അതിനാല്‍ വന്ദേ ഭാരതിന്റെ സമയക്രമം നിശ്ചയിക്കുമ്പോള്‍ മറ്റ് പല ട്രെയിനുകളുടെയും സമയത്തില്‍ വ്യത്യാസമുണ്ടാകും. വന്ദേഭാരതിന്റെ സമയക്രമം സംബന്ധിച്ച വിജ്ഞാപനം പുറത്തെത്തിയ ശേഷം മറ്റു ട്രെയിനുകളുടെ സമയമാറ്റം റെയില്‍വേ പ്രസിദ്ധീകരിക്കും.
അതേസമയം വന്ദേഭാരതിന്റെ ട്രയല്‍ റണ്ണിന്റെ സമയത്ത് ഉദ്യോഗസ്ഥന്റെ ബന്ധുവായ സ്ത്രീയും കുഞ്ഞും യാത്ര ചെയ്ത കാര്യം റെയില്‍വേ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. എന്നാല്‍ വിഷയത്തില്‍ ഈ ഘട്ടത്തില്‍ നടപടിയെടുത്ത് വിവാദമാക്കുന്നില്ല.കാരണം പ്രധാനമന്ത്രി യാത്ര ചെയ്യും മുന്‍പ് അച്ചടക്ക നടപടി എടുത്താല്‍ വിഷയം കൂടുതല്‍ ചര്‍ച്ചയായേക്കും. അതിനാല്‍ ഈ വിവാദത്തില്‍നിന്ന് ഒഴിഞ്ഞുനില്ക്കാനാണ് റെയില്‍വേയുടെ നീക്കം.