ഒരിക്കല്‍ അയച്ച കമന്റ് ഫേസ്‌ബുക്കിലും ഇന്‍സ്‌റ്റഗ്രാമിലുമെല്ലാമുള്ളതുപോലെ വീണ്ടും എഡിറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് മിക്ക വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്കും തോന്നിയിട്ടുള്ള ഒരു കാര്യമാണ്.

പലപ്പോഴും കമ്പനിയോട് ഇക്കാര്യങ്ങള്‍ ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട് . എന്നാല്‍ നാളിതുവരെ അതിന് യാതൊരു മാറ്റവും വന്നിട്ടില്ലായിരുന്നു. എന്നാൽ ഇനി ആ പ്രശ്‌നമുണ്ടാകില്ല. ഒരിക്കലയച്ച മെസേജ് വീണ്ടും എഡിറ്റ് ചെയ്യാനുള്ള അപ്ഡേറ്റുമായി രംഗത്ത്‌വന്നിരിക്കുകയാണ് ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സാപ്പ്.

ഒരിക്കല്‍ അയച്ച മെസേജില്‍ തിരുത്താനോ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ ഇനിമുതല്‍ വാട്സാപ്പിലൂടെ സാധിക്കും. എന്നാല്‍ ഏറെ നേരം ഇതിന് സാധിക്കില്ല. 15 മിനുട്ട് നേരത്തേക്കാണ് ഇത് സാദ്ധ്യമാകുക. വാബീറ്റ ഇന്‍ഫോ വെബ്‌സൈറ്റ് പ്രകാരം ആന്‍ഡ്രോയ്‌ഡ് 2.23.10.13 പതിപ്പിലാണ് ഈ ഫീച്ചറുണ്ടാകുക. ഒരു ഗ്രൂപ്പിലേക്കോ അല്ലെങ്കിൽ വ്യക്തികള്‍ക്കോ മെസേജ് അയക്കുമ്പോൾ ആ മെസേജ് നമുക്ക് എഡിറ്റ് ചെയ്യാം. മെസേജ് ഓപ്‌ഷനുകള്‍ക്കൊപ്പം എഡിറ്റ് ബട്ടണുമുണ്ട്. 15 മിനുട്ടിനിടയില്‍ എത്രതവണ വേണമെങ്കിലും തിരുത്തല്‍ വരുത്താം. പക്ഷെ തല്‍ക്കാലം ഒരു ഫോണില്‍ നിന്ന് മാത്രമാകും ഈ സൗകര്യമുണ്ടാകുക. മാത്രമല്ല പിന്നീട് ആ സന്ദേശം എഡിറ്റഡ് എന്ന് കാണിക്കും.വാട്‌സാപ്പിന്റെ പുത്തന്‍ പതിപ്പില്‍ മാത്രമാണ് ഈ സൗകര്യമുണ്ടാകുക. എന്നാല്‍ നിലവില്‍ മറ്റൊരു മെസേജിംഗ് ആപ്പായ ടെലഗ്രാമില്‍ ഇത് 48 മണിക്കൂറാണ് എന്നതും ശ്രദ്ധേയമാണ്.