വിവാദങ്ങൾ ഉണ്ടാക്കാൻ മടിയില്ലാത്ത നടനാണ് അലൻസിയർ. നാടകങ്ങൾ വഴി സിനിമയിലെത്തിയ ഇദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉണ്ടാക്കി വച്ച വിവാദങ്ങൾ ചെറുതല്ല. നിരവധി വഴികൾ ഉപജീവനത്തിനായി മുന്നിൽ ഉണ്ടായിരുന്നിട്ടും അദ്ദേഹം തിരഞ്ഞെടുത്തത് അഭിനയമാണ്. എന്നാൽ അഞ്ചു വയസിൽ തുടങ്ങിയ അഭിനയം 40 വർഷത്തിനുശേഷമാണ് ആളുകൾ അംഗീകരിച്ച് തുടങ്ങിയത്. മലയാളത്തിൽ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് താനെന്ന് തെളിയിക്കുന്ന നിരവധി വേഷങ്ങൾക്ക് അദ്ദേഹം ജീവൻ നൽകി. എന്നാൽ അഭിനയത്തിനൊപ്പം തന്നെ അദ്ദേഹം വിവാദങ്ങളും വളർത്തിയെടുത്തു. മീ ടൂ അടക്കം അവയിൽ ചിലതാണ്. എന്നാൽ ഇപ്പോൾ കത്തി നിൽക്കുന്നത് മറ്റൊരു വിവാദമാണ്. സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിച്ചപ്പോൾ നടത്തിയ പ്രസംഗത്തിന്റെ പേരിൽ അലൻസിയർക്കെതിരെ ഉയരുന്നത് വിമർശനങ്ങളുടെ പെരുമഴയാണ്.
”പ്രത്യേക ജൂറി അവാർഡ് കിട്ടുന്നവർക്ക് സ്വർണം പൂശിയ ശിൽപം നൽകണം. നല്ല നടൻ എല്ലാവർക്കും കിട്ടും സ്പെഷ്യൽ കിട്ടുന്നവർക്ക് സ്വർണത്തിന്റെ പ്രതിമ നൽകണം. പ്രത്യേക പുരസ്ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നൽകി അപമാനിക്കരുത്. പുരസ്ക്കാരത്തിനുള്ള തുക വർധിപ്പിക്കണം.പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും”- തിരുവനന്തപുരം നിശാഗന്ധിയിൽ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സ്വീകരിച്ച് സംസാരിക്കവേ ആയിരുന്നു അലൻസിയറുടെ തീപ്പൊരിപ്രസംഗം. ഇത് കൃതമായ സ്ത്രീവിരുദ്ധതയാണെന്നും, ഇതുപോലുള്ള വഷളത്തരത്തിന് കൈയടിക്കുന്ന സമൂഹം അപമാനകരമാണെന്നും സോഷ്യൽ മീഡിയ പറയുന്നു. ഇദ്ദേഹത്തിന് നൽകിയ അവാർഡ് പിൻവലിക്കണമെന്ന് മുറവിളി കൂട്ടുന്ന മറ്റൊരു കൂട്ടത്തേയും കാണാം. എന്നാൽ തല തിന്നുന്ന പോലെ വിമർശനങ്ങൾ ഉയരുമ്പോൾ പോലും താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ് അദ്ദേഹം.
നാടകത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ അഭിനയത്തിലേക്കുളള എൻട്രി. വയസ് അൻപത്തിയേഴ് ആണെങ്കിലും മ്മൂട്ടിയുടെ അപ്പനായി നടിക്കാവുന്ന രീതിയിലാണ് അലൻസിയറിന്റെ സ്ക്രീൻ ഏജ്. അതുകൊണ്ടു തന്നെ ലഭിക്കുന്ന കഥാപാത്രങ്ങളിൽ പലതിനും ആ ഒരു ടച്ച് കാണാൻ സാധിക്കും. ഫുട്ബോളും നാടകവും ജീവവായുവായ തിരുവനന്തപുരത്തിന്റെ തീരഗ്രാമമായ പുത്തൻതോപ്പിൽ ഒരു ലാറ്റിൻ കാത്തലിക്ക് കുടുംബത്തിലാണ് അലൻസിയർ ജനിച്ചത്. ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തിൽ ഇക്കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്. ”സ്വാതന്ത്യലബ്ധിക്കുംമുമ്പേ നാട്ടിൽ സ്ഥാപിക്കപ്പെട്ട ജയ്ഹിന്ദ്് ഗ്രന്ഥശാല ഞങ്ങളുടെ നാടകക്കളരിയായിരുന്നു. എന്റെ അപ്പൂപ്പൻ ലിയോൺ ലോപ്പസിന്റെ പേരിലുള്ള ഏഴുദിവസത്തെ നാടകോത്സവം അക്കാലത്തെ ജനകീയോത്സവമായിരുന്നു. കേരളത്തിൽ എമ്പാടുമുള്ള അമച്വർ നാടകങ്ങൾ അവിടെ അരങ്ങേറിയിരുന്നു. എന്നാൽ, പിന്നീട് ടെലിവിഷന്റെ വരവ് നാടിന്റെ നാടക ജീവിതത്തെ മാറ്റി മറിച്ചുകളഞ്ഞു. കുട്ടിക്കാലംമുതൽ ഞാനും നാടകോത്സവങ്ങളുടെ ഭാഗമായി. അഞ്ചാംവയസ്സിലാണ് ആദ്യമായി അരങ്ങിലേറിയത്. എട്ടാം ക്ലാസ്സ് മുതൽ നാടക സംവിധാനവും തുടങ്ങി.
സിരകളിൽ നാടകവുമായിട്ടാണ് യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കാൻ ചേർന്നത്്. ക്യാമ്പസ് നാടകസമിതികളുടെ കാലമായിരുന്നു അത്. യൂണിവേഴ്സിറ്റി കോളേജ് എന്നെ ജീവിതവും നാടകവും പഠിപ്പിച്ചു. നരേന്ദ്രപ്രസാദ് സാറും വിനയചന്ദ്രൻസാറുമെല്ലാം പുതിയ വഴി തുറന്നിട്ടു. വീട്ടുകാരെയെല്ലാം ധിക്കരിച്ച് നാടകം തന്നെ ജീവിതം എന്ന് തീരുമാനിക്കുകയായിരുന്നു. നാടകത്തിന് പുത്തൻ രംഗഭാഷ്യം ചമച്ച സി പി കൃഷ്ണകുമാറും അദ്ദേഹത്തിന്റെ നാടകസമിതി ഭരതഗൃഹവുമാണ് എന്റെ അടിത്തറ. കാവാലത്തിന്റെ സോപാനത്തിലും കെ വി രഘുവിന്റെ നാടകയോഗത്തിലും ഭാഗഭാക്കായി.
പുത്തൻതോപ്പുകാരെല്ലാം മക്കളെ ഒന്നുകിൽ സർക്കാരുദ്യോഗസ്ഥരാക്കും. അതിനുപറ്റാത്തവവരെ വിദേശരാജ്യങ്ങളിലേക്ക് പറഞ്ഞയക്കും. ഞാൻ രണ്ടിനും തയ്യാറായില്ല. അഭിനയംതന്നെ ജീവിതം എന്ന് നിശ്ചയിച്ചു. നാട്ടുകാരി സുശീല ജോർജിനെ പ്രേമിച്ചുകെട്ടുമ്പോഴും അവർക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു, സാധാരണരീതിയിലുള്ള ജീവിതം എന്നിൽനിന്ന് പ്രതീക്ഷിക്കരുതെന്ന്. അവൾ അതങ്ങ് സമ്മതിച്ചു.”- അലസിയർ പറയുന്നു. ഗണിത അദ്ധ്യാപികയായ സുശീല ജോർജിന്റെ പ്രതീക്ഷകൾ തെറ്റിയില്ല. അലൻസിയർ വലിയ നടനായി. അവർക്ക് അലൻ സാവിയോ ലോപ്പസ്, അലൻ സ്റ്റീവ് ലോപ്പസ് എന്നീ രണ്ടുമക്കളുണ്ട്.
”പി എ ബക്കർ സഖാവ് പി കൃഷ്ണപിള്ളയെ കുറിച്ച് എടുത്ത സിനിമ ‘സഖാവ് വിപ്ളവത്തിന്റെ ശുക്രനക്ഷത്രം’ ആയിരുന്നു എന്റെ ആദ്യ സിനിമ. അക്കാലത്ത് അമച്വർ നാടകവേദികളിൽ നിന്നാണ് ബക്കർ അഭിനേതാക്കളെ കണ്ടെത്തിയത്്. പി കൃഷ്്ണപിള്ളയെ അവതരിപ്പിച്ചത് നടൻ പ്രേംകുമാറായിരുന്നു. അദ്ദേഹത്തിന്റെ സന്തത സഹചാരിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ കഥാപാത്രമാണ് എന്റേത്്. രണ്ടു ഷെഡ്യൂൾ കഴിഞ്ഞപ്പോൾ സിനിമ നിന്നു. തെരഞ്ഞെടുപ്പ് വേളയിൽ സിനിമ ഇറക്കാനായിരുന്നു നീക്കം. പെട്ടെന്ന് നിർമ്മാതാവ് പിന്മാറി. കെ കരുണാകരൻ ആയിരുന്നു അന്നത്തെ മുഖ്യമന്ത്രി. രാഷ്ട്രീയകാരണങ്ങളാലാണ് അന്ന് ആ സിനിമ നിലച്ചുപോയത്്. അതോടെ എന്റെ സിനിമാപ്രവേശനം പാതിയിൽ നിലച്ചുപോയി.
സിനിമയിൽ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഈ ആവശ്യവുമായി ആളുകളെ സമീപിച്ചിട്ടില്ല. എന്റെ ഈഗോ കൊണ്ടായിരുന്നില്ല. അപമാന ഭീതികൊണ്ടായിരുന്നു. ക്രൂരമായി അപമാനിക്കപ്പെട്ടവരുടെ കഥകൾ ഞാൻ കേട്ടിട്ടുണ്ട്. പിൽക്കാലത്ത് നെടുമുടി വേണു അടക്കമുള്ളവർ പലരോടും എന്റെ പേര് ശുപാർശ ചെയ്ത് പോയി കാണാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഞാൻ അതിന് മുതിർന്നിട്ടില്ല.”- അലൻസിയർ പറഞ്ഞു നിർത്തി.
ഛായാഗ്രാഹകൻ വേണു ആദ്യമായി സംവിധാനംചെയ്ത ‘ദയ’ യിലൂടെയാണ് അലൻസിയർ വീണ്ടും സിനിമയിൽ സാന്നിധ്യമറിയിക്കുന്നത്. 98ലായിരുന്നു ആ സിനിമ. എം പി സുകുമാരൻനായരെ പോലുള്ള സമാന്തര സിനിമാ സങ്കൽപ്പമുള്ളവർക്കൊപ്പവും അലൻസിയർ ഉണ്ടായിരുന്നു. ശയനം, രാമാനം, ജലാംശം, രാജീവ് വിജയ് രാഘവന്റെ മാർഗം, രഘുനാഥ് പലേരിയുടെ കണ്ണീരിന് മധുരം തുടങ്ങിയ സിനിമകളിൽ ചെറിയവേഷങ്ങൾ ചെയ്തു. ടെലിവിഷൻ രംഗത്ത് ഒട്ടേറെ മികച്ച സംരംഭങ്ങളിൽ പങ്കാളിയായി. ഏഷ്യാനെറ്റിലെ മുൻഷിയിലെ കോൺഗ്രസുകാരനെ മൂന്നുവർഷത്തോളം അവതരിപ്പിച്ചു. കന്യക ടാക്കീസിലൂടെ കെ ആർ മനോജ് അലൻസിയറിന് ശ്രദ്ധേയമായ വേഷം നൽകി. എന്നാൽ, സിനിമ മേളവേദികളിൽ മാത്രമായി ഒതുങ്ങി. രാജീവ് രവിയാണ് അലൻസിയർ എന്ന നടനെ വീണ്ടും വെള്ളി വെളിച്ചത്തിലേക്ക് പിടിച്ചുനിർത്തുന്നത്.
”രാജീവ് രവിയെ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന കാലംമുതൽ എനിക്കറിയാം. നാടക പ്രവർത്തകനായ ഗോപൻ ചിദംബരത്തിന്റെ ഷോർട്ട് ഫിലിമിൽ ഞാനും ജോസ്പ്രകാശുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതിന്റെ ഛായാഗ്രഹണം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നിറങ്ങിയ രാജീവ് രവി ആയിരുന്നു. അമൽ നീരദ് അതിന്റെ അസോസിയറ്റ് ഡയറക്ടറും അൻവർ റഷീദ് സ്റ്റിൽഫോട്ടോഗ്രാഫറുമായിരുന്നു. രാജീവ് രവി ആദ്യമായി മലയാള സിനിമ ഒരുക്കിയപ്പോൾ എന്നെ വിളിച്ചു. അന്നയും റസൂലിലെയും പൊലീസുകാരൻ.
ഞാൻ മാത്രമല്ല മലയാളസിനിമതന്നെ ഇതുവരെ കണ്ടുശീലിച്ച രീതിയിലല്ല രാജീവ് രവി സിനിമ എടുക്കുന്നത്്. ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കേണ്ട, പെരുമാറിയാൽ മതിയെന്ന് എനിക്ക് അവർ വ്യക്തമാക്കിത്തന്നു. നാടകരംഗത്ത് ഏറെക്കാലം ഉണ്ടായിരുന്നതുകൊണ്ടുതന്നെ എന്റെ പ്രകടനങ്ങളിൽ നാടകീയത ഉണ്ടായിരുന്നു. എം പി സുകുമാരൻനായരെ പോലുള്ളവരാണ് അതു തേച്ചുമിനുക്കാൻ എന്നെ സഹായിച്ചത്്. രാജീവും ദിലീഷ് പോത്തനുമെല്ലാം അതിനെ ഒരു പടികൂടി അപ്പുറത്തേക്ക് എത്തിച്ചു. അഭിനേതാവിന് പരിപൂർണ സ്വാതന്ത്യം അവർ നൽകുന്നുണ്ട്. ക്യാമറയ്ക്ക് മുന്നിൽ പിടിച്ചുനിർത്തിയശേഷം അഭിനയിക്കാൻ ആവശ്യപ്പെടുകയല്ല. സന്ദർഭം വിശദമായി പറഞ്ഞുതരുന്നു. തിരക്കഥയും സംഭാഷണവും മുന്നിലുക്ു. അവ വച്ച് അഭിനേതാവിന് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരമാണ് അവർ ഒരുക്കുന്നത്്. കഥാപാത്രങ്ങളെയാണ് അവർ ക്യാമറയിൽ പകർത്തുന്നത്്.” -അലൻസിയർ പറയുന്നു.
2013ൽ ഇറങ്ങിയ അന്നയും റസൂലും അതിനുശേഷം ഇറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസും, അലൻസിയറുടെ കീർത്തി വർധിപ്പിച്ചു. പക്ഷേ രണ്ടുവർഷത്തിനുശേഷം ഇറങ്ങിയ മഹേഷിന്റെ പ്രതികാരത്തിലെ ആർട്ടിസ്റ്റ് ബേബി എന്ന കഥാപാതത്തോടെയാണ് അദ്ദേഹം തിരക്കേറിയ നടൻ ആയത്. ഞാൻ സ്റ്റീവ്ലോപ്പസിലെ നിഗൂഢതകളൊളിപ്പിച്ച ഡിവൈഎസ്പി ജോർജും, ‘എന്റെ ഐഡിയ ആയിപ്പോയി’ എന്ന് സന്ദേഹിച്ച മഹേഷിന്റെ പ്രതികാരത്തിലെ ആർട്ടിസ്റ്റ് ബേബിയും ആഴമുള്ള തനിമയാർന്ന പ്രകടനത്തെയാണ് പ്രേക്ഷകർക്ക് ബോധ്യപ്പെടുത്തിയത്്. ഇപ്പോഴിതാ അപ്പൻ എന്ന സിനിമയിൽ ഒരു കട്ടിലിൽ തളർന്നുകിടന്നുകൊണ്ട് ഒപ്പിക്കാവുന്നതിന്റെ അങ്ങേയറ്റം ഒപ്പിക്കുന്ന വൃത്തികെട്ട ഒരു അപ്പനാണ് അദ്ദേഹത്തിന് പ്രത്യേക ജൂറി അവാർഡ് കൊണ്ടുവന്നത്.
ഇന്ന് മലയാളസിനിമയിൽ ഏറ്റവുമധികം ഓഫറുകൾ ലഭിച്ച താരമായിരിക്കും അലൻസിയർ. പണ്ട് തള്ളിപ്പറഞ്ഞവർ ഇപ്പോൾ ബന്ധുത്വംഭാവിച്ച് വരുന്നതുകാണുമ്പോൾ തന്റെ ചിരിയിൽ പുച്ഛം കലരാറുണ്ടെന്ന് അലൻസിയർ പറഞ്ഞിരുന്നു. മലയാള സിനിമയിൽ തിലകനും മുരളിയും അടക്കമുള്ളവർ ഇട്ടിട്ടുപോയ ഗ്യാപ്പ് നികത്തുന്നത് അലൻസിയറിനെപ്പോലുള്ളവരാണ്.
സിനിമയിൽ വന്നതോടെ നാടകത്തെ മറക്കുന്ന കലാകാരനല്ല അലൻസിയർ. നേരത്തെ ബാബറിമസ്ജിദ് തകർത്ത സമയത്ത്, മതേതരത്വം മരിച്ചുവെന്ന് പറഞ്ഞ് സെക്രട്ടിയറ്റിന് ചുറ്റം ഓടി ഏകാംഗ നാടകം കളിച്ച പ്രതിഷേധം അയാൾ വീണ്ടും ഉപയോഗിച്ചു. സംവിധായകൻ കമലിനോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആജ്ഞാപിച്ച സംഘ്പരിവാർ ഫാസിസത്തിനെതിരെയുള്ള പ്രതിഷേധമായി അയാൾ തെരുവിലിറങ്ങി. ഫഹദ് ഫാസിൽ നായകനായ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയുടെ ചിത്രീകരണത്തിനായി കാസർകോട് എത്തിയ അലൻസിയർ അവിടെ തന്റെ പ്രതിഷേധം നടത്തി.
മഹേഷിന്റെ പ്രതികാരത്തിലുടെ തിളങ്ങി നിൽക്കവേ, ഈ നടൻ അർധനഗ്നനായി കൈയിൽ കിലുക്കാംപെട്ടികളുമായി കാസർകോട് പുതിയ ബസ്സ്റ്റാൻഡിലേക്ക് ഓടിയെത്തിയപ്പോൾ നാട്ടുകാർ കാര്യമറിയാതെ അന്തിച്ചുനിന്നു. കൂടെ ചാനൽ ക്യാമറകളും കണ്ടതോടെ യാത്രക്കാർ ചുറ്റും കൂടി. അമേരിക്കയിൽ പോകാൻ ടിക്കറ്റ് വേണമെന്നായിരുന്നു അലൻസിയറുടെ ആവശ്യം.
രാജ്യസ്നേഹിയുടെ സർട്ടിഫിക്കറ്റ് തേടുന്നവർ ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും, അതുകൊണ്ട് അമേരിക്കയിലേക്കോ പോർച്ചുഗലിലേക്കോ രക്ഷപ്പെടുകയാണെന്നും പിന്നെ പറഞ്ഞു. കൂടെയാരെങ്കിലും വരുന്നുണ്ടോയെന്ന് ബസുകളിൽ കയറി യാത്രക്കാരോട് ആരാഞ്ഞു. അലൻസിയറിനെ അറിയാത്തവർ മറ്റുള്ളവരിലൂടെ അറിഞ്ഞപ്പോൾ കൗതുകത്തോടെ ഒപ്പം കൂടി. ഇതിനിടെ കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സംഘവുമെത്തി. അവരോടും തന്റെ കൂടെ അമേരിക്കയിലേക്ക് പോരുന്നോയെന്നു അലൻസിയർ ചോദിക്കുന്നുണ്ടായിരുന്നു
ഇത് ഏകാംഗ പ്രകടനമെന്ന് അറിയിച്ചപ്പോഴാണ് നാട്ടുകാർക്ക് കാര്യം പൂർണമായി പിടികിട്ടിയത്. തുടർന്ന് മുണ്ടൂരി അമേരിക്കൻ പതാക അടിവസ്ത്രമാക്കി സായ്പിന്റെ വേഷം അഭിനയിച്ച് കാണിച്ചു അലൻസിയർ.
മഹാഭാരത്തിൽ ജനിച്ച തനിക്ക് ഇവിടെത്തന്നെ ജീവിക്കാനുള്ള പ്രതിരോധമാണ് ഈ പ്രതിഷേധമെന്ന് അദ്ദേഹം പറഞ്ഞു. നടനായ താൻ നടിച്ചുകൊണ്ടാണ് പ്രതിഷേധിക്കുന്നത്. ഫാസിസത്തിന്റെ ആജ്ഞക്കനുസരിച്ച് ജീവിക്കാനാകില്ല. പ്രധാനമന്ത്രിയും അനുയായികളും രാജ്യസ്നേഹ സർട്ടിഫിക്കറ്റ് നൽകാൻ ആളായിട്ടില്ല. മറ്റുള്ളവർ മിണ്ടാതിരുന്നാലും താൻ തന്റേതായ രീതിയിൽ പ്രതിരോധിക്കുമെന്നറിയിച്ചാണ് അലൻസിയർ ഓട്ടോറിക്ഷയിൽ മടങ്ങിയത്.
അലൻസിയർ വിവാദങ്ങളിൽ പെടുന്നത് ഇത് ആദ്യമായിട്ടല്ല. 2018ലെ അവാർഡ്ദാനചടങ്ങിൽ ‘അമ്മ’ അധ്യക്ഷൻ കൂടിയായ മോഹൻലാലിനു നേരെയുള്ള നടൻ അലൻസിയറുടെ ‘തോക്കുപ്രയോഗം’ തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ ഞെട്ടലായരുന്നു. ദിലീപ് വിവാദം കത്തിനിൽക്കെ മോഹൻലാലിനെ, കൈ തോക്കാക്കി പ്രതീകാത്മകമായി ഫയർ ചെയ്തത് ഒരു രാഷ്ട്രീയമായി ചിലർ വായിച്ചു. മലയാള ചലച്ചിത്രമേഖലയിലെ തന്റെ സഹപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് താൻ ജനിച്ചു വളർന്ന തിരുവനന്തപുരം നഗരത്തിൽ നടക്കുമ്പോൾ അതിൽ പങ്കെടുക്കാൻ ആരുടേയും അനുവാദം ആവശ്യമില്ലെന്ന തകർപ്പൻ ഡയലോഗുകളോടെ ലാൽ കസറുന്നതിനിടെയാണ് അധികമാരുടേയും ശ്രദ്ധയിൽപ്പെടാതെ അലൻസിയർ മോഹൻലാൽ പ്രസംഗിക്കുന്നതിനു താഴെയെത്തിയത്.
പ്രസംഗപീഠത്തിനു താഴെനിന്ന് ആദ്യം വലതുകൈ നീട്ടി ഉന്നംപിടിച്ചു. ഉന്നം ശരിയായില്ലെന്നു കണ്ട് ഒരു വട്ടം കൂടി ഉന്നമെടുത്തു. പിന്നെ നടുവിരലും ചൂണ്ടുവിരലും ചേർത്തുപിടിച്ചു തോക്കിൻകുഴലാക്കി. തള്ളവിരൽ കൊണ്ടു ട്രിഗർ ഞെരിച്ചു. രണ്ടു വെടി. അടുത്ത നിമിഷം പടിക്കെട്ടുകയറി സ്റ്റേജിലേക്കു കയറാൻ ശമിച്ചു. അന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും വേദിയിലുണ്ടായിരുന്ന ഏതാനും പൊലീസുകാരും ചേർന്ന് ശ്രമം തടഞ്ഞു. ഉന്തിത്തള്ളി വേദിക്കു പിന്നിലേക്കു കൊണ്ടുപോയി. അപ്പോഴേക്കും ലാൽ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. ആരാധകരുടെ കരഘോഷത്തിനും ആർപ്പുവിളികൾക്കുമിടയിൽ അദ്ദേഹം ഇരിപ്പിടത്തിലേക്കു മടങ്ങി.
അലൻസിയർ കൈ ചൂണ്ടി വെടി വയ്ക്കുന്നതും വേദിയിലേക്കു കയറാൻ ശ്രമിക്കുന്നതുമെല്ലാം നോക്കി വായിച്ചു പ്രസംഗത്തിനിടയിലും മോഹൻലാലിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിന്റെ അലോസരം ലാലിന്റെ മുഖത്തു മിന്നി മായുകയും ചെയ്തു. അന്ന് അപകടം മണത്ത മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് അലങ്കോലപ്പെടാതിരിക്കാനും അലൻസിയറുടെ പ്രവൃത്തിയുടെ ഗൗരവം കുറയ്ക്കാനും നന്നായൊന്നു ചിരിച്ചു. കുറച്ചുസമയത്തിനു ശേഷം മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഏറ്റു വാങ്ങാനായി വേദിയിലെത്തിപ്പോൾ മുഖ്യമന്ത്രി അലൻസിയറോട് തോക്കുപ്രയോഗത്തെക്കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. മറുപടി പറയാതെ ചിരിച്ചുകൊണ്ടായിരുന്നു 2018ൽ അലൻസിയറുടെ നിൽപ്പ്.
പക്ഷേ അഞ്ചു കൊല്ലം കഴിയുമ്പോൾ അതേ വേദിയിൽ മറ്റൊരു വിവാദം. അത് മലയാള സിനിമയ്ക്ക് തന്നെ നാണക്കേടായി എന്നാണ് വിലയിരുത്തൽ.
പീഡനക്കേസ് ഉൾപ്പെടെ പല വിവാദങ്ങളിൽ അലൻസിയർ പെട്ടിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പേര് വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാതെയാണെന്ന ആക്ഷേപം ഉയർന്നതോടെയാണ് അത് താനാണെന്ന വെളിപ്പെടുത്തലുമായി നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തിയത്. ‘ആഭാസം’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് അലൻസിയർ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. പ്രലോഭനശ്രമങ്ങളുമായാണ് അലൻസിയർ തുടക്കം മുതൽ സമീപിച്ചിത്. മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞെന്നും മദ്യപിച്ചെന്ന് മുറിയിൽ കയറിവന്നെന്നും ആരോപിച്ചു.
ഇതിൽ പരസ്യമായി മാപ്പു പറഞ്ഞാണ് അലൻസിയർ തടിയൂരിയത്. പ്രശ്നങ്ങൾ പരിഹരിക്കാൻ പരസ്യമായി നടൻ മാപ്പു പറയണമെന്ന് അഭിമുഖത്തിൽ ദിവ്യ ആവശ്യപ്പെട്ടിരുന്നു.- ”എന്റെ പെരുമാറ്റം ദിവ്യയെ വേദനിപ്പിച്ചുവെന്ന് മനസിലാക്കിയപ്പോൾതന്നെ ഞാൻ ആത്മാർഥമായി മാപ്പു പറഞ്ഞിരുന്നു. പിന്നീട് വിഷയം പരസ്യമായപ്പോൾ, പരസ്യമായി തന്നെ മാപ്പു പറയണമെന്ന് ദിവ്യ ആവശ്യപ്പെട്ടു. ഞാൻ വീണ്ടും എന്റെ തെറ്റിന് മാപ്പു പറയുകയാണ്. ദിവ്യയോട് മാത്രമല്ല എന്റെ പെരുമാറ്റം വേദനിപ്പിച്ചിട്ടുള്ള എല്ലാ സഹപ്രവർത്തകരോടും ഞാൻ ക്ഷമാപണം നടത്തുന്നു. ഞാൻ വിശുദ്ധനല്ല, എല്ലാവരെയും പോലെ ഒരു മനുഷ്യൻ മാത്രമാണ്. തെറ്റുകൾ ചെയ്തിട്ടുണ്ട്. വേദനിച്ചവരുടെ അവസ്ഥ മനസിലാക്കുന്നതിനുള്ള ഒരേ ഒരു വഴി ചെയ്ത തെറ്റുകൾ സമ്മതിക്കുകയും അതിൽ പശ്ചാത്തപിക്കുകയും ചെയ്യുക മാത്രമാണ്’- അലൻസിയർ അന്ന് പറഞ്ഞത് അങ്ങനെയാണ്.
ഇതോടെ ഇനി ഈ കേസുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഇവിടെ എല്ലാം അവസാനിക്കുന്നതായും ദിവ്യ പറഞ്ഞിരുന്നു. അതോടെയാണ് മാധ്യമങ്ങൾ ആഘോഷിച്ച വിവാദം അവസാനിച്ചത്. പക്ഷേ അതിന് ശേഷവും അലൻസിയർ ഒരു പ്രമുഖ സംവിധായകന്റെ ഫ്ലാറ്റിൽ കയറി കൈ കൊണ്ട് പ്രതീകാത്മകമായി വെടിവച്ചതും വാർത്തയായി.
നടി ദിവ്യ ഗോപിനാഥിന്റെ മീ ടു വെളിപ്പെടുത്തലിന് പിന്നാലെ അലൻസിയറിനെതിരെ മറ്റൊരു ഗുരുതര ആരോപണം ഉയർന്നിരുന്നു. മൺസൂൺ മാംഗോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അമേരിക്കയിൽ വെച്ച് കറുത്ത വർഗ്ഗക്കാരിയായ പെൺകുട്ടിയെ കടന്നുപിടിച്ചെന്നും വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് ആരോപണം. ഇത് ഫഹദ് ഫാസിൽ, ടോവിനോ തോമസ്, വിനയ്ഫോർട്ട് തുടങ്ങിയ മലയാളി താരങ്ങളുൾപ്പെടെ മൊത്തം ക്രൂവിനെ മൊത്തത്തിൽ നാണക്കേടിലാക്കിയിരുന്നു.
ഈ വിവരം വെളിപ്പെടുത്തിയ ഫേസ്ബുക്ക്പോസ്റ്റ് ഇങ്ങനെയാണ്. -”ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലാണ് ഇയാൾ പ്രേക്ഷകർക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നത് .അമേരിക്കയിൽ പൂർണമായും ചിത്രീകരിച്ച മൺസൂൺ മംഗോസ് എന്നചിത്രത്തിലേക്കു സ്റ്റീവ്ലോപെസ് ഇറങ്ങുന്നതിനു മുൻപുതന്നെ ഇയാൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവിടുന്നു അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ബാക്കി ക്രൂവിനുമുമ്പിൽ തികച്ചും മാന്യനും ,വിനീതനുമായി പെരുമാറിയ ഇയാൾ, അവിടെ ചെന്നപ്പോൾ തന്റെ തനിസ്വഭാവം കാണിച്ചുതുടങ്ങി. പൂർണമായും മദ്യത്തിനടിമയായിരുന്ന ഇയാൾ രാവിലെതന്നെ അവിടെ പരിചയപ്പെടുന്ന മലയാളികളുടെ വകയായി കിട്ടുന്ന ഓസ് മദ്യം പരമാവധി വലിച്ചുകയറ്റുമായിരുന്നു. തുടർന്ന് തെറിപ്പാട്ടും ചവിട്ടുനാടകവും പതിവും .എല്ലാത്തരത്തിലും ഇയാളെ കൊണ്ട് പൊറുതിമുട്ടിയ പ്രൊഡക്ഷൻ ടീം , എങ്ങേനെയും ഇയാളുടെ റോളുത്തീർത്തു നാട്ടിലേക്ക് കയറ്റിവിടാൻ തീരുമാനിച്ചു.
ലൊക്കേഷനിലേക്കുള്ള മലയാളി ഫുഡ് എന്നും കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ടിരുന്നത് 22 വയസ്സോളം പ്രായം ഉണ്ടായിരുന്ന ഒരു കറുത്തവർഗക്കാരി പെൺകുട്ടിയായിരുന്നു. പിതാവ് ഒരു ആക്സിഡന്റിൽ മരണപ്പെട്ട അവൾ ഇതുപോലുള്ള പാർട്ട് ടൈം ജോലിചെയ്തായിരുന്നു പഠിത്തം തുടർന്നിരുന്നത്. അപ്പോഴേക്കും ഒരുവിധം എല്ലാവരെയും വെറുപ്പിച്ചിരുന്ന അലെൻസിറിനെ നാട്ടിലേക്കു പാക്കുചെയ്യുന്ന ദിവസം എത്തി. ഉച്ചക്കുള്ള ഭക്ഷണം എടുക്കാൻ ചെന്ന മേൽപ്പറഞ്ഞ പെൺകുട്ടിയോട് പോകുംവഴി ഏറെ അകലെയല്ലാത്ത എയർപോർട്ടിൽ അലെൻസിയറെ ഡ്രോപ് ചെയ്യണമെന്ന് പ്രൊഡക്ഷൻ ഹെഡ് ആയ വെള്ളക്കാരി ചുമതലപ്പെടുത്തിയിരുന്നു .
എയർ പോർട്ടിലെ പാർക്കിങ് ലോട്ടിൽ എത്തിയ ഉടൻ അലൻസിയർ ആ പെൺകുട്ടിയെ കടന്നു പിടിച്ചു. ഞെട്ടിത്തരിച്ചു പോയ ആകുട്ടിയോടു. ”ഞാൻ കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ, എനിക്കാനൊന്നു വഴങ്ങിത്തരണം” എന്ന് അയാൾ അലറി’.”- ഇങ്ങനെയാണ് ആ പോസ്റ്റിൽ സംഭവം വിശദീകരിക്കുന്നത്. ഇന്ത്യക്കാർ മൊത്തം തലകുനിച്ചുപോയ കേസിൽ വലിയ തുക കൊടുത്താണ്, പ്രൊഡ്യൂസർ തടിയൂരിയത് എന്നാണ് പറയുന്നത്. എന്നാൽ ഇതും മദ്യലഹരിയിൽ പറ്റിപ്പോയതാണ് എന്നാണ് അലൻസിയർ പറഞ്ഞത്.
പക്ഷേ വ്യക്തിജീവിതത്തിൽ എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടെങ്കിലും അഭിനയത്തോട് കടുത്ത പാഷനുള്ള വ്യക്തിയുമാണ് അലൻസിയർ. ഒരേ സമയം കലയും കലാപവും കൊണ്ടുനടക്കുന്ന അയാളുടെ എക്സെൻട്രിക്ക് സ്വാഭാവം പലർക്കും തിരിച്ചറിയാൻ കഴിയുന്നില്ല. മീ ടു വിവാദത്തിനുശേഷമുള്ള കുറച്ചുകാലം അലൻസിയർ തീർത്തും ശാന്തമായിട്ടായിരുന്നു ജീവിച്ചിരുന്നത്. അതിനിടയിൽ ആണ് ഇപ്പോൾ പുതിയ വിവാദത്തിനു തിരി കൊളുത്തിയിരുക്കുന്നത്. എന്തായാലും തിലകനും, നരേന്ദ്രപ്രസാദും, മുരളിയും, രാജൻ പി ദേവുമൊക്കെ ഒഴിച്ചിട്ട സിംഹാസനങ്ങളിൽ ഇരിക്കേണ്ട നടൻ. അലമ്പൻസിയർ എന്ന പേര് തിരുത്തിക്കൊണ്ട്, ഈ നടന് ശക്തമായി തിരിച്ചുവരാൻ കഴിയട്ടെ.