തിയറ്ററിൽ ആരവം സൃഷ്ടിച്ച ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടിയുടെ മറ്റൊരു നവാഗത ചിത്രം കൂടിയായ കണ്ണൂർ സ്ക്വാഡ് സംവിധാനം ചെയ്തത് റോബി വർഗീസ് രാജ് ആയിരുന്നു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജോർജ് മാർട്ടിൻ ആയി മലയാളത്തിന്റെ മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ, അതദ്ദേഹത്തിന്റെ കരിയറിൽ എടുത്തു കാട്ടാവുന്ന മറ്റൊരു പൊലീസ് കഥാപാത്രം ആയി മാറി.
സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് മുപ്പത്തി അഞ്ച് ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഈ അവസരത്തിൽ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. ഒടിടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം ഈ മാസം അവസാനത്തോടെ കണ്ണൂർ സ്ക്വാഡ് ഒടിടിയിൽ എത്തും. ഇവരുടെ കണക്ക് പ്രകാരം ഒക്ടോബര് 28. ഇതനുസരിച്ചാണെങ്കിൽ നാലാഴ്ചത്തെ എക്സ്ക്ലൂസീവ് തിയറ്റർ റൺ പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക് എത്തുന്നത് എന്ന് വ്യക്തം.
അതേസമയം, ഏത് പ്ലാറ്റ്ഫോമിൽ ആകും സ്ട്രീമിംഗ് നടക്കുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നേരത്തെ, ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സോണി ലിവ് സ്വന്തമാക്കിയതായി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. പിന്നീട് സ്ട്രീമിംഗ് അവകാശം പ്ലാറ്റ്ഫോമിന് ഇല്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ഒടിടി പ്ലെ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടയിൽ ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിനാകും കണ്ണൂർ സ്ക്വാഡിന്റെ സ്ട്രീമിംഗ് അവകാശം എന്നും പറയപ്പെടുന്നുണ്ട്.