തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. സിപിഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ്.രാജ്യത്തെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാവ്. വിപ്ലവ വഴിയില്‍ അസാധ്യമായതെല്ലാം നേടിയെടുത്ത സഖാവ്. അസുഖത്തിന്റെ ആലസ്യത്തിലും കേരളീയ സമൂഹത്തിലെ ചലനങ്ങള്‍ വി എസ് മനസ്സിലാക്കുന്നു.
മകൻ വിഎ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് നിലവില്‍ വി എസ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വി എസ് അറിയുന്നുണ്ടെന്ന് മകൻ അരുണ്‍കുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നേരിയ പക്ഷാഘാതത്തെ തുടര്‍ന്നാണ് വി എസ് പൊതു വേദിയില്‍ നിന്ന് അകന്നത്. അനാരോഗ്യത്തെ തുടര്‍ന്ന് വിശ്രമത്തിലായെങ്കിലും വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ്. ആരോഗ്യപ്രശ്നങ്ങളുണ്ടാകുംവരെ വി എസ് സമരപഥങ്ങളില്‍ നിറഞ്ഞുനിന്നു. ഇടവേളകള്‍ അറിയാത്ത ആ പോരാട്ട ജീവിതത്തിലെ അവസാനത്തെ പ്രസംഗം 2019 ഒക്ടോബര്‍ 23ന് പുന്നപ്ര പറവൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയതായിരുന്നു. മലയാളി ഏറെ കേള്‍ക്കാൻ ആഗ്രഹിക്കുന്നതാണ് ഇന്നും വിഎസിന്റെ വാക്കുകള്‍.