കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വൻ വര്‍ധന. ഗ്രാമിന് 60 രൂപ വര്‍ധിച്ച് വില 5740 രൂപയായി. പവന് 480 രൂപ കൂടി 45,920 രൂപയിലെത്തി.സര്‍വകാല റെക്കോര്‍ഡിലാണ് സ്വര്‍ണനിരക്ക് ഇപ്പോള്‍. 2023 മെയ് അഞ്ചിലായിരുന്നു സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. അന്ന് 45,760 രൂപയായിരുന്നു പവന്റെ വില. സ്പോട്ട് ഗോള്‍ഡിന്റെ വിലയും വൻതോതില്‍ ഉയരുകയാണ്. വെള്ളിയാഴ്ച സ്പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 2000 ഡോളറായി ഉയര്‍ന്നു.ഔണ്‍സിന് 2006 ഡോളറിലാണ് സ്പോട്ട് ഗോള്‍ഡ് വ്യാപാരം അവസാനിപ്പിച്ചത്. മള്‍ട്ടി കമോഡിറ്റി എക്സ്ചേഞ്ചിലും സ്വര്‍ണത്തിന്റെ ഭാവി വിലകള്‍ ഉയര്‍ന്നു.ഇസ്രായേല്‍ ഹമാസ് സംഘര്‍ഷമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.
സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണികളില്‍ അനിശ്ചിതത്വം തുടരുന്നു. ഇതുമൂലം നിക്ഷേപകര്‍ കൂടുതല്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണം തെരഞ്ഞെടുക്കുകയാണ്. സംഘര്‍ഷം അയവില്ലാതെ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയെ അത് സ്വാധീനിക്കും. അതേസമയം, നേട്ടത്തോടെ ഇന്ത്യൻ ഓഹരി വിപണികള്‍ കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. ബോംബെ സൂചിക സെൻസെക്സ് 634 പോയിന്റ് നേട്ടത്തോടെ 63,782 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 190 പോയിന്റ് നേട്ടത്തോടെ 19,047 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.