മാവേലിക്കര: അനുഷ്ഠാന കലയുടെ നാടോടി സൗന്ദര്യം പേറുന്ന പുള്ളുവൻ പാട്ട് കുലത്തൊഴിലാക്കിയ കലാകാരന് എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം.
പുരാതന പുള്ളുവ തറവാടായ ചെട്ടികുളങ്ങര ഉണിച്ചിരേത്ത് വിശ്വനാഥന്റെയും ഗീതയുടെയും മകൻ വിഷ്ണു വിശ്വനാഥാണ് മനസ്സില്‍ അനുഷ്ഠാന കലയുടെ സൗന്ദര്യവുമായി എം.ബി.ബി.എസ് എന്ന നേട്ടത്തിന് ഉടമയായത്. ചെറുപ്രായം മുതല്‍ അച്ഛനോടൊപ്പം ചെട്ടികുളങ്ങര ഉള്‍പ്പെടെയുള്ള മഹാക്ഷേത്രങ്ങളിലും സര്‍പ്പംപാട്ട് വേദികളിലും പുള്ളോൻവീണ വായിച്ചുവരുന്ന വിഷ്ണു മെഡിസിന് പഠിക്കുമ്ബോഴും കുലത്തൊഴില്‍ ഉപേക്ഷിച്ചിരുന്നില്ല.
അച്ഛന്റെ മരണശേഷം അമ്മ ഗീതക്കും സഹോദരൻ ചെട്ടികുളങ്ങര ജയകുമാറിനുമൊപ്പം ക്ഷേത്രത്തില്‍ പുള്ളുവൻ പാട്ടിനും നാഗക്കളമെഴുത്തിനും സഹായിയായി പോകുമായിരുന്നു. കൊല്ലം മെഡിസിറ്റി ട്രാവൻകൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് കരസ്ഥമാക്കിയ വിഷ്ണു അതേ കോളജില്‍തന്നെ ഹൗസ് സര്‍ജനായി ചേര്‍ന്നു. സഹോദരി ലക്ഷ്മി പ്രിയ ജി. നാഥ് ഷൊര്‍ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ഡോക്ടറാണ്. മക്കളെ ഡോക്ടറാക്കണമെന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നെന്നും അത് സാധ്യമായതില്‍ സന്തോഷമുണ്ടെന്നും ഡോ. വിഷ്ണു പറഞ്ഞു.