പാലക്കാട്: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യവികസന ഏജൻസിയായ അസാപ് കേരളയും സംസ്ഥാന വനിതാ-ശിശുവികസന വകുപ്പും പാലക്കാട് ജില്ല ഭരണകൂടവും കൈകോര്‍ത്ത് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ കീഴില്‍ അട്ടപ്പാടിയിലെ വനിതകള്‍ക്കായി ബ്യൂട്ടി തെറാപ്പിസ്റ്റ് പരിശീലനം നല്കുന്നു.
തൊഴില്‍നൈപുണ്യം നേടി സ്വയംതൊഴില്‍ കണ്ടെത്തുകയും സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ സ്ത്രീശാക്തീകരണവുമാണ് അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് എന്ന ഈ പരിശീലനകോഴ്സിലൂടെ ലക്ഷ്യമിടുന്നത്. സൗന്ദര്യ പരിപാലന രംഗത്ത് മികവ് പുലര്‍ത്താൻ ആവശ്യമായ വൈദഗ്ധ്യവും അറിവും അസാപ് കേരളയുടെ പരിശീലനത്തിലൂടെ പഠിതാക്കള്‍ക്ക് ലഭിക്കും.
നിലവില്‍ 13 പേരാണ് ഈ കോഴ്സില്‍ പരിശീലനം നേടുന്നത്. കേന്ദ്രഏജൻസിയായ എൻ.എസ്.ഡി.സി. സര്‍ട്ടിഫിക്കറ്റാണ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുക. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി തന്നെ ഷോളയൂര്‍, മുക്കാലി എന്നിവിടങ്ങളിലെ മോഡല്‍ റെസിഡൻഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായി പ്രാഥമിക ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനുള്ള ബേസിക് പ്രൊഫിഷ്യൻസി കോഴ്സ് ഇൻ ഇംഗ്ലീഷ് പരിശീലനവും അസാപ് കേരള സംഘടിപ്പിക്കുന്നുണ്ട്.