കൊപ്രസംഭരണത്തിന്റെ ഭാഗമായി വി.എഫ്.പി.സി.കെ. കേരളത്തിലെ കര്‍ഷകരില്‍നിന്ന് സംഭരിച്ച പച്ചത്തേങ്ങയുടെ പ്രതിഫലം വൈകുന്നു. കേന്ദ്രഏജൻസിയായ നാഫെഡ് ഫണ്ട് അനുവദിച്ചിട്ടും നടപടിക്രമങ്ങളിലെ ദൈര്‍ഘ്യമാണ് പണംവൈകാൻ കാരണം.സെപ്റ്റംബര്‍ 12 മുതലാണ് വി.എഫ്.പി.സി.കെ. തേങ്ങസംഭരണം തുടങ്ങിയത്. ഈ തേങ്ങ വി.എഫ്.പി.സി.കെ. കൊപ്രയാക്കി നാഫെഡിന് കൈമാറിത്തുടങ്ങിയിട്ട് ഒന്നരമാസമായി.
കൊപ്രസംഭരണപദ്ധതിയില് കേരളത്തില്‍നിന്ന് ഇതുവരെ 3722 കര്‍ഷകരാണ് തേങ്ങ നല്‍കിയത്. ഇതില്‍ പണം കിട്ടിയത് 789 കര്‍ഷകര്‍ക്കുമാത്രമാണ്. ഏതാണ്ട് 500 ടണ്‍ കൊപ്രയുടെ പണം ഇനി കിട്ടാനുണ്ട്. കേന്ദ്ര-സംസ്ഥാന വിഹിതം ഉള്‍പ്പെടെ അഞ്ചു കോടി രൂപയോളം വരുമിത്. കേരഫെഡ് വഴി സംഭരിച്ച പച്ചത്തേങ്ങയുടെ മൂന്നുമാസത്തെ പണം കര്‍ഷകര്‍ക്ക് കുടിശ്ശികയാണ്. ഇതിനൊപ്പം നാഫെഡിനു വേണ്ടിയുള്ള കൊപ്രസംഭരണത്തിന്റെ പണവും കുടിശ്ശികയായതോടെ നാളികേര കര്‍ഷകര്‍ക്ക് ഇരട്ടപ്രഹരമായി.