കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷാവിധി നവംബര്‍ 14-ന്.
വ്യാഴാഴ്ച പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദംകേട്ട ശേഷമാണ് നവംബര്‍ 14-ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചത്. ബാലികയെ നിഷ്കരുണം കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ പ്രഖ്യാപിക്കുന്നത് ശിശുദിനത്തിലാണെന്നതും പ്രത്യേകതയാണ്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച നടന്ന വാദത്തില്‍ പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളില്‍ 13 കുറ്റങ്ങളിലാകും ശിക്ഷ വിധിക്കുകയെന്ന് കോടതി പറഞ്ഞു. മൂന്ന് കുറ്റങ്ങള്‍ ആവര്‍ത്തിച്ചുവന്നിരിക്കുന്നതിനാലാണ് 13 കുറ്റങ്ങളില്‍ മാത്രം ശിക്ഷ വിധിക്കുന്നതെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെ തന്നെ പ്രതി അസ്ഫാകിനെ ജയിലില്‍നിന്ന് കോടതിയില്‍ എത്തിച്ചു. 11 മണിയോടെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്നോ കോടതി അസ്ഫാക് ആലത്തിനോട് ചോദിച്ചു. നീതിയുക്തമായത് ചെയ്യണമെന്നായിരുന്നു അസ്ഫാക് ആലം മറുപടി നല്‍കിയത്. ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗവും കോടതിയില്‍ ആവശ്യപ്പെട്ടു. വധശിക്ഷ നല്‍കരുത്, പ്രായം പരിഗണിക്കണം. മനഃപരിവര്‍ത്തനത്തിന് അവസരം നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.