കൊച്ചി: അന്തരിച്ച നടൻ കലാഭവൻ ഹനീഫിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പതിനൊന്നരയ്ക്ക് കൊച്ചി മട്ടാഞ്ചേരിയിലെ ചെമ്ബിട്ട പള്ളിയില്‍ വെച്ചാണ് സംസ്കാരം നടക്കുക.
ദീര്‍ഘകാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന കലാഭവൻ ഹനീഫിന്റെ ആരോഗ്യനില ഇന്നലെ വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബുധനാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മിമിക്രി വേദികളിലൂടെ അഭിനയ രംഗത്തേയ്ക്ക് വന്ന ഹനീഫ് 150ല്‍ അധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. സിനിമാ രംഗത്തെ നിരവധി പേര് വീട്ടിലെത്തി അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.
1990ല്‍ ‘ചെപ്പു കിലുക്കണ ചങ്ങാതി’യാണ് ആദ്യ സിനിമ. ‘ഈ പറക്കുംതളിക’, ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘തുറുപ്പു ഗുലാൻ’, ‘പാണ്ടിപ്പട’, ‘ദൃശ്യം’ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. അറുപതോളം ടെലിവിഷൻ പരമ്ബരകളിലും അദ്ദേഹം അഭിനയിച്ചു. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനില്‍ എത്തിച്ചത്. സ്റ്റേജ് ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.