തിരുവനന്തപുരം: കൃത്യമായി കണക്കു നല്കാത്തതിനാല് സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയില്‍ കേരളത്തിനുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു.നവംബര്‍വരെയുള്ള കണക്കില്‍ 125 കോടിരൂപ അനുവദിക്കേണ്ടതില്‍ പകുതിപോലും നല്‍കിയില്ല. കേന്ദ്രവും സംസ്ഥാനവും വഹിക്കേണ്ട ചെലവ് 60:40 ശതമാനമെന്ന അനുപാതത്തിലാണ് ഉച്ചഭക്ഷണപദ്ധതി. ഈവര്‍ഷം 184.31 കോടിരൂപയാണ് കേന്ദ്രവിഹിതം. സംസ്ഥാനം 163.16 കോടി ചെലവഴിക്കും.
നവംബര്‍വരെയുള്ള ആദ്യഗഡു 125 കോടിയാണെന്നിരിക്കെ 54.16 കോടി രൂപയെ കേന്ദ്രം നല്‍കിയിട്ടുള്ളൂ. കേരളം കൃത്യമായി കണക്കു നല്‍കിയിട്ടില്ലെന്നാണ് ബാക്കി തുക തടഞ്ഞതിന് കേന്ദ്രം പറയുന്ന കാരണം. കേരളം സമര്‍പ്പിച്ച കണക്കനുസരിച്ച് 54.16 കോടിരൂപ അനുവദിച്ച് വെള്ളിയാഴ്ച ധനമന്ത്രാലയം ഉത്തരവിറക്കി. ഒരുകുട്ടിക്ക് 8.17 രൂപവീതം നല്കാൻ കേന്ദ്രം നിര്‍ദേശിച്ചെങ്കിലും കേരളം എട്ടുരൂപയെ നല്‍കുന്നുള്ളൂ. 150 കുട്ടികളുള്ള സ്കൂളിന് ഒരുവിദ്യാര്‍ഥിക്ക് എട്ടുരൂപ, 150-500 കുട്ടികളുള്ള സ്കൂളിന് ഏഴുരൂപ, 500-ലേറെ കുട്ടികളുള്ള സ്കൂളിന് ആറുരൂപ എന്നിങ്ങനെ തിരിച്ചാണ് ചെലവഴിക്കല്‍. 500 കുട്ടികളുള്ള ഒരു സ്കൂളില്‍ ഉച്ചഭക്ഷണം നല്കാൻ പ്രഥമാധ്യാപകൻ മാസം ശരാശരി അരലക്ഷംരൂപ ബാധ്യത വഹിക്കേണ്ടിവരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. അധികതുക അനുവദിക്കാതെ, ആഴ്ചയില്‍ രണ്ടുദിവസം 300 മില്ലിലിറ്റര്‍ പാലും ഒരുദിവസം മുട്ടയും മുട്ട കഴിക്കാത്തവര്‍ക്ക് നേന്ത്രപ്പഴവും നല്കാൻ സര്‍ക്കാര്‍ നിര്‍ദേശിച്ചതും പ്രഥമാധ്യാപകരുടെ ഭാരം കൂട്ടി.