സിനിമപോലെയൊരു ജീവിതമായിരുന്നു നടൻ വിനോദ് തോമസിന്റേത്. നടന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മരണകാരണം വ്യക്തമായി.കാര്‍ബണ്‍ മോണോക്സൈഡ് അടങ്ങിയ വിഷപ്പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍. എ.സി. ഓണാക്കിയശേഷം അടച്ചകാറിനുള്ളില്‍ ഇരുന്ന വിനോദ് തോമസ് (45) മയങ്ങിയപ്പോള്‍ വിഷവാതകം ഉള്ളില്‍ ചെല്ലുകയായിരുന്നു.2016-ല്‍ ജിതിൻ ജോണ്‍ പൂക്കോയി എഴുതി സംവിധാനംചെയ്ത ‘ലൈഫ്-ലിവ് ഫിയര്‍ലസ്’ എന്ന ഹ്രസ്വചിത്രത്തില്‍ വിനോദ് തോമസ് ചെയ്ത കഥാപാത്രത്തിനും ഇതേ അന്ത്യമായിരുന്നു. ഒൻപതുമിനിറ്റ് 55 സെക്കന്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തില്‍ ശരവണൻ എന്ന ഡ്രൈവറുടെ വേഷമായിരുന്നു വിനോദിന്റേത്. എ.സി. ഓണ്‍ ചെയ്ത് അടഞ്ഞ കാറില്‍ ഇരിക്കുന്ന ഡ്രൈവര്‍ വിഷവാതകം ശ്വസിച്ച് മരിക്കുന്നതാണ് ഒരു രംഗം. ഷോര്‍ട്ട് സര്‍ക്യൂട്ട്, ഗ്യാസില്‍നിന്നുള്ള തീപ്പിടിത്തം, വാഹനത്തില്‍ എ.സി. അടഞ്ഞുണ്ടാകുന്ന വിഷപ്പുക എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങളാണ് ഹ്രസ്വചിത്രത്തിലെ പ്രമേയം.
കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫയര്‍ ആൻഡ് സേഫ്റ്റി വിഭാഗത്തിനുവേണ്ടി ഏഴുവര്‍ഷംമുമ്ബ് ചെയ്ത വീഡിയോയാണിത്. ഇന്നും ഇത്തരത്തില്‍ അപകടസാധ്യതയുണ്ടെന്ന് ഹ്രസ്വചലച്ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ജോണ്‍ പറഞ്ഞു. വിനോദ് തോമസിന്റെ സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് മുട്ടമ്ബലം പൊതുശ്മശാനത്തില്‍ നടക്കും.