സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്കായി (പി.എം. പോഷണ്‍) സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന അരി ഉപയോഗിക്കാനുള്ള കേരളത്തിന്റെ അപേക്ഷ വിദ്യാഭ്യാസമന്ത്രാലയത്തിന് കിട്ടിയിട്ടില്ലെന്ന് മന്ത്രി ധര്മേന്ദ്രപ്രധാൻ.നടപ്പുസാമ്ബത്തികവര്‍ഷം ഇതുവരെ 71,598.86 ടണ്‍ അരി കേരളത്തിന് എഫ്.സി.ഐ.വഴി അനുവദിച്ചതായും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു. കഴിഞ്ഞ സാമ്ബത്തികവര്‍ഷം പദ്ധതിക്കായി നല്കിയ തുകയില്‍ 32.34 കോടി രൂപ കേരളം ചെലവഴിച്ചില്ലെന്നും കെ.സി. വേണുഗോപാല്‍ എം.പി.ക്ക് മന്ത്രി രേഖാമൂലം മറുപടി നല്കി. ചെലവഴിച്ച രേഖ നല്‍കിയില്ലെങ്കില്‍ ഈ വര്‍ഷത്തെ കേന്ദ്രവിഹിതമായ 303.21 കോടിയില്‍നിന്ന് ഇത് വെട്ടിക്കുറച്ചേക്കും.
നടപ്പുവര്‍ഷം കേരളത്തിന് 478.96 കോടിയാണ് അനുവദിച്ചത്. ഇതില്‍ 175.75 കോടി സംസ്ഥാനവിഹിതവും ബാക്കി കേന്ദ്രവിഹിതവുമാണ്. കേരളത്തില്‍ ഉച്ചഭക്ഷണത്തിനായി 70,000-ത്തോളം ടണ്‍ അരിയാണ് വേണ്ടത്. എഫ്.സി.ഐ. വഴിയനുവദിക്കുന്ന അരിക്കുപകരം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന അരി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് കേരള ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ കേന്ദ്ര ഭക്ഷ്യസെക്രട്ടറിക്ക് നവംബര്‍ 13-ന് നല്കിയ നിവേദനത്തില്‍ അഭ്യര്‍ഥിച്ചിരുന്നു. കേരളത്തിലെ കര്‍ഷകരില്‍നിന്ന് വര്‍ഷം നാലരലക്ഷം ടണ്‍ അരി ശേഖരിക്കുന്നുണ്ടെന്നും ഇതില്‍ മൂന്നരലക്ഷം ടണ്‍ റേഷൻകടകളിലൂടെ വിതരണം ചെയ്യുന്നതായും ബാക്കി ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കാൻ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.അരിയുടെ ഗുണനിലവാരമടക്കം സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രാലയം ഒട്ടേറെ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. സ്വന്തം അരി ഉപയോഗിക്കണമെങ്കില്‍ കേരളം പ്രത്യേകം അപേക്ഷ തയ്യാറാക്കി നല്‍കേണ്ടിവരും. ഭക്ഷണം പാകംചെയ്യാൻ അഗ്മാര്‍ക്ക് ഗുണനിലവാരവും ബ്രാൻഡുചെയ്തതുമായ ഭക്ഷ്യവസ്തുക്കളേ ഉപയോഗിക്കാനാകൂ, അധ്യാപകരടങ്ങുന്ന സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയിലെ മൂന്നുപേര്‍ ഭക്ഷണം രുചിച്ചുനോക്കിയേ കുട്ടികള്‍ക്ക് നല്‍കാവൂ, ഭക്ഷ്യസാംപിള്‍ അംഗീകൃത ലാബുകളില്‍ പരിശോധിക്കണം, എഫ്.സി.ഐ. സ്കൂളുകളിലേക്ക് നല്കുന്ന അരിയുടെ സാംപിള്‍ സൂക്ഷിക്കണം തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. അതിനാല്‍ കേരളം അപേക്ഷ നല്കിയാലും സ്വന്തം അരി ഉപയോഗിക്കാൻ അനുമതി കിട്ടില്ലെന്നാണ് സൂചന. നേരത്തേ ധനമന്ത്രി നിര്‍മലാ സീതാരാമനും കേരളം നല്കുന്ന അപേക്ഷകളിലും രേഖകളിലും കൃത്യതയില്ലെന്ന പരാതി ഉന്നയിച്ചിരുന്നു.