സബ്സിഡി നിരക്കില്‍ നിത്യോപയോഗസാധനങ്ങള്‍ നല്കി കടക്കെണിയിലായ സപ്ലൈകോ പിടിച്ചുനില്ക്കാൻ മദ്യവില്‍പ്പനയുടെ സാധ്യത തേടുന്നു.സാമ്ബത്തികപ്രതിസന്ധികാരണം ക്രിസ്മസ് ചന്തകള്‍ തുടങ്ങുന്നതുപോലും അനിശ്ചിതത്തില്‍ നില്‍ക്കെയാണ് പുതിയ നീക്കം.കണ്‍സ്യൂമര്‍ഫെഡിനെ മാതൃകയാക്കി മദ്യക്കച്ചവടം തുടങ്ങാനായുള്ള പ്രാഥമികപഠനം ആരംഭിച്ചു. സര്‍ക്കാരിന്റെ നയപരമായ അനുമതി ലഭിച്ചാലായിരിക്കും മുന്നോട്ടുപോകുന്നത്. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകള് കഴിഞ്ഞാല്‍ സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡിനാണ് ചെറുകിട മദ്യവില്‍പ്പന കേന്ദ്രങ്ങളുള്ളത്. 41 ചില്ലറവില്പ്പനകേന്ദ്രങ്ങളും മൂന്ന് ബിയര്‍-വൈൻ ഷോപ്പുകളും കണ്‍സ്യൂമര്‍ഫെഡിനുണ്ട്.
ജില്ലകളില്‍ ഉടനീളം പൊതുവിതരണ വില്‍പ്പന കേന്ദ്രങ്ങളുള്ള സപ്ലൈകോയ്ക്ക് മദ്യക്കച്ചവടത്തിനും സൗകര്യമൊരുക്കാനാകുമെന്നാണ് നിഗമനം. ബിവറേജസില്‍നിന്ന് ലഭിക്കുന്ന മദ്യത്തിന് 20 ശതമാനം ലാഭമെടുക്കാം. അടുത്തിടെ ലാഭവിഹിതം വര്‍ധിപ്പിച്ചിരുന്നു. വില്‍പ്പന നടത്തിയശേഷം മദ്യക്കമ്ബനികള്‍ക്ക് തുക നല്കുന്ന രീതിയാണ് ബിവറേജസ് അവലംബിക്കുന്നത്. സാമ്ബത്തികപ്രതിസന്ധി തടസ്സമാകില്ലെന്നാണ് കണക്കുകൂട്ടല്‍.ബിവറേജസ് കോര്പ്പറേഷൻ വില്‍പ്പനകേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാൻ 68 പുതിയ ഷോപ്പുകള്‍ തുറക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും കെട്ടിടം ലഭ്യമല്ലാത്തതിനാല്‍ തുടങ്ങാനായിട്ടില്ല. സര്‍ക്കാര്‍ അനുമതി നല്കുകയാണെങ്കില് എക്സൈസ് നടപടിക്രമം പൂര്‍ത്തിയാക്കേണ്ടതുണ്ട്.