വൈക്കം : മഹാദേവക്ഷേത്രത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ എത്തിയ അയ്യപ്പഭക്തരെ തടഞ്ഞു. ദേവസ്വം പാര്‍ക്കിങ് മൈതാനത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ പുറത്തിറക്കാൻ പോലീസ് സമ്മതിച്ചില്ല.മണിക്കൂറുകളോളം തടഞ്ഞതില്‍ പ്രതിഷേധിച്ച ഭക്തര്‍ വടക്കേനട റോഡില്‍ കുത്തിയിരുന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. ക്രിസ്മസ് അവധിയായതിനാല്‍ ഹോട്ടലുകള്‍ അടച്ചത് ഭക്തരെ ബുദ്ധിമുട്ടിലാക്കി. വൈക്കം എ.എസ്.പി. നകുല്‍ രാജേന്ദ്ര ദേശ്മുഖ് അയ്യപ്പഭക്തരെ കാര്യങ്ങള്‍ പറഞ്ഞു അനുനയിപ്പിക്കുകയും ഇവര്‍ക്ക് ആവശ്യമായ കുടിവെള്ളവും ബിസ്കറ്റും എത്തിക്കുകയും ചെയ്തു.പ്രത്യേക വരിയിലൂടെ അയ്യപ്പഭക്തര്‍ക്ക് മഹാദേവക്ഷേത്രത്തിലെ പ്രാതലിനുള്ള സൗകര്യങ്ങള്‍ പോലീസും ദേവസ്വം വകുപ്പും ചേര്‍ന്ന് ഒരുക്കി കൊടുത്തു.ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അയ്യപ്പഭക്തരെ പോലീസ് പോകാൻ അനുവദിച്ചത്.ചൊവ്വാഴ്ച ചുരുക്കം ചിലവാഹനങ്ങള്‍ മാത്രമാണ് വൈക്കത്ത് എത്തിയത്.
കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം ഇടത്താവളത്തില്‍ തങ്ങിയ ശബരിമല തീര്‍ഥാടകരുടെ വാഹനം പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് അയ്യപ്പഭക്തര്‍ ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാത ഉപരോധിച്ചു. കടപ്പാട്ടൂര്‍ ക്ഷേത്രഗോപുരത്തിനു സമീപമാണ് ഉപരോധിച്ചത്.തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ഉപരോധം. മലപ്പുറത്ത് നിന്നെത്തിയ സ്വാമിമാരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്. 15 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ച് തീര്‍ഥാടകര്‍ കടപ്പാട്ടൂര്‍ ക്ഷേത്രത്തിലേക്ക് പോയി. ശബരിമലയില്‍ വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെടുന്നതിനാലാണ് സ്വാമിമാരെ തടഞ്ഞതെന്ന് പോലീസ് പറഞ്ഞു. പിന്നീട് തിരക്ക് കുറഞ്ഞതനുസരിച്ച് സ്വാമിമാരെ പോകാൻ അനുവദിക്കുകയായിരുന്നു.