എത്ര നേരം
ഇനിയുമിരുളിൽ
കരിമ്പുലിക്ക് പിന്നാലെ
ഒച്ചയനക്കങ്ങളില്ലാതെ
പിന്തുടരുമിതുപൊലെ
ക്ഷമയക്ഷമയായി
വഴിമാറി നടക്കുന്നു
പുലിയൊന്ന്
തിരിഞ്ഞെങ്കിലെന്ന്
ഉള്ളിലാ(ലോ)ർക്കുന്നു
ഇരുളിൽ തിളങ്ങുന്ന
കരിമ്പുലിക്കണ്ണുകളിൽ
ജ്വലിക്കും വെട്ടത്തിലിരുന്ന്
വായിച്ചു കേൾപ്പിക്കുവാൻ
കവിതയൊരെണ്ണമുണ്ട്.
രാത്രി, കരിമ്പുലി.
വരച്ചുനോക്കിയാൽ
പേപ്പറിൽ
ഒരുതുണ്ട് കൽക്കരി.
എടുത്തുമാറ്റിയാൽ
രോമഹർഷത്തിൻ
ഉമിക്കരി.
—————————————-
എഴുതിയത്: ഡോണാ മയൂര
ഡോണ മയൂര കവി (ദൃശ്യം/ഗദ്യം ), ചിത്രകാരി. കാലിഗ്രാഫി ഗ്രാഫിക്ക് കഥകളുടെ സ്രഷ്‌ടാവ്.പ്രവാസി. മലയാളത്തിൽ രണ്ട് കവിതാസമാഹാരം.ഐസ് ക്യൂബുകൾ (2012),നീല മൂങ്ങ, ഒന്നാം പതിപ്പും രണ്ടാം പതിപ്പും (2019) ഇൻസൈറ്റ് പബ്ലിക്ക, ഇന്ത്യ. ദൃശ്യകവിതാസമാഹാരം മൂന്നെണ്ണം സ്വീഡനിൽ നിന്നും പബ്ലിഷ് ചെയ്തു.ലിസണിങ്ങ് ടു റെഡ് (2018)എക്കോസ് (2019) ലാങ്ഗ്വജ് ലൈൻസ് ആന്റ് പോയട്രി (2020) } ടിംഗ്ലസെ എഡിഷൻസ്, സ്വീഡൻ.ഇറ്റലി, സ്പെയിൻ, പോർച്ച്യുഗൽ, പോളണ്ട്, യു.എസ്സ്.എ എന്നിവിടങ്ങളിലായി ദൃശ്യകവിതകൾ പലതവണ പ്രദര്‍ശനങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിൽ സിസിലിയിലെ സോഷ്യൽ മ്യൂസിയത്തിൽ സ്ഥിര പ്രദർശ്ശനത്തിനായി ദൃശ്യകവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള കവിത, നാലാമിടം, വുമൺ പോയറ്റ്സ് ഓഫ് കേരള-ന്യു വോയിസസ്സ്, എ ഹിസ്റ്ററി ഓഫ് വിഷ്വൽ ടെക്സ്റ്റ് ആർട്ട് (യു.കെ) തുടങ്ങിയ ആന്തോളജികളിലും, ഇന്ത്യൻ ലിറ്ററേച്ചർ, മലയാളം ലിറ്റററി സർവ്വേ, സാഹിത്യലോകം എന്നിവിടങ്ങളിലും, ഭാഷാപോഷിണി, ദേശാഭിമാനി, സമകാലികമലയാളം, പച്ചക്കുതിര, മാധ്യമം തുടങ്ങിയ ആനുകാലികങ്ങളിലും ഓൺലൈൻ അടക്കമുള്ള മറ്റു സമാന്തര പ്രസിദ്ധീകരണങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.