സംസ്ഥാനത്ത് ചൂട് കൂടുന്നു. ഏപ്രില്‍ 11 വരെ രണ്ടുഡിഗ്രി സെല്‍ഷ്യസുമുതല്‍ നാലുഡിഗ്രിവരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
പാലക്കാടാണ് ഉയർന്ന താപനിലയ്ക്ക് സാധ്യത. ഇന്ന് ജില്ലയില്‍ 41 ഡിഗ്രി വരെ താപനില ഉയരാം. കൊല്ലത്ത് താപനില 40 ഡിഗ്രിയായി ഉയരുമെന്നും മുന്നറിയിപ്പുണ്ട്. വിവിധ ജില്ലയില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയുമുണ്ട്.11 വരെ തൃശൂർ ജില്ലയില്‍ ഉയർന്ന താപനില 39 ആവും.
കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 വരെയും എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയർന്ന താപനില 37 വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36 വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോരമേഖലകള്‍ ഒഴികെയുള്ളിടങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് തന്നെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും വകുപ്പ് നിർദ്ദേശം നല്കി.പകല്‍ രാവിലെ മുതല്‍ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും വകുപ്പ് നിർദ്ദേശിക്കുന്നു. അതേസമം ചൊവ്വാഴ്ച സംസ്ഥാനത്ത് വിവിഝ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളില്‍ തിങ്കളാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച എല്ലാജില്ലയിലും നേരിയ മഴയുണ്ടാകുമെന്നാണ് പ്രവചനം.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുകയെന്നുളള നിർദ്ദേശങ്ങളും വകുപ്പ് നല്കുന്നു.