മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി ബന്ധമാരോപിച്ചു ഷാഫി പറമ്പിൽ. പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാള്‍ കൂടുതല്‍ വിമര്‍ശിച്ചത് രാഹുല്‍ ഗാന്ധിയെയാണെന്ന് യുഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.വടകര പ്രസ് ഫോറത്തില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തെ സിപിഎം ഉപയോഗിച്ചത് കോണ്‍ഗ്രസിന് എതിരെ സംസാരിക്കുന്നതിന് വേണ്ടിയാണ്. മുഖ്യമന്ത്രി നടത്തിയ രൂക്ഷവിമര്‍ശനങ്ങള്‍ എല്ലാം രാഹുല്‍ ഗാന്ധിക്കെതിരെയായിരുന്നു. മണിപ്പൂരില്‍ രാഹുല്‍ ഗാന്ധി പോയില്ലെന്ന് കളളം പറയാന്‍ പോലും മുഖ്യമന്ത്രിക്ക് മടിയുണ്ടായില്ല. സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കപ്പെട്ടിട്ടു പോലും മണിപ്പൂര്‍ സന്ദര്‍ശിച്ച വ്യക്തിയാണ് രാഹുല്‍ ഗാന്ധി.അതേസമയം ഇന്ത്യയുടെ പ്രധാനമന്ത്രിയെന്തുകൊണ്ടു അവിടെ പോയില്ലെന്ന് മുഖ്യമന്ത്രി ചോദിക്കുന്നില്ല. മോദിയുടെ പേര് പറഞ്ഞു എപ്പോഴെങ്കിലും മുഖ്യമന്ത്രി വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ സിപിഎം അതൊന്നു കാണിച്ചു തരണം. ഒരു കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബാബാ രാംദേവും അണ്ണാഹസാരെയും ബൃന്ദകാരാട്ടും അരുണ്‍ ജയ്റ്റിലിയുമൊക്കെ ഒരുമിച്ചു വേദി പങ്കിട്ട രാംലീല മൈതാനത്ത് അതെ കെജ്രിവാളിനു വേണ്ടി ജനാധിപത്യ വിരുദ്ധമായ അറസ്റ്റു നടന്നപ്പോള്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കാനെത്തി.എന്തുകൊണ്ടു കേരളാ മുഖ്യമന്ത്രി അതില്‍ പങ്കെടുത്തില്ലെന്ന് വ്യക്തമാക്കണം. രാഹുല്‍ ഗാന്ധിക്കെതിരെ സംസാരിക്കുന്ന തീവ്രത എന്തുകൊണ്ടു പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുമ്ബോള്‍ ഇല്ലാത്തതെന്നു പറയണം. അവര്‍ തമ്മിലുളള ബന്ധമാണ് ഇതുകാണിക്കുന്നത്. കേന്ദ്ര ഏജന്‍സികളും ബിജെപിയും മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നുണ്ടാവാമെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.