ഇന്ത്യയിൽ വ്യാപകമായി വിതരണം ചെയ്ത ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ ഭീമൻ ആസ്ട്രസെനക്കയുടെ കോവിഡ് വാക്സിന് കൂടുതൽ ഗുരുതര പാർശ്വഫലങ്ങൾക്ക് സാധ്യതയെന്ന് പഠന റിപ്പോർട്ടുകൾ. വാക്സിൻ ഉപയോഗിച്ചവർക്ക് ഇൻഡ്യൂസ്ഡ് ഇമ്മ്യൂൺ ത്രോംബോസൈറ്റോപീനിയ ആൻഡ് ത്രോംബോസിസ് (രക്തം കട്ടപിടിക്കുന്ന ഒരു തരം അവസ്ഥ) എന്ന രോഗമാണ് കൂടുതലായി വരാൻ സാധ്യത ഉള്ളത്. ഇന്ത്യയിൽ കോവിഷീൽഡായും യൂറോപ്പിൽ വാക്സെവ്രിയ എന്ന പേരിലുമാണ് ഈ വാക്സിൻ വിതരണം ചെയ്തത്. 2021ൽ കോവിഡ് മഹാമാരിയുടെ കൊടുമുടിയിൽ നിൽക്കെയാണ് ഈ വാക്സിൻ കമ്പനി അവതരിപ്പിച്ചത്. പിന്നാലെ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഈ വാക്സിൻ കൂടുതലായി ഇറക്കുമതി ചെയ്യുകയും ആളുകൾക്ക് ലഭ്യമാക്കുകയും ചെയ്തിരുന്നു.
2023-ൽ നടത്തിയ പ്രത്യേക ഗവേഷണത്തിൽ, കാനഡ, വടക്കേ അമേരിക്ക, ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ സമാനമായ രീതിയിൽ കണ്ടെത്തൽ നടത്തിയിരുന്നു. ഇപ്പോഴിതാ ഇപ്പോൾ ഒരു പുതിയ ഗവേഷണത്തിൽ, ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റിയും മറ്റ് അന്താരാഷ്ട്ര വിദഗ്ധരും ചേർന്നാണ് ഈ കണ്ടെത്തൽ നടത്തിയത്.ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച അവരുടെ പുതിയ ഗവേഷണ റിപ്പോർട്ടിൽ വാക്സിൻ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ പ്രാധാന്യം ഊന്നിപ്പറയുന്നുമുണ്ട്. പുതിയ പഠനത്തോടെ വാക്സിൻ സ്വീകരിച്ച കോടിക്കണക്കിന് ആളുകൾ ആശങ്കയിലാണ്. നേരത്തെ വാക്സിനുമായി ബന്ധപ്പെട്ട മറ്റൊരു നിർണായക വെളിപ്പെടുത്തൽ കമ്പനി തന്നെ നടത്തിയിരുന്നു.കോവിഷീല്‍ഡ് സ്വീകരിച്ചവർക്ക് രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി യുകെയിലെ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇന്ത്യയിൽ ഇത് വിതരണം ചെയ്തതിന് നേതൃത്വം നൽകിയത് അദർ പൂനവാലയുടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു.