ഡൽഹി: തുടര്‍ച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ടിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും കനത്ത തിരിച്ചടി. 400 പ്ലസ് സീറ്റുകള്‍ ലഭിക്കും എന്ന അവകാശവാദവുമായി ഇറങ്ങിയ എന്‍ഡിഎക്ക് 300 സീറ്റ് പോലും തികയ്ക്കാനായിട്ടില്ല. രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിലേക്ക് ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്ന് വരെ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്.ദേശീയ അംഗീകാരമുള്ള ആറ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ 744 പാര്‍ട്ടികളില്‍ നിന്ന് 8360 സ്ഥാനാര്‍ത്ഥികളാണ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 140 കോടിയിലേറെ ജനസംഖ്യയുള്ള രാജ്യത്തെ 97 കോടി വോട്ടര്‍മാരില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. 61.2 കോടി പേരാണ്. ഇതില്‍ തന്നെ 31.2 കോടി പേര് സ്ത്രീകളായിരുന്നു എന്നതും ശ്രദ്ധേയമാണ്. തുടര്‍ച്ചയായ മൂന്നാം വട്ടവും അധികാരത്തിലേറുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ഡിഎ ഇത്തവണ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. എന്നാല്‍ ബിജെപിക്കെതിരെ വിശാല ഐക്യം എന്ന ആശയത്തില്‍ രൂപീകരിക്കപ്പെട്ട ഇന്ത്യാ സഖ്യത്തിന്റെ ലേബലിലാണ് പ്രതിപക്ഷം അണിനിരന്നത്.
കേവല ഭൂരിപക്ഷം എന്ന 272 സീറ്റ് മാര്‍ജിനിലേക്ക് ആര് എത്തും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 353 സീറ്റും 44.90 ശതമാനം വോട്ടും നേടിയാണ് തുടര്‍ഭരണം സാധ്യമാക്കിയത്. അന്ന് പ്രധാന പ്രതിപക്ഷ മുന്നണിയായ യുപിഎക്ക് ലഭിച്ചത് 93 സീറ്റും 29 ശതമാനം വോട്ടുവിഹിതവുമാണ്. മറ്റുള്ളവര്‍ 97 സീറ്റും 26.10 ശതമാനം വോട്ടും സ്വന്തമാക്കി.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡിഷ എന്നീ നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടന്നിരുന്നു. അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ ഫലം ജൂണ്‍ രണ്ടിന് പുറത്ത് വന്നിരുന്നു. ആന്ധ്രാപ്രദേശിലേയും ഒഡിഷയിലേയും ഫലങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. ഇതില്‍ ആന്ധ്രയില്‍ ടിഡിപിയും ഒഡീഷയില്‍ ബി ജെ പിയും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി.