
കൊച്ചി: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ ഹൈക്കോടതിയില്‍. താനും ഭാര്യയുമായി തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് അത് പരിഹരിച്ചിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഹര്‍ജിയില്‍ രാഹുല്‍ പരയുന്നു. അതേസമയം രാഹുലിന്റെ ഹര്‍ജിയില്‍ പോലീസിന് ഹൈക്കോടതി നോട്ടീസ് അയച്ചു.ഭാര്യയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി. ഭാര്യക്കൊപ്പം ഒരുമിച്ച് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഭാര്യയുടെ സത്യവാങ്മൂലം മാനിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് രാഹുല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അതേസമയം എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാട് തേടിയിട്ടുണ്ട്.
വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയത് എന്നാണ് കഴിഞ്ഞ ദിവസം യുട്യൂബ് ചാനലിലൂടെ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. എന്നാല്‍ പെണ്‍കുട്ടി മൊഴി മാറ്റിയത് ആരുടെയോ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് വീട്ടുകാരും ആരോപിച്ചിരുന്നു.
വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് യുവതി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ അറിയിച്ചിരുന്നു.തുടര്‍ന്ന് ഡല്‍ഹിയിലേക്ക് തിരിച്ചുപോവുകയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. നിലവിലുള്ള ക്രിമിനല്‍ കേസ് മൂലം ഭാര്യയും ഭര്‍ത്താവുമായി ഒരുമിച്ച് ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും, പോലീസിന്റെ തുടര്‍ച്ചയായ ഇടപെടലിനെ തുടര്‍ന്നാണിതെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.താനും ഭാര്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പായി. തെറ്റിദ്ധാരണകള്‍ എല്ലാം മാറി. ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാനാണ് താല്‍പര്യമെന്നും രാഹുല്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം താന്‍ കേസ് പിന്‍വലിക്കുകയാണെന്ന് കാണിച്ച് യുവതി സത്യവാങ്മൂലത്തില്‍ ഒപ്പിട്ട് നല്‍കിയിട്ടുമുണ്ട്. ഇതെല്ലാം പരിഗണിച്ച് കേസ് റദ്ദാക്കണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.