കോളിംഗ് ബെല്ലിന്റെ നിർത്താതെയുള്ള ഒച്ച കേട്ടാണു ഗംഗ ഉറക്കത്തിൽ നിന്നുണർന്നത്. ആഴ്ചയിലൊരിക്കലൊരു വെള്ളിയാഴ്ച കിട്ടുന്ന ഉച്ചയുറക്കം ഇടയ്ക്ക് മുറിഞ്ഞ് പോയതിന്റെ വൈഷമ്യത്തോടെയാണു അവൾ കിടക്കയിൽ നിന്നുമെഴുന്നേറ്റത്. മോൾ ട്യൂഷനു പോയിട്ട് മടങ്ങി വരാനുള്ള സമയമായില്ലല്ലോ, പിന്നെ ഇതാരാ ഈ സമയത്ത് എന്നിങ്ങനെ പല ചിന്തകളോടെയാണവൾ വാതിൽ തുറന്നത്. വാതിൽക്കൽ ശിവനെ കണ്ടപ്പോൾ ഗംഗ തെല്ലൊന്ന് അമ്പരക്കാതിരുന്നില്ല. “ശിവാ നീ? നിന്റെ ടിക്കറ്റ് മറ്റന്നാളേക്കല്ലായിരുന്നോ? പിന്നെങ്ങിനെ ഇന്ന് ഇവിടെ?” “മാൻ പ്രൊപോസെസ്, ഗോഡ് ഡിസ്പോസെസ്” എന്നല്ലേ ഗംഗേ. “മനസിലായില്ലാ” “താമസിയാതെ നിനക്കെല്ലാം മനസിലാവും, എനിക്ക് നല്ല വിശപ്പുണ്ട്, തൽക്കാലം അതിനൊരു പരിഹാരമുണ്ടാക്കൂ, അതിനുശേഷമാവാം മറ്റ് വിശേഷങ്ങൾ. അയാൾക്ക് ആഹാരം വിളമ്പിക്കൊടുക്കുമ്പോഴും, മറ്റന്നാളത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ശിവൻ എന്തിനാണു ഒരു സൂചനപോലും നൽകാതെ ഇന്ന് വന്നതെന്നറിയാനുള്ള ആകാംക്ഷ അവളെ വിട്ടുമാറിയിരുന്നില്ലാ, അവൾ അത് അയാളുമായി പങ്കു വയ്ക്കുകയും ചെയ്തു. “ഭക്ഷണം കഴിക്കുമ്പോൾ ഒരു വാക്ക് പോലും സംസാരിക്കുകയോ, മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുകയോ ചെയ്യാത്ത ഗംഗയ്ക്കിതെന്ത് പറ്റി? എല്ലാം പറയാം, താനൊന്ന് സമാധാനമായിരിക്കൂ”. ശിവൻ പറയാനുള്ള ഭാവമില്ലെന്ന് കണ്ടപ്പോൾ തെല്ലൊരു പരിഭവത്തോടെ ഗംഗ കിച്ചണിലേക്ക് പോയി.
കിച്ചണിലെ പണികൾക്കിടയിലും അവളുടെ മനസ് മുഴുവൻ ശിവനെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. നാലു വർഷങ്ങൾക്ക് മുന്നേ ശിവന്റെ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിക്കുമ്പോൾ അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലാ ശിവൻ അവളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറുമെന്ന്. ദേവേട്ടന്റെ അപ്രതീക്ഷിത വേർപ്പാട് നൽകിയ ഷോക്കിൽ നിന്നും കരകയറാൻ ഞാൻ നന്നേ കഷ്ടപ്പെടുന്ന സമയമായിരുന്നു അത്. നാട്ടിൽ സെറ്റിലാവാൻ ബന്ധുക്കൾ ഒന്നടങ്കം നിർബ്ബന്ധിച്ചപ്പോഴും, ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിന്ന് മകളെ വളർത്തണം എന്ന ഉറച്ച തീരുമാനം നൽകിയ ബലമാണു ഈ മണലാരണ്യത്തിൽ ജോലി നേടാൻ സഹായകമായത്. തുടക്കത്തിൽ ജോലിയിൽ ഒരുപാട് മണ്ടത്തരങ്ങളും അബദ്ധങ്ങളും പറ്റിയപ്പോൾ ശിവൻ ആയിരുന്നു സപ്പോർട്ട് ചെയ്ത് താങ്ങും തണലുമായി ഒപ്പം നിന്നത്. ഓഫീസ് ചുമരുകൾക്കുള്ളിലെ ഔദ്യോഗിക ഔപചാരികതകൾക്കപ്പറം വീട്ടിലെ സ്വീകരണ മുറിയുടെ ഊഷ്മളതയിലേക്ക് ആ സൗഹൃദം വളർന്നത് വളരെ പെട്ടെന്നായിരുന്നു.
ശിവൻ അവിവാഹിതനാണെന്ന കാര്യം പിന്നെയും ഒരുപാട് നാൾ കഴിഞ്ഞാണു ഞാനറിഞ്ഞത്. പ്രാരാബ്ധങ്ങളുടെ നടുവിൽ നിന്നും പെങ്ങമ്മാരെ കെട്ടിച്ചയച്ച് ഒന്ന് നിവർന്ന് നിൽക്കാൻ തുടങ്ങിയപ്പോഴേക്കും, ആരെതിർത്താലും നിനക്കായി മരണം വരെയും കാഞ്ചനമാലയെ പോലെ കാത്തിരിക്കാമെന്ന് വാക്ക് തന്ന കാമുകിയുടെ രണ്ടാമത്തെ പ്രസവവും കഴിഞ്ഞിരുന്നു എന്ന് ഒരു തമാശമട്ടിലാണു വിവാഹത്തെ കുറിച്ചൊരിക്കൽ ചോതിച്ചപ്പോൾ ശിവൻ പറഞ്ഞത്. ശിവനു വേണ്ടി കാത്തിരിക്കാതെ വേറൊരു വിവാഹം കഴിച്ച ആ പെൺകുട്ടി ഒരു ഹതഭാഗ്യയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ കണ്ടിട്ടുള്ള പുരുഷന്മാരിൽ എന്ത് കൊണ്ടും മികച്ച ഒരു വ്യക്തിത്വമായിരുന്നു ശിവന്റേത്. ആ വ്യക്തിത്വത്തോടുള്ള ആരാധന ഞാൻ പോലുമറിയാതെ ശിവനോടുള്ള ആരാധനയായി മാറുകയായിരുന്നു. പക്ഷേ ആ ആരാധനയിൽ എന്നാണു പ്രണയത്തിന്റെ നിറക്കൂട്ടുകൾ കലർന്നതെന്ന് ഇന്നും എനിക്കറിയില്ലാ.
വളരെ കുറച്ച് വർഷങ്ങൾ മാത്രമേ ദേവേട്ടനൊപ്പം ജീവിച്ചുള്ളൂ എങ്കിലും ഈ ജന്മത്തിലൊരിക്കലും മറ്റൊരാളുടെ ഭാര്യയാവുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയുമായിരുന്നില്ലാ. ഒരുപക്ഷേ ഒരു ജന്മം കൊണ്ട് നൽകാവുന്നതിലധികം സ്നേഹം ആ കുറച്ച് വർഷങ്ങളിൽ ദേവേട്ടൻ എന്റെ മേൽ ചൊരിഞ്ഞതിനാലാവാം. അതുകൊണ്ട് തന്നെ ശിവനോട് തോന്നിയ പ്രണയം മുഴുവൻ എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ ഒരു മയിൽ പീലി കണക്കേ സൂക്ഷിച്ച് വയ്ക്കാനാണു ഞാൻ ആഗ്രഹിച്ചത്.എന്നിട്ടും എപ്പൊഴൊക്കെയോ ശിവന്റെ സാമീപ്യത്തിൽ ഞാൻ പോലുമറിയാതെ എന്നിലെ പ്രണയിനി തലപൊക്കുന്നു എന്ന് മനസിലാക്കിയപ്പോൾ ഇടനെഞ്ച് പൊട്ടുന്ന വേദനയോടെ ഞാനാ സാമീപ്യത്തെ പരമാവധി എന്നിൽ നിന്നൊഴിവാക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ ശിവന്റെ പ്രണയത്തിനു മുന്നിൽ ഗംഗയുടെ പ്രണയം പിന്നേയും പുറത്തോട്ടൊഴുകുകയായിരുന്നു
നമുക്കിടയിലുള്ള ഇഷ്ടം, സ്നേഹമാണൊ അതോ പ്രണയമാണോ എന്നൊരിക്കൽ ശിവൻ എന്നോട് ചോതിച്ചപ്പോൾ, അത് സ്നേഹവും പ്രണയവുമൊന്നുമല്ലാ സ്നേയമാണെന്ന് പറയുമ്പോഴും എന്റെ ഉള്ളുകൊണ്ട് ഒരായിരം വട്ടം ഞാൻ പറയുന്നുണ്ടായിരുന്നു, ശിവാ എനിക്ക് നിന്നോട് പ്രണയമാണെന്ന്. പ്രണയം സത്യമുള്ളതാണെങ്കിൽ എത്ര വലിയ ചങ്ങലകൾ കൊണ്ട് ചുറ്റിവരിഞ്ഞ് വച്ചാലും, എല്ലാ ചങ്ങലകളെയും പൊട്ടിച്ച് അതൊരിക്കൽ പുറത്ത് വരിക തന്നെ ചെയ്യും. ആദ്യമായി ശിവൻ അവന്റെ പ്രണയം എന്നോട് പറഞ്ഞപ്പോൾ, എന്റെ പ്രണയം ഞാനവനോട് പറയാതെ പറഞ്ഞത് സഖാവിലെ “വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായി തീർന്നിടും”. എന്ന വരികൾ അവനെ പാടികേൾപ്പിച്ചുകൊണ്ടായിരുന്നു.
സഖാവിലെ വരികൾ എനിക്ക് വേണ്ടി എഴുതിയതാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിരുന്നു. അതിൽ പറഞ്ഞത് പോലെ വരും ജന്മത്തിൽ ശിവന്റെ പെണ്ണായി തീരാനായിരുന്നു ഞാനാഗ്രഹിച്ചിരുന്നത്. ശിവനോട് കഠിനമായ പ്രണയം മനസിൽ സൂക്ഷിക്കുമ്പോഴും ദേവേട്ടനല്ലാതെ ഈ ജന്മം തനിക്കൊരു പുരുഷനുണ്ടാവില്ലാ എന്ന തീരുമാനത്തിൽ ഞാൻ ഉറച്ച് നിന്നിരുന്നു. എന്നെക്കാളും നന്നായി എന്റെ മനസിനെ തൊട്ടറിഞ്ഞിട്ടുള്ള ശിവൻ എന്നോട് പങ്കു വച്ച സ്വപ്നങ്ങളൊക്കെയും വരും ജന്മത്തെ കുറിച്ചുള്ളതായിരുന്നു. വാക്കുകൾ കൊണ്ട് പോലും പെണ്ണെ ഈ ജന്മം നിന്നെ ഞാൻ കളങ്കപ്പെടുത്തുകയില്ലാ, നിന്റെ എല്ലാ പവിത്രതയോടും കൂടി നിന്നെ പ്രണയിക്കാനാണെനിക്കിഷ്ടമെന്ന് ശിവൻ എന്നോട് പറയുമ്പോൾ എന്റെ ഉള്ളിലെ ശിവ ഭക്തി പിന്നെയും വളരുകയായിരുന്നു.
“താനവിടെ എന്തെടുക്കുവാടോ? ഇച്ചിരി വെള്ളം ചോതിച്ചിട്ട് മണിക്കൂറൊന്നായല്ലോ” ശിവൻ പറയുന്നത് കേട്ടപ്പോഴാണു ഗംഗ വർത്തമാനകാലത്തിലേക്ക് മടങ്ങിയെത്തിയത്. ഇന്നത്തെ ഭക്ഷണത്തിനു വല്ലാത്തൊരു രുചിയായിരുന്നു, അടുത്ത കാലത്തെന്നല്ലാ, എന്റെ ജീവിതത്തിലൊരിക്കലും ഇത്രയും ആസ്വദിച്ച് ഞാൻ ഭക്ഷണം കഴിച്ചിട്ടില്ലാ. നിന്റെ കയ്യിൽ നിന്നും എന്തെങ്കിലും കഴിക്കാനും, നിന്നോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനുമാണു ഈ നേരമില്ലാത്ത നേരത്തും ഞാനോടിപ്പാഞ്ഞെത്തിയത്. “ഭക്ഷണം മാത്രമല്ലാ, ഗംഗാ നീയും ഇന്ന് പതിവിലും സുന്ദരിയായിരിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് ശിവൻ ഗംഗയുടെ അടുത്തേക്ക് നീങ്ങി. തന്റെ അരികിലേക്ക് വരുന്ന ശിവന്റെ കണ്ണുകളിൽ പ്രണയത്തിനപ്പുറം മറ്റ് എന്തോ ഒന്ന് അവൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു. അവന്റെ അധരങ്ങൾ എന്തിനോ വേണ്ടി ദാഹിക്കുന്നത് അവൾ അറിഞ്ഞു. യാന്ത്രികമായി അവളുടെ ചുവടുകൾ പിന്നോട്ട് നീങ്ങി, എന്നാൽ പിന്നിലെ ചുമർ അവളെ ഇനിയും പിന്നോട്ട് പോവാനനുവദിക്കാതെ അവിടെ തടഞ്ഞു നിർത്തി. അപ്പോഴേക്കും ശിവന്റെ അധരങ്ങൾ ഒരു അധര പാനത്തിനരികിലെത്തിയിട്ടുണ്ടായിരുന്നു. ശിവനിലെ ഭാവമാറ്റം അവളെ അത്ഭുതപ്പെടുത്തി, ആദ്യമായിട്ടാ ശിവൻ ഇത്തരത്തിൽ പെരുമാറുന്നത്, അത് ഒരിക്കലും അംഗീകരിച്ച് കൊടുക്കാൻ അവൾക്കാവുമായിരുന്നില്ലാ, അതോടൊപ്പം എന്തുകൊണ്ടോ ശിവനെ എതിർക്കാനും അവൾക്ക് ശക്തിയില്ലായിരുന്നു. അവന്റെ നിശ്വാസം തന്റെ അധരങ്ങൾക്ക് കുളിർമ്മയേകുന്നത് അവളറിഞ്ഞു. ഒരു നിമിഷം അവൾ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയി, “ഇല്ലാ പെണ്ണേ, അത് തന്നെ ഞാൻ ഇപ്പോഴും പറയുന്നു, നിന്റെ എല്ലാ പരിശുദ്ധിയോടും കൂടി നിന്നെ പ്രണയിക്കാനാണെനിക്കിഷ്ടം. അതിനപ്പുറത്തേക്ക് പോവില്ലാ ശിവനീജന്മത്തിലൊരിക്കലും” എന്ന് പറഞ്ഞുകൊണ്ട് അവൻ പിന്തിരിഞ്ഞു. “നേരം ഒത്തിരി വൈകി, ഇനി ചടങ്ങുകളൊരുപാട് ബാക്കിയുണ്ട്, ഞാൻ പൊയ്ക്കോട്ടേ പെണ്ണേ” എന്നും പറഞ്ഞുകൊണ്ട് അവളെ കൂടുതലായൊന്നും സംസാരിക്കാനനുവദിക്കാതെ അവൻ പുറത്തേക്കിറങ്ങി.
തനിക്കെന്താണു പറ്റിയതെന്ന് കുറച്ച് നേരത്തേക്ക് ഗംഗയ്ക്ക് മനസിലാവുന്നുണ്ടായിരുന്നില്ലാ, ശിവനെ തനിക്കെതിർക്കാൻ കഴിയാതിരുന്നതെന്തുകൊണ്ടെന്നതിനു അവൾക്കൊരു ഉത്തരമില്ലായിരുന്നു. കുറേ നേരം അങ്ങിനെ ഓരോന്ന് ചിന്തിച്ചിരുന്നു. ഇടയ്ക്കെപ്പൊഴോ മൊബൈൽ എടുത്ത് വാട്ട്സാപ്പും ഫെയ്സ്ബുക്കും പരിശോധിക്കാൻ തുടങ്ങിയപ്പോഴാണു, ശിവനെ ടാഗ് ചെയ്തു കൊണ്ടുള്ള ആ ഫെയ്സ്ബുക്ക് പോസ്റ്റിൽ അവളുടെ കണ്ണുടക്കിയത്, “ആറ്റിങ്ങലിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട പ്രീയ സുഹൃത്ത് ശിവനു ആദരാഞ്ജലികൾ”. ഗംഗയ്ക്ക് തന്റെ കാലിനടിയിൽ ഭൂമി പൊട്ടിപ്പിളരുന്നത് പൊലെ തോന്നി. തന്റെ കാഴ്ചകളിലേതിനെ വിശ്വസിക്കണമെന്നറിയാതെ നിന്ന അവൾക്ക് ചുറ്റും ഈ ലോകം കറങ്ങുകയായിരുന്നു, ആ കറക്കത്തിനിടയിലെപ്പൊഴോ അവൾ ബോധരഹിതയായി നിലത്തേയ്ക്ക് പതിച്ചു….