വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ പോലീസിന് പ്രത്യേക നിര്‍ദ്ദേശം
മുതിര്‍ന്ന പൗരന്മാരുടെയും വയോജനങ്ങളുടെയും ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
വലിയൊരു വിഭാഗം വയോജനങ്ങള്‍ ജീവിതത്തിന്റെ സായംകാലത്ത് ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് ആരുടെയും ആശ്രയം ഇല്ലാതെ തനിയെ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വയോജനങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. അവഗണിക്കപ്പെടുന്ന വയോജനങ്ങളെ കണ്ടെത്തി വൈകാരിക പിന്തുണയും സംരക്ഷണവും ഉറപ്പാക്കാക്കുകയാണ് ലക്ഷ്യം.
കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ സഹായത്തോടെ ആരംഭിച്ച പ്രശാന്തി ഹെല്പ് ഡെസ്ക് വഴി ഒറ്റയ്ക്ക് സാമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് നിലവില്‍ പോലീസ് സഹായം ലഭ്യമാക്കുന്നുണ്ട്. ഇതിനുപുറമെയാണ് പുതിയ നടപടികള്‍. അടിയന്തിര സഹായ നമ്പറായ 112 ലേയ്ക്ക് വിളിച്ചും വയോജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം.
വയോജന സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി തൃശ്ശൂര്‍ സിറ്റിയില്‍ ആരംഭിച്ച ബെല്‍ ഓഫ് ഫെയ്ത്ത്, കോട്ടയത്ത് നടപ്പിലാക്കിയ ഹോട്ട്ലൈന്‍ ടെലഫോണ്‍ എന്നീ പദ്ധതികള്‍ മറ്റ് ജില്ലകളിലേയ്ക്ക് വ്യാപിപ്പിക്കും. എല്ലാ പോലീസ് സ്റ്റേഷനുകളിലും മുതിര്ന്നപൗരന്മാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ സൂക്ഷിക്കുകയും ആഴ്ചതോറും പുതുക്കുകയും ചെയ്യും. വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും വയോജന സൗഹൃദ പോലീസ് സ്റ്റേഷനുകളായി പ്രഖ്യാപിക്കുകയും മുതിര്‍ന്ന പൗരന്മാരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സീനിയര്‍ സിറ്റിസണ്‍ ഹെല്പ് ഡെസ്ക് സ്ഥാപിക്കുകയും ചെയ്തിരുന്നു.
POL-APP എന്ന കേരള പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലെ സീനിയര്‍ സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍, അബാന്റണ്‍ട് സീനിയര്‍ സിറ്റിസണ്‍ എന്നീ രണ്ട് പ്രത്യേക വെബ് ലിങ്കുകള്‍ വഴിയും മുതിര്‍ന്ന പൗരന്മാരുടെയും ഉപേക്ഷിക്കപ്പെട്ട വയോജനങ്ങളുടെയും വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. സീനിയര്‍ സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ എന്ന ലിങ്കുപയോഗിച്ച് പിന്തുണ ആവശ്യമുളള മുതിര്‍ന്ന പൗരന്മാരുടെ പേരും വ്യക്തിഗത വിവരങ്ങളും അദ്ദേഹം താമസിക്കുന്ന പരിധിയിലെ പോലീസ് സ്റ്റേഷന്റെ പേരും അടിയന്തിരമായി ബന്ധപ്പെടാനുളള നമ്പരും ടൈപ്പ് ചെയ്ത് നല്കിയാല് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ആവശ്യമായ സഹായം ലഭ്യമാക്കും.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്ന മുതിര്‍ന്ന പൗരന്റെ ഫോട്ടൊ എടുത്ത് പ്രസ്തുത വ്യക്തിയുടെ ഏകദേശ പ്രായവും ബന്ധപ്പെട്ട വിവരങ്ങള്‍ ഉണ്ടെങ്കില്‍ അവയും വിവരദാതാവിന്റെ ശബ്ദ സന്ദേശമുള്‍പ്പെടെ അബാന്റണ്‍ട് സീനിയര്‍ സിറ്റിസണ്‍ ലിങ്കില്‍ അപ് ലോഡ് ചെയ്താല്‍ സമര്‍പ്പിച്ച വിവരങ്ങള്‍ ഉപയോഗിച്ച് അടിയന്തിര നടപടികള്‍ കൈക്കൊളളും. കൂടാതെ കേരള പോലീസ് വെബ്സൈറ്റിലെ തുണ പോര്‍ട്ടലില്‍ മുതിര്‍ന്ന പൗരന്മാര്ക്കായി ഓണ്‍ലൈന്‍ മോഡില്‍ ഒരു പ്രത്യേക ലിങ്ക് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ മാതാപിതാക്കളുടേയും വയോജനങ്ങളടെയും ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് പോലീസ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എസ്.എച്ച്.ഒ മാരും ജനമൈത്രി ബീറ്റ് ഓഫീസര്‍മാരും തങ്ങളുടെ പരിധിയില്‍ താമസിക്കുന്ന എല്ലാ പൗരന്മാർക്കുമിടയിൽ ബീറ്റ് യോഗങ്ങള്‍, പൗരസമിതി യോഗങ്ങള്‍ എന്നിവ വഴി പ്രചരിപ്പിക്കണമെന്നും പോലീസിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിമാര്‍ ഓഗസ്റ്റ് 15, ജനുവരി 26, ഒക്ടോബര്‍ 2 എന്നീ ദിവസങ്ങളില്‍ പരമാവധി വയോജനങ്ങളുമായി കൂടിക്കാഴ്ച നടത്തണം. റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജി മാര്‍ എന്നിവരും തങ്ങളുടെ സമയമനുസരിച്ച് മുതിര്‍ന്ന പൗരന്മാരുമായി സംവദിച്ച് ക്ഷേമാന്വേഷണം നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വി പി പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടര്‍
സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍