
നിഷേധത്തിന്റെയോ, വിഷാദത്തിന്റെയോ നേരിയ മേൽപ്പുടവയാൽ
ഞാനതിനെ പലപ്പോഴായി തടഞ്ഞു നിർത്തുന്നു.
വാക്കുകളുടെ ലാവയിൽ ഉരുകിയൊലിച്ചു പോകുന്നത്
പ്രിയതരമായ സ്വപ്നങ്ങളാകയാൽ,
ഞാനൊരു കൽമതിൽ തീർക്കേണ്ടിയിരിക്കുന്നു..
അതിനുള്ളിൽ നമുക്ക് യുദ്ധം
ചെയ്യാം,ആവനാഴിയിലെ ഒടുവിലത്തെ അസ്ത്രവും
കഴിയും വരെ,,
കാണികൾ ഇല്ലാതിരിക്കട്ടെ.
കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കാനും
പന്തി ചേരാനും ആള് കൂടുമ്പോൾ
നാം ചിലപ്പോൾ സ്വാർത്ഥരായേക്കാം..
കല്ലാക്കിയ ഹൃദയവും, വിഷം പുരട്ടിയ നാവുകളുമായി
പടയോട്ടം തുടരണം നമുക്ക്…
ഒടുവിലൊരാൾ തളർന്നു വീഴും
വരെ….
വാക്‌ശരങ്ങളിൽ നാം ചിലപ്പോൾ
ഉപ്പുമലയിൽ വീണ ഒച്ചുപോലെ
പുളഞ്ഞു തീർന്നേക്കാം.
ഒടുവിൽ നീ നിന്നെയും, ഞാൻ എന്നെയും വിഷപ്പുക നിറഞ്ഞ
തീരങ്ങളിൽ ,
ഭൂതം കാലം തിരഞ്ഞു പോകുവാൻ പ്രേരിപ്പിച്ച
സന്ധിയില്ലാ യുദ്ധങ്ങളെ
മനസാ ശപിച്ചിടാം.
കൽമതിൽക്കെട്ടിനുള്ളിൽ
കൊള്ളിയാൻ വെട്ടമായെത്തുന്ന
നനുത്ത ഓർമകളെ മേഘ സന്ദേശമായി പരസ്പരം
അയച്ചു കൊണ്ട് വീണ്ടും പരിചിതരായിടാം.
യുദ്ധമുണ്ടാവാതിരിക്കില്ലിനിയും –
എങ്കിലും സന്ധികളുണ്ടാക്കാം നമുക്ക്.
എന്നിട്ട് ദിക്കുകളറിയാതെ തുഴഞ്ഞൊടുവിൽ ഒരേ തീരത്തടിഞ്ഞ ഇരു തോണികളിൽ നിന്നും ഒരു തോണിയിൽ ഒരേ കര തേടി തുഴഞ്ഞു പോകാം.
നാവിലിറ്റിക്കാനൊരു കുമ്പിൾ നീരിന്റെ കടവും പേറി…..

തിരുവനന്തപുരം കന്യാകുളങ്ങരയിൽ താമസിക്കുന്നു….. ഇപ്പോൾ മിനി മുത്തൂറ്റ് വട്ടപ്പാറ ബ്രാഞ്ചിൽ ജോലി ചെയ്യുന്നു…. എഴുത്ത് ഇഷ്ടമാണ്… ഒന്ന് രണ്ടെണ്ണം അച്ചടി മഷി പുരണ്ടിട്ടുണ്ട്. ജീവിതം അതിന്റെ ചിറകുകൾ വീശി വേഗത്തിൽ സഞ്ചരിക്കുമ്പോൾ കൂടെ എത്താനുള്ള പാച്ചിലുകളിൽ എഴുത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്നു…. എങ്കിലും ഇടക്കെപ്പോഴൊക്കെയോ ഒരു പിൻവിളിയിൽ ഞാൻ എന്റെ അക്ഷരങ്ങളെ കുരുക്കി ഇടാറുണ്ട്…..