നീ തെളിഞ്ഞു നിൽക്കുന്ന ചിരാത് കണ്ടിട്ടുണ്ടോ … പകൽ ആരും തിരിഞ്ഞു നോക്കില്ല , സന്ധ്യയ്ക്ക് പൂജാ സമയം അതിനൊരു ഭംഗിയുണ്ട് … പക്ഷേ അതൊന്നുമല്ല …
കുറ്റിരുട്ടിൽ ഒറ്റത്തിരി മാത്രം തെളിഞ്ഞ് മുനിഞ്ഞു കത്തുന്ന ചിരാതിനരികിൽ തനിച്ചിരിക്കണം … പേടി കൊണ്ട് ദേഹത്തെ ഓരോ അണുവും വിറയ്ക്കും.. ശ്വാസം പോലും നിയന്ത്രിക്കും.. ആ ചെറു നാളത്തെ അന്നേരം പ്രണയിക്കും.. ആത്മാവിലാണത് തെളിയുക.. ഒരു വഴിയുണ്ടാകും എന്ന സാന്ത്വനം പോലെ… പ്രാണനിൽ അത് പ്രതീക്ഷ പകരും .. ആശ്വസിപ്പിക്കും.. എല്ലാമെല്ലാമായി…
കണ്ണടച്ച് കിടക്കുന്ന പൊന്നുവിന്റെ മുഖഭാവം വ്യക്തമല്ല.. ഒന്നു ശാന്തമായിരിക്കാനാണ് വന്നിട്ടുണ്ടാവുക.. സങ്കടക്കെട്ടു പൊട്ടിച്ച് വിതറി ഭാരമേറിയ മനസുമായാണ് എന്നും മടക്കം.. ഞാനിങ്ങനെയാണല്ലോ .. സ്വന്തം ഭാരങ്ങൾ പങ്കു വയ്ക്കാതെ നിശബ്ദം ഇരിക്കുന്നവന് കുറച്ച് കൂടുതൽ ഭാരം നൽകുക.. അരുതെന്ന് പല തവണ തീരുമാനിച്ചിട്ടും തനിയാവർത്തനം തുടരുന്നു..
നിനക്ക് ഞാനില്ലേ പോത്തേ.. അവന്റെ ഒച്ചയ്ക്ക് വാഗ്ദാനത്തിന്റെ ഉറപ്പുണ്ട് ..നോവലിഞ്ഞ വിഷാദവും ..
ഒരു യാത്രയിൽ കൂട്ടുകൂടിയതാണ്.. ഇന്ന് എന്റെ അത്താണിയെന്ന് പറയാം. ജീവിതഭാരവും പേറി പണ്ടെന്നോ കടൽ താണ്ടിയ പ്രവാസികളിൽ ഒരാൾ .. കുഞ്ഞുപെങ്ങൻമാർക്ക് അടച്ചുറപ്പുള്ള വീടുണ്ടാക്കാൻ കടൽ കടന്ന ആങ്ങള … പിന്നെ ആവശ്യങ്ങൾ ഏറി വന്നു. പ്രവാസത്തിന്റെ ദൈർഘ്യവും .. നാട്ടിലെ ജീവിതം സ്വപ്നം കാണുന്ന മനസറിയാത്തവർ പറയുന്നുണ്ടാവാം അവനെന്തിന്റെ കുറവാണ്.. ഒരു ദീർഘ നിശ്വാസത്തോടെ അവൻ വെളിച്ചം കെടുത്തി. പിന്നെ വരാം ചേച്ചി.. സമാധാനിക്ക് .. ഞാനിവിടെ ഉണ്ട് .ഉം.. ഒന്നു മൂളി ഞാനും വെളിച്ചം കെടുത്തി കണ്ണുകൾ അടച്ചു.
മുന്നിൽ തെളിഞ്ഞ അവന്റെ ചിരിക്കുന്ന മുഖം .. തിളങ്ങുന്ന കണ്ണുകൾ.. അവന്റെ സ്വപ്നം.. ഞാനും പങ്കു ചേരുകയാണ്.. ഒരിക്കൽ നാട്ടിൽ ജീവിക്കാമെന്ന സ്വപ്നം..