അതിരാവിലെ തിരക്കിട്ട് ഫ്ലാറ്റിൽ നിന്നും ഇറങ്ങിയതാണ്.. ഷാർജാ ദുബൈ ബോർഡർ.. കമ്പനി വണ്ടി കിട്ടണമെങ്കിൽ താമസ സ്ഥലമായ ഷാർജാ അതിർത്തിയിലുള്ള ഫ്ലാറ്റിൽ നിന്ന്.. നടന്ന് ദുബൈ അതിർത്തിയിലുള്ള റോഡിലേക്കെത്തണം.. ഇന്ന് അല്‍പം വൈകിപോയിരിക്കുന്നു… ധൃതിയിൽ നടക്കുന്നതിനിടെ… ഡ്രൈവറുടെ കാൾ വരുന്നു… അത് കട്ട് ചെയ്തു.. വണ്ടിയിൽ കയറി.. നീങ്ങിത്തുടങ്ങുമ്പോൾ ഓർത്തു.. ഞായറാഴ്ചകൾ മുഷിപ്പാണു.. രണ്ട് ദിവസത്തെ അവധി കഴിഞ്ഞ് വീണ്ടും ഓഫീസുകൾ സജീവമാകുമ്പോൾ… വല്ലാത്ത ഒരു മടുപ്പാണു.. വണ്ടിയിൽ പുറത്തേക്ക് കണ്ണ് പായിച്ച്…

കാഴ്ചകളിലേക്ക് ചിന്തകൾ ലയിപ്പിക്കുമ്പോൾ.. ഫൊൺ ശബ്ദിക്കുന്നു.. വാട്സാപ്പ് മെസേജ് ആണ്.. രശ്മിയുടെ മെസേജ് ആണ്.

ഗുഡ് മോണിംഗ്..

തിരികെ ഒരു ഗുഡ് മോണിംഗ് വിട്ടു. ഇന്നലെ ആകസ്മികമായി ഷാർജാ സഹാറാ സെന്ററിൽ കറങ്ങുന്നതിനിടെയാണ്.. അവളെ കാണുന്നത്.. രണ്ട് കുട്ടികളുടെ കൂടെ.. കുട്ടികൾ അവിടെ ഓടിക്കളിക്കുകയാണ്.. അവരോടൊപ്പം ഓടി തളർന്ന് ഇരിക്കുകയാണ് രശ്മി..

ഞാൻ അവളുടെ അരികെ ഇരുന്നു.. ചെറു ചിരിയൊടെ ഞങ്ങൾ രണ്ട് പേരും ഒരുപാട് നേരം മുഖാമുഖം നോക്കി ഇരുന്നു… പിന്നെ അവൾ പറയാൻ തുടങ്ങി.. അവളും ഭർത്താവും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ഷാർജയിലാണ്.. രണ്ട് പേർക്കും ജോലി ഉണ്ട്… ഞാൻ എന്നെ പറ്റിയും പറഞ്ഞു… കല്യാണം കഴിഞ്ഞു.. ഒരു കുട്ടിയുണ്ട് നാലു വയസായി… പറഞ്ഞ് വന്നപ്പോൾ എന്റെ രണ്ട് ബിൽഡിംഗ് അടുത്താണു അവളുടെ ഫ്ലാറ്റ്.. നാളെ കാണാമെന്നും പറഞ്ഞ് ഞാൻ ഇറങ്ങി.. പോകും മുമ്പ് ഫൊൺ നമ്പർ പരസ്പരം കൈമാറി..


അന്ന് കോളേജിലേക്ക് ധൃതിയിൽ പോകുന്നതിനിടെ ബസ് സ്റ്റോപ്പിൽ വെച്ചാണ് രശ്മിയെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്… അതിനു മുമ്പെ തന്നെ ഞാൻ അവളെ കാണാറുണ്ടായിരുന്നു.. എന്റെ വീടിനു മുമ്പിലൂടെ നടന്ന് പോകുന്ന ശാലീന സുന്ദരി.. നീണ്ട മുടിയുള്ള ഗ്രാമീണ ഭംഗി മൊത്തം വിളക്കി ചേർത്ത അവളൂടെ നടത്തത്തിന്റെ താളം എന്റെ മനസിൽ എന്നോ പതിഞ്ഞതാണ്.. എന്നും അവൾ വീടിന്റെ പടി കടക്കും വരെ കാത്തിരിക്കുമായിരുന്നു… അവളുടെ പിന്നാലെയും ഒപ്പവും മുമ്പിലുമൊക്കെയായി നടന്ന് അവളുടെ ശ്രദ്ധ പിടിച്ച് പറ്റാനായി പരമാവധി ശ്രമിക്കും.. പക്ഷെ അവൾ ശ്രദ്ധിച്ചതായെ നടിക്കാറില്ലായിരുന്നു.. എങ്കിലും ഞാൻ ഒരിക്കൽ പോലും പതിവ് തെറ്റിച്ചില്ലാ… അവളെ ഒരു ദിവസം കണ്ടില്ലെങ്കിൽ കോളേജിൽ പോകാൻ പോലും തോന്നാറില്ലായിരുന്നു…

അന്ന് ആദ്യമായി ബസ്റ്റോപ്പിൽ വെച്ച് അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.. ഞാനും പുഞ്ചിരിച്ചു.. ഹൃദയമിടിപ്പിന് വേഗത കൂടി.. മനസിൽ ഒരായിരം റോസാപ്പൂമൊട്ടുകൾ വിടർന്ന് വരുന്നു… അവൾ എന്റെ അടുത്തേക്ക് വന്നു… 


‘എനിക്ക് ഒരു പത്ത് രൂപ വേണം.. ഇന്ന് ക്യാഷ് എടുക്കാൻ മറന്നു… പരിചയമുള്ള ഒരാളെ നോക്കി ഇരിക്കായിരുന്നു..’ 


‘അതിനു നമ്മൾ തമ്മിൽ പരിചമുണ്ടോ?’ ഞാൻ പുഞ്ചിരിയോടെ അവളോട് ചോദിച്ചു…’ 


മറുപടിയായി അവൾ എന്റെ പേരും കോളേജും അടക്കം എന്റെ ലഘുവിവരണം മൊത്തം പറഞ്ഞു… ഞാൻ അത്ഭുതത്തോടെ ചോദിച്ചു.. 


‘എന്നെ പറ്റി ഇത്രയൊക്കെ അറിയാമൊ? ‘


‘പിന്നെ നീ എന്റെ പിന്നാലെ കൂടിയിട്ട്… കുറെ ആയില്ലെ.. അപ്പൊ ഒരു സേർചിംഗ് നടത്തി…’ ‘അതൊക്കെ പോട്ടെ….. ക്യാഷ് താ.. അടുത്ത ബസിനു പോകണം..’ 


ഞാൻ വേഗം പേഴ്സിൽ നിന്ന് പത്തു രൂപാ എടുത്ത് അവൾക്ക് നൽകി. അപ്പോഴേക്കും ബസ് വന്നു നിന്നു… ഞാനും അതെ ബസിൽ തന്നെ കയറി… പിറകിലൂടെ കയറിയ ഞാൻ കഷ്ടപ്പെട്ട് തിക്കി തിരക്കി ബസിന്റെ മുമ്പിൽ അവളുടെ അടുത്തേക്ക് ചെന്നു.. 


‘പേരെന്താ..?’ 


‘പേരറിയാതെ ആണൊ പിന്നാലെ നടന്നത്… ഇത്രയും കാലം !.. എന്റെ പേര് രശ്മി’ അവൾ പതിയെ അടക്കത്തിൽ പറഞ്ഞു..


‘ആരാ എന്നെ പറ്റി പറഞ്ഞു തന്നത് ?’ ഞാൻ ചോദിച്ചു.. 


‘നിന്റെ കൂടെ പടിക്കുന്ന അഖില എന്റെ കസിനാണ്..’ നീ പിറകെ നടക്കുന്ന കാര്യം എല്ലാം ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്.. അതും പറഞ്ഞ് അവൾ ചിരിച്ചു…എന്നാലെ പിന്നെ കാണാം.. ആൾക്കാർ ശ്രദ്ധിക്കുന്നു… മോൻ പോയി ബാക്കിൽക്ക് നിന്നേ…’ 


അതും പറഞ്ഞ് അവൾ ഒഴിവ് വന്ന സീറ്റിൽ ഇരുന്നു… ഞാൻ അവിടെ തന്നെ നിന്നു.. ഇടക്കിടെ എന്നെ അവൾ തിരിഞ്ഞ് നോക്കും.. കുസൃതിയോടെ… കണ്ണും കണ്ണും കഥ പറഞ്ഞു.. പ്രണയിക്കുകയായിരുന്നു..

അവളുടെ ബസ് സ്റ്റോപ് ആണ്.. ആദ്യം.. അവൾ ഇറങ്ങിയതും ഞാനും കൂടെ ഇറങ്ങി.. അവൾ കുറച്ച് നടന്ന് തുടങ്ങിയ ശേഷം ഞാനും പിറകെ കൂടി.. 


‘രശ്മീ… ഇന്ന് രണ്ടാം ശനി അല്ലെ… സ്പെഷ്യൽ ക്ലാസ് ആണൊ?


‘അതെ.. മോനെന്തിനാ ഈ സ്റ്റോപ്പിൽ ഇറങ്ങിയെ..’ ആൾക്കാരെ കൊണ്ട് പറയിപ്പിച്ചേ അടങ്ങൂന്ന് ആണൊ?.., രണ്ടാം ശനി ആയിട്ട് നീ എവിടേക്കാ? അവൾ എന്നോട് ചോദിച്ചു


‘ആർട്സ് ഡേ അല്ലെ.. റിഹേഴ്സൽ ഉണ്ട്…’ ഞാൻ പറഞ്ഞു


അവൾ തിരിഞ്ഞ് നോക്കിയപ്പോൾ അവളുടെ ടീച്ചർ വരുന്നത് കണ്ടു.. അവൾ എന്നൊട് പോകാൻ പറഞ്ഞു… അന്ന് ഞങ്ങൾ അങ്ങെനെ പിരിഞ്ഞു.. അവിടെ ഒരു മനോഹരമായ ഒരു പ്രണയ ബന്ധം തുടങ്ങുകയായിരുന്നു…

അവൾ അന്ന് പ്ലസ്ടു ആയിരുന്നു… എല്ലാത്തിനും എനിക്ക് ഒത്താശയായി എന്റെ ക്ലാസ് മേറ്റും അടുത്ത ഫ്രണ്ടുമായ അഖില ഉണ്ടായിരുന്നു.. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളായിരുന്നു..

പ്ലസ്ടുവിനു ശേഷം രശ്മിക്ക് ഞങ്ങളുടെ കോളേജിൽ തന്നെ അഡ്മിഷൻ ശരിയായീ.. അത് പിന്നെ ഞങ്ങൾക്ക് സമ്മനിച്ചത് ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിന്റെ സുന്ദരമായ നാളുകൾ ആയിരുന്നു…

വാട്സാപ്പും ഫേസ്ബുക്കും വിനിമയോപാധി ആകും മുമ്പ് അന്ന് അക്കാലത്ത് ഞങ്ങൾക്ക് കത്തുകളും ലാന്റ് ഫോണുകളുമായിരുന്നു മാർഗങ്ങൾ.. പ്രണയത്തിന്റെ തീക്ഷ്ണമായ നാളുകളിൽ ഒരിക്കൽ പോലും ഞങ്ങൾ ഞങ്ങളുടെ പ്രണയത്തിന്റെ പര്യവസാനത്തെ പറ്റി ചിന്തിക്കുകയുണ്ടായില്ലാ.. രശ്മിയുടെ അമ്മയുമായും അച്ചനുമായും അമ്മയുമായും അനിയത്തിയുമായും ഒക്കെ എനിക്ക് നല്ല ബന്ധമായിരുന്നു…

കാലം കടന്ന് പോയത് പെട്ടെന്നായിരുന്നു.. രശ്മി രണ്ടാം വർഷത്തിലേക്ക് കടന്നപ്പോഴേക്കും.. എന്റെ ഡിഗ്രി പഠനം അവസാനിക്കുകയായിരുന്നു.. പി.ജി.ക്ക് കൊളേജിൽ ചേരാൻ ആഗ്രഹം ഉണ്ടായിട്ടും ജീവിത പ്രതിസന്ധി എന്നെ ഒരു തൊഴിലിൽ ഏർപ്പെടുവാനായിരുന്നു നിയോഗിച്ചത്… എങ്കിലും ഞങ്ങളുടെ പ്രണയം ഒരിക്കലും വേർപ്പെടാനാകാത്ത വിധം ദൃഢമായി തന്നെ നിന്നു… ഞങ്ങളുടെ പ്രണയം ദിവ്യമായിരുന്നു.. മനസ് കൊണ്ട് അത്രയും അഗാധമായി അലിഞ്ഞ് ചേർന്നതായിരുന്നു.. ഒരിക്കൽ പോലും സ്പർശന സുഖം പങ്ക് വെക്കാൻ ഞങ്ങൾ ശ്രമിച്ചില്ല.. ഒന്ന് കാണുക.. സംസാരിക്കുക.. അത് തന്നെ വല്ലാത്ത ഒരു അനുഭൂതി ആയിരിന്നു…

അപ്രതീക്ഷിതമായാണ്.. അത് സംഭവിച്ചത്.. എനിക്ക് ഗൾഫിലേക്ക് ഒരു വിസ വന്നു.. പോകാൻ ഒട്ടും താല്പര്യമില്ലായിരുന്നു.. വീട്ടിലെ അവസ്ഥയും.. രശ്മിയും എന്റെ ഉമ്മയുടെയും ഉപ്പയുടെയും രശ്മിയുടെ അമ്മയുടെയും ഒക്കെ നിർബന്ധം ആയപ്പോൾ.. അനിവാര്യമായ എന്റെ പ്രവാസ കാലം ആരംഭിക്കുകയായിരുന്നു… അത് എനിക്ക് താങ്ങാനാവാത്ത ഹൃദയ വേദന തന്നു കൊണ്ടെ ഇരുന്നു.. ഒരു ആഴ്ച കഴിഞ്ഞപ്പോൾ രശ്മിക്ക് വിവാഹാലോചന വന്നതായ് അറിഞ്ഞു… പിന്നെ എനിക്ക് അവളെ ബന്ധപ്പെടാന്‍ സാധിച്ചില്ലാ… പിന്നീട് അറിഞ്ഞു.. അവളുടെ കല്യാണം കഴിഞ്ഞു… ഭർത്താവിന്റെ കൂടെ ദുബൈയിൽ സെറ്റിൽ ആയി എന്ന്.. ആ ഓർമ അങ്ങെനെ മാഞ്ഞു പോവാതെ കിടക്കുന്നു..

നാലു വർഷത്തിനപ്പുറം ഞാനും വിവാഹിതനായി.. പെണ്ണ്‌ കാണാൻ ചെന്നപ്പൊൾ ഞാൻ രശ്മിയെ കുറിച്ച് എന്റെ ഭാര്യയൊട് തുറന്നു പറഞ്ഞു.. എന്റെ സത്യസന്ധത അവൾക്ക് ബോധിച്ചു കാണണം അവൾ വിവാഹത്തിനു സമ്മതിച്ചു…. ഇന്ന്‌ ഇത് വരെ സസന്തോഷം കഴിയുന്നു.. 


വീണ്ടും മെസേജുകളിലേക്ക് നോക്കി… ‘ഇന്ന് വരില്ലെ..?’ രശ്മി ചോദിക്കുന്നു… 


‘തീർച്ചയായും…’ ഞാൻ മറുപടി നൽകി


‘ഇപ്പോൾ എവിടെയാണു.. ഓഫീസിലെത്തിയൊ… ഇന്ന് ഹസ് കൂടെ ഉണ്ടാകുമൊ? ഞാൻ വീണ്ടും മെസേജ് അയച്ചു. 

‘ഞാൻ ഓഫീസിലെത്തി..’ ഹസ് ഉണ്ടാകില്ലാ കൂടെ കണ്ണിറുക്കി കാട്ടുന്ന ഒരു സ്മൈലിയും ചേർത്ത് അവൾ വിട്ടു.

.‘ശരി.. വൈകിട്ട് കാണാം ബൈ സീ യു’.. 


‘സി… യു…’


ഓഫീസിൽ നിന്ന് എത്തി.. 6 മണി ആയപ്പോൾ ഞാൻ സഹാറാ സെന്ററിൽ എത്തി… ഇന്നലത്തെ അതെ സ്ഥലത്ത് അവളിരിപ്പുണ്ട്… ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നു.. പണ്ടത്തെ നാടൻ പെൺകുട്ടി അല്ലാ.. ആകെ മോഡേൺ ആണ്..

ഞാൻ വരുന്നത് കണ്ട അവൾ എന്റെ അടുത്തേക്ക് വന്നു.. മാളിന്റെ മുകളിലെ നിലയിൽ കുട്ടികളുടെ പാർക്കിനടുത്താണു.. ഞങ്ങൾ അധികം വെളിച്ചമില്ലാത്ത ഒരു സ്ഥലത്തേക്ക് ഞങ്ങൾ നീങ്ങി.. അവൾ അവളുടെ ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ പറഞ്ഞു.. തുടങ്ങി.. സംസാരിച്ച് കൊണ്ട് അവൾ എന്നോട് ചേർന്നു വരുന്നു… വേണ്ടാ എന്ന് പറയാൻ തോന്നിയെങ്കിലും ഞാനും അവളോട് ചേർന്നു നിന്നു.. ഒരുപാട് സംസാരിച്ചു… കുറെ കരഞ്ഞു..

നീണ്ട മൗനത്തിലായിരുന്നു ഞാൻ പലപ്പോഴും..  ഒരു മായിക വലയത്തിൽ ഞങ്ങളലിയുകയായിരുന്നു.. അവളെൻ കരവലയത്തിൽ അമരുകയായിരുന്നു… സംഭവിക്കുന്നതെന്തന്നറിയാതെ.. ഞങ്ങൾ അതിലകപ്പെടുകയായിരുന്നു ഒരു നഷ്ട വിരഹത്തിനു വിരാമം കുറിക്കുകയായിരുന്നു..


പിന്നീട് ഈ കൂടിക്കാഴ്ചകൾ ഒരു പതിവായി… രശ്മി എപ്പോഴും മെസേജുകൾ അയക്കും.. ഞാനും… എന്നും കാണും.. പുതിയ ഒരു തലത്തിലേക്ക് ഈ ബന്ധം കടക്കുകയായിരുന്നു…

  സംസാരത്തിലൊതുങ്ങുമായിരുന്ന.. ഞങ്ങളുടെ കൂടിക്കാഴ്ചകൾ.. ശാരീരിക സ്പർശനത്തിലേക്ക് നീങ്ങാൻ തുടങ്ങി… രശ്മി ഈയിടെ… കുറെ ഇല്ലാ കുറ്റങ്ങൾ അവളുടെ ഭർത്താവിനെ പറ്റി പറയാൻ തുടങ്ങി… എനിക്കും ഇത് വരെ ആത്മാർത്ഥമായും സത്യ സന്ധമായും എന്നെ സ്നേഹിച്ച എന്റെ ഭാര്യക്ക് കുറെയേറെ കുറവുകൾ കണ്ടെത്താൻ പറ്റി… മനസ് ഓരോ രാത്രികളിലും കിടക്കാനൊരുങ്ങുമ്പോൾ… എന്നെ കീറി മുറിക്കാൻ തുടങ്ങി…

അങ്ങെനെയാണ്.. എനിക്ക് പിഴച്ചു തുടങ്ങുകയായിരുന്നു..  

ആയിടക്കാണ് രശ്മിയുടെ ഭർത്താവിന്റെ ജോലി നഷ്ടമാകുന്നത്… അവർ മക്കളെ നാട്ടിലെ സ്കൂളിൽ ചേർക്കാൻ തീരുമാനിക്കുന്നു… രശ്മിയുടെ ഭർത്താവ് നാട്ടിലേക്ക് കുട്ടികളെയും കൊണ്ട് പോയി.. അതോടെ ഞങ്ങൾക്കിടയിലെ അവശേഷിച്ച മറയും നീങ്ങാൻ തുടങ്ങുകയായിരുന്നു… 

മനസിൽ ഉണ്ടായിത്തുടങ്ങുന്ന കുറ്റബോധത്തിൻ  അലയൊലി ഓരോ ദിനവും കുറഞ്ഞു വരുന്നതായ് ഞാനറിഞ്ഞു… കണ്ണാടി നോക്കുമ്പോൾ എന്റെ മുഖത്ത് ഇരുട്ടിന്റെ കറ പുരളുന്നതായും അത് കൂടി കൂടി വരുന്നതായും ഞാനറിഞ്ഞു.. ഞങ്ങളുടെ കാഴ്ച മങ്ങി.. ഞാനും അവളും തീരാ കയത്തിലേക്ക് മുങ്ങിത്താഴുമ്പോഴും ഞങ്ങൾ ചിരിച്ചുല്ലസിക്കുകയായിരുന്നു…

ഒരു പ്രണായാദ്ര രാത്രിയുടെ സുരഭിലയാമത്തിൽ ഉറക്കിന്റെ ആഴത്തിൽ ഞാനൊരു പുഴക്കരയിൽ നിൽക്കുകയാണ്.. ഉടനെ എങ്ങു നിന്നോ ഒരു മാൻ കിടാവിന്റെ തേങ്ങൽ… അവിടെ ഹൃദയം പിളർന്ന് കിടക്കുന്ന ഒരു മാൻ… അതിന്റെ നെഞ്ചിലേക്ക് ആരൊ കഠാര താഴ്ത്തിയിരിക്കുന്നു… നിങ്ങളാണത് ചെയ്തത്… നിങ്ങളാണ്… രണ്ട് കുഞ്ഞുങ്ങൾ ഒരേ സമയം തന്റെ നേരെ നോക്കി ആക്രോശിക്കുന്നു… കുറച്ച് മാറി ഒരു പഞ്ചവർണക്കിളി… കരഞ്ഞു കേയുന്നു… അതിന്റെ ചിറകിനു കീഴിൽ ഒരു കുഞ്ഞു കിളി.. തന്നെ ദൈന്യമായി നോക്കുന്നു…. ഞാനല്ലാ എന്ന് പറഞ്ഞ് അലറിക്കരഞ്ഞു… ഞാൻ ഓടി…

ഞെട്ടി വിയർത്തു ഉറക്കിൽ നിന്ന് ഉണർന്നപ്പോൾ… രശ്മി എന്നെ ചേർത്ത് പിടിച്ച് പറഞ്ഞു…. സ്വപ്നമാണ്… അവളും കരയുന്നുണ്ടായിരുന്നു….


‘രശ്മീ…. നമുക്കിത് നിർത്താം…’ നമ്മെ സ്നേഹിക്കുന്നവർക്ക് വേണ്ടി..


‘നിർത്താം.. നമുക്കിത് നിർത്താം…’ അവളും മന്ത്രം പോലെ ഏറ്റു പറഞ്ഞു..


ഞാൻ അവിടെ നിന്നിറങ്ങി… രശ്മി എന്റെ കൂടെ വന്നു… ഞാൻ ഒന്നു കൂടി അവളെ നോക്കി.. പിന്നെ നടന്നു.. ഇടക്കിടെ തിരിഞ്ഞു നോക്കി കൊണ്ട് നടന്നു… സമയം നോക്കി 3 മണി… റൂമിൽ പോയി കിടന്നു.. 

ഒരാഴ്ച കഴിഞ്ഞു.. ഞാനും രശ്മിയും കണ്ടില്ലാ.. വിളിച്ചില്ലാ.. മെസേജ് അയച്ചില്ലാ.. അന്ന് ഞാൻ ഭാര്യയെ വിളിച്ചു… അടുത്ത ഞായറാഴ്ച പോരാൻ തയ്യാറായിക്കൊ… നിനക്കും മോൾക്കുമുള്ള ടിക്കറ്റും വിസയും റെഡി… ഭാര്യയുടെ സന്തോഷത്തിനതിരില്ലായിരുന്നു…

പിന്നീട് ഒരു ദിവസം മകളെയും ഭാര്യയേയും കൊണ്ട്.. സഹാറാ സെന്ററിൽ കറങ്ങുമ്പോഴായിരുന്നു.. രശ്മിയും ഭർത്താവും കുട്ടികളും എതിരെ വരുന്നു.. 


‘ഹായ്.. രശ്മീ…’ ഞാൻ വിളിച്ചു.’


‘ഹായ്…’ അവളും പ്രതിവചിച്ചു..

‘എട്ടാ ഇതാണ് ഞാൻ പറഞ്ഞിട്ടില്ലെ എന്റെ …..’ രശ്മി അവളുടെ ഭർത്താവിനെ ചൂണ്ടി എന്നെ പരിചയപ്പെടുത്തുകയായിരുന്നു..

അവൾ മുഴുമിപ്പിക്കും മുമ്പെ രശ്മിയുടെ ഭർത്താവ് എന്റെ കൈ കവർന്നു…

 
‘ഹായ് …’ഞാനും ഏറ്റ് പറഞ്ഞു.. ‘ഹായ്..’


എന്റെ ഭാര്യ.. ‘ഇതാണൊ ഇക്കാ രശ്മി ചേച്ചീ..’ എന്ന് എന്നെ നോക്കി ചോദിച്ചു.. 


എന്നിട്ട് അവൾ രശ്മിയെ ആലിംഗനം ചെയ്തു…പരസ്പരം കരവലയത്തിലമരുമ്പോൾ രശ്മിയുടെ ചെവിയിൽ  എന്റെ ഭാര്യ മെല്ലെ പറഞ്ഞു… 


‘താങ്ക് യു ചേച്ചീ…’ രശ്മി എന്നെ നോക്കി… 


ഞാൻ രശ്മിയേയും ഭാര്യയെയും നോക്കി.. രണ്ട് പേരുടെയും കണ്ണ് നിറഞ്ഞിരുന്നു..

… ഉമർ അലി പൂളമംഗലം….


മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് പൂളമംഗലം എന്ന ഗ്രാമമാണ് ജന്മ സ്ഥലം.. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം
ഇപ്പോൾ യു എ ഇ യിലെ ദുബൈയിൽ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു…